|    Nov 20 Tue, 2018 8:56 pm
FLASH NEWS
Home   >  National   >  

കാണാതായ കശ്മീരി വിദ്യാര്‍ഥി ഐഎസില്‍ ചേര്‍ന്നെന്ന് സോഷ്യല്‍ മീഡിയ; ചേര്‍ന്നത് ഹിസ്ബുല്‍ മുജാഹിദീനിലെന്ന് ഡിജിപി, തങ്ങള്‍ക്കൊന്നുമറിയില്ലെന്ന് ശ്രീനഗര്‍ പോലിസ്

Published : 3rd November 2018 | Posted By: mtp rafeek

ശ്രീനഗര്‍: ഗ്രേറ്റര്‍ നോയ്ഡയിലെ ശാര്‍ദ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കാണാതായ കശ്മീരി വിദ്യാര്‍ഥി ഇഹ്്തിശാം ബിലാല്‍ എവിടെ എന്നതിനെക്കുറിച്ച് ദുരൂഹത തുടരുന്നു. ഇഹ്തിശാം ഇസ്്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ജമ്മു കശ്മീരില്‍ ചേര്‍ന്നതായി സോഷ്യല്‍ മീഡിയയിലെ ചില പോസ്റ്റുകള്‍ അവകാശപ്പെടുമ്പോള്‍ ഹിസ്്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്നുവെന്നാണ് ജമ്മു കശ്മീര്‍ പോലിസ് മേധാവി പറയുന്നത്. എന്നാല്‍, ഇഹ്്തിശാം ശ്രീനഗറിലെത്തിയതിനെ കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്ന് പ്രാദേശിക പോലിസും വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 28ന് ഇഹ്തിശാം ശ്രീഗറില്‍ എത്തിയെന്ന് കരുതാന്‍ കാരണങ്ങളുണ്ടെന്ന് ജമ്മു കശ്മീര്‍ പോലിസ് ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. ഇഹ്തിശാം ഹിസ്ബൂല്‍ മുജാഹിദീനില്‍ ചേര്‍ന്നതായാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്കില്‍ ഇഹ്തിശാമിന്റെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കിയ ഐഡിയുണ്ട്. എന്നാല്‍, അത് ഇഹ്തിശാം തന്നെയാണോ എന്ന് പരിശോധിച്ചുവരികയാണ്. ഒക്ടോബര്‍ 28ന് ശ്രീനഗറില്‍ എത്തിയ ഉടനെ അവന്‍ ഹിസ്്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്നതായാണ് കരുതുന്നതെന്നും അദ്ദേഹം പഖഞ്ഞു.

ഒക്ടോബര്‍ 28ന് വൈകന്നേരം 21 വയസുള്ള തന്റെ മകനുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പിതാവ് ബിലാല്‍ അഹ്്മദ് സോഫി സ്ഥിരീകരിച്ചു. ഇഹ്്തിശാം ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നാണോ വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ താന്‍ അങ്ങോട്ട് വിളിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കാവുന്ന അവസ്ഥയിലല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം, ശ്രീനഗര്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ ചുമതലയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇഹ്്തിശാം വിമാനത്താവളത്തില്‍ എത്തിയതിനെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ്. കാണാതായ വിദ്യാര്‍ഥി ന്യൂഡല്‍ഹിയില്‍ നിന്ന് ശ്രീനഗറില്‍ എത്തിയോ എന്നതിനെക്കുറിച്ച് ആരും തങ്ങളോട് അന്വേഷിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു.

അതിനിടെ, ഇഹ്്തിശാം ജമ്മു കശ്മീര്‍ ഐഎസില്‍(ഐസ്‌ജെകെ) ചേര്‍ന്നതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഹിസ്്ബുല്‍ മുജാഹിദീനോ ഐസ്‌ജെകെയോ ഇതേക്കുറിച്ച് പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. ഇഹ്്തിശാമിന്റെ ബാക്ക്ഗ്രൗണ്ടില്‍ ഐഎസ് ബാനറോട് കൂടിയുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ചും പരിശോധിച്ചു വരികയാണെന്നും പോലിസ് അറിയിച്ചു.

ഒക്ടോബര്‍ 28ന് ഹോസ്റ്റലില്‍ നിന്നാണ് ഇഹ്്തിശാം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്. ന്യൂഡല്‍ഹിയില്‍ സുഹൃത്തിനെ കാണാന്‍ പോവുന്നതായി റൂം മേറ്റിനോടും ബന്ധുവിനോടും പറഞ്ഞിരുന്നതായി പറയപ്പെടുന്നു. ഇഹ്്തിശാം പിതാവിനോട് 1000 രൂപ ആവശ്യപ്പെട്ടിരുന്നതായും ബാങ്ക് അക്കൗണ്ടില്‍ നിന്ന് 400 രൂപ പിന്‍വലിച്ചിരുന്നതായും റിപോര്‍ട്ടുണ്ട്.

ഒക്ടോബര്‍ 4ന് ശാര്‍ദ യൂനിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളും അഫ്ഗാന്‍ വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇഹ്്തിശാം അഫ്ഗാന്‍കാരനാണന്ന്് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അവനെ ആക്രമിച്ചിരുന്നു. മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി ബിരുദ വിദ്യാര്‍ഥിയാണ് ഇഹ്്തിശാം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സമാനമായ സാഹചര്യത്തില്‍ ഡല്‍ഹി ജെഎന്‍യു യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കാണാതായ നജീബ് അഹ്്മദ് എന്ന വിദ്യാര്‍ഥിയെക്കുറിച്ച് ഇനിയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നജീബും ഐഎസില്‍ ചേര്‍ന്നതായി പ്രചരണങ്ങളുണ്ടായിരുന്നു. എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തിന് പിന്നാലെ 2016 ഒക്ടോബര്‍ 15നാണ് നജീബിനെ കാണാതായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss