|    Nov 16 Fri, 2018 10:15 pm
FLASH NEWS
Home   >  Kerala   >  

സര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ; ബിജെപി നേതാവിന്റെ വിദ്വേഷ പ്രചരണത്തിനെതിരേ ശാരദക്കുട്ടി

Published : 11th August 2018 | Posted By: afsal ph

ഉഗ്രവിഷസര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ; അവരുടേത് പാഴ്ജന്മങ്ങളല്ല. പ്രളയക്കെടുതിയില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന ട്വീറ്റുമായെത്തിയ ബിജെപി നേതാവ് ടി ജി മോഹന്‍ദാസിന് എഴുത്തുകാരി എസ് ശാരദക്കുട്ടി നല്‍കിയ മറുപടിയാണിത്. ‘ജന്തു നിയമം പോലും അതാണെന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോള്‍ ആ പ്രകൃതി നിയമമൊക്കെ ഓര്‍ത്തിട്ടാണ്, അതു കൊണ്ട് മാത്രമാണ്, മിസ്റ്റര്‍ ടി ജി മോഹന്‍ദാസ് നിങ്ങളോട് ക്ഷമിക്കുന്നത്. കരദേവതമാരായതുകൊണ്ടല്ല. തക്ക ഭാഷ പറയാന്‍ അറിയാഞ്ഞിട്ടുമല്ല’ ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
അഞ്ചുതവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി ജനങ്ങള്‍ക്കു വേണ്ടി ചെയ്ത മൂന്നു കാര്യങ്ങള്‍ എന്താണെന്ന് ടിജി മോഹന്‍ ദാസ് ട്വീറ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ വഴി ഇതിനു മുമ്പും ഇയാള്‍ നിരവധി തവണ വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയിട്ടുണ്ട്. ഇതിനെതിരേയായിരുന്നു ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ശാരദക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്:-

ടി. ജി. മോഹന്‍ ദാസ്,
താങ്കള്‍ കൃഷ്ണഗാഥ എന്നു കേട്ടിട്ടുണ്ടോ. ഹിന്ദുക്കളൊക്കെ പണ്ടേ വായിക്കുന്ന ഒരു പുസ്തകമാണ്. അതിലെ ഖാണ്ഡവ ദാഹമെന്ന ഖണ്ഡത്തില്‍ 200 ാ മത്തെ വരിയില്‍ ഒരു കാര്യം പറയുന്നുണ്ട്. തെരഞ്ഞു പിടിച്ചു വായിക്കുന്ന ശീലമുള്ളവരായതുകൊണ്ടാണ് കൃത്യമായി വരി പറഞ്ഞു തന്നത് . എടുത്തൊന്നു വായിക്കൂ..
‘സാമാന്യനായൊരു വൈരി വരുന്നേരം
വാമന്മാര്‍ തങ്ങളില്‍ ചേര്‍ന്നു ഞായം’ എന്നാണാ വരി. പൊതുവായ ഒരു ശത്രുവരുമ്പോള്‍ ഉള്ളിലുള്ളവര്‍ ചെറിയ വൈരമൊക്കെ മറന്ന് ഒന്നിക്കും. ഖാണ്ഡവ വനം കത്തിയെരിയുകയാണ്. ജീവജാലങ്ങള്‍ പരിഭ്രാന്തരായി പരക്കം പായുന്നു.
ഓടി വരുന്നൊരു വന്‍ തീയെക്കണ്ടിട്ട് പുലിയും മാന്‍കുട്ടിയും ആനയും സിംഹവും വൈരം മറന്നു കൈകോര്‍ക്കുന്നു. പശുക്കുട്ടികളെ പുലികള്‍ ചേര്‍ത്തു പിടിക്കുന്നു. തീയെ ചെറുക്കുവാന്‍ സര്‍പ്പങ്ങള്‍ തങ്ങളുടെ പത്തി വിടര്‍ത്തുന്നതിനടുത്ത് തൊട്ടടുത്തു തന്നെ നിന്ന് മയിലുകള്‍ പീലി വിടര്‍ത്തി പ്രകൃതിദുരന്തത്തെ ചെറുക്കുന്നുണ്ട്.
ഉഗ്രവിഷസര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ. രക്ഷിക്കാനും രക്ഷപ്പെടാനും നോക്കുകയേയുള്ളു. അവരുടേത് പാഴ്ജന്മങ്ങളല്ല.
ജന്തു നിയമം പോലും അതാണെന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോള്‍ ആ പ്രകൃതി നിയമമൊക്കെ ഓര്‍ത്തിട്ടാണ്, അതു കൊണ്ട് മാത്രമാണ്, മിസ്റ്റര്‍ ടി ജി മോഹന്‍ദാസ് നിങ്ങളോട് ക്ഷമിക്കുന്നത്. കരദേവതമാരായതുകൊണ്ടല്ല. തക്ക ഭാഷ പറയാന്‍ അറിയാഞ്ഞിട്ടുമല്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss