|    Dec 10 Mon, 2018 12:03 am
FLASH NEWS
Home   >  Kerala   >  

എം ഐ ഷാനവാസ്: വിടവാങ്ങിയത് പകരക്കാരനില്ലാത്ത തിരുത്തല്‍വാദി

Published : 21st November 2018 | Posted By: basheer pamburuthi

 

കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരളഘടകത്തിനു എം ഐ ഷാനവാസിലൂടെ നഷ്ടമായത് വെറുമൊരു നേതാവിനെയല്ല, മറിച്ച് പാര്‍ട്ടിയിലെ കൊള്ളരുതായ്മകള്‍ക്കെതിരേ ചെറുത്തുനില്‍പുമായി വന്ന തിരുത്തല്‍ വാദിയെ കൂടിയായിരുന്നു. കോണ്‍ഗ്രസുകാര്‍ ആദരവും സ്‌നേഹവും കൊണ്ട് ലീഡര്‍ എന്നു വിളിക്കുന്ന കെ കരുണാകരന്റെ അപ്രമാദിത്തകാലത്താണ് അദ്ദേഹത്തിനെതിരേ തിരുത്തല്‍വാദവുമായി ഷാനവാസ് ചെറുത്തുനിന്നത് എന്ന് ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്ക് അല്‍ഭുതമായിരിക്കും. ലീഡറുടെ കൈ പിടിച്ച് 1983ല്‍ കെപിസിസി സെക്രട്ടറിയായി സംസ്ഥാന രാഷ്ട്രീയത്തില്‍ വരവറിയിച്ച ഷാനവാസ് തന്നെയാണ് പിന്നീട് അതേ ലീഡര്‍ക്കെതിരേ കൊട്ടാരവിപ്ലവത്തിനു നേതൃത്വം നല്‍കിയത്. ലീഡറുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ഷാനവാസ് കെ മുരളീധരന്റെ വരവോടെയാണ് കരുണാകരനുമായി അക്‌നനുതുടങ്ങിയത്. അരുമശിഷ്യന്‍മാരെയൊക്കെ തഴഞ്ഞ് ലീഡര്‍ തന്റെ മകനെ പിന്‍ഗാമിയാക്കുമെന്ന് ഉറപ്പായതോടെ ഷാനവാസ് തിരുത്തല്‍വാദികളുടെ നേതാവായി മാറി. രമേശ് ചെന്നിത്തലയ്ക്കും അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനുമൊപ്പം ഐ ഗ്രൂപ്പിലെ യുവ ത്രിമൂര്‍ത്തികളായി കരുണാകരധാര്‍ഷ്ട്യത്തെ ചോദ്യംചെയ്തു. മകന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കു തയ്യാറാവാതിരന്ന കരുണാകരന്‍ എ ഗ്രൂപ്പ് കുടുംബകാര്യമാക്കി മാറ്റിയതോടെ മുന്നാം ഗ്രൂപ്പിന്റെ നാവും കരുത്തുമായി ഷാനവാസ് തിളങ്ങി. ചെന്നിത്തലയും കൂട്ടരും ലീഡര്‍ക്കൊപ്പം തിരിച്ചുപോയെങ്കിലും ഷാനവാസ് എ കെ ആന്റണിക്കൊപ്പം എ ഗ്രൂപ്പിലേക്ക് ചേക്കേറി. പിന്നീട് ഒരു പതിറ്റാണ്ട് കാലം ശക്തരായ കരുണാകരനും മുരളീധരനുമെതിരേ നിലകൊണ്ടത് ഷാനവാസായിരുന്നു. എ ഗ്രുപ്പ് ഉമ്മന്‍ചാണ്ടിയുടെ കൈയിലെത്തിയതോടെ വീണ്ടും തിരിച്ചെത്തി രമേശ് ചെന്നിത്തലയോടൊപ്പമായി തന്ത്രങ്ങള്‍ മെനയല്‍. പാര്‍ലിമെന്ററി ജീവിതത്തോട് താല്‍പര്യം പ്രകടിപ്പിക്കാതിരുന്ന ഷാനവാസിന് ഈസി വാക്കോവറായി വയനാട് നല്‍കി രമേശ് ചെന്നിത്തലയും എ കെ ആന്റണിയും തങ്ങളുടെ അടുപ്പം തെളിയിച്ചത്. മതനേതാക്കളുമായി അത്ര വലിയ ബന്ധമില്ലാത്ത എം എം ഹസനും ആര്യാടന്‍ മുഹമ്മദും നേടാത്ത ന്യൂനപക്ഷ മുഖം ഷാനവാസിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. മുസ്്‌ലിംസംഘടനകളുമായുള്ള ബന്ധം ഷാനവാസിനെ പിന്തുണച്ചു. എന്നും എല്‍ഡിഎഫിനൊപ്പം നിന്നിരുന്ന കാന്തപുരം വിഭാഗത്തിന്റെ വോട്ടുകള്‍ വരെ ഷാനവാസ് സ്വന്തമാക്കിയിരുന്നു. ആരോഗ്യം വഷളായപ്പോള്‍ പലരും എഴുതിത്തള്ളിയ ഷാനവാസ് പക്ഷേ, ഇടവേളയ്ക്കു ശേഷം എംപിയായും ഈ വര്‍ഷം കെപിസിസി വര്‍ക്കിങ് പ്രസിഡന്റായും തിരിച്ചെത്തിയതോടെ കോണ്‍ഗ്രസിലെ തന്നെ നേതാക്കളാണു ഞെട്ടിത്തരിച്ചത്. പക്ഷേ, കടുത്ത കരള്‍ രോഗവും ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധയും ഷാനവാസെന്ന മനുഷ്യസ്‌നേഹിയായ രാഷ്ട്രീയക്കാരന്റെ ജീവിതത്തിനു തിരശ്ശീലയിടുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss