|    Dec 17 Mon, 2018 11:32 am
FLASH NEWS
Home   >  Kerala   >  

കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസ് എംപി അന്തരിച്ചു

Published : 21st November 2018 | Posted By: basheer pamburuthi

ചെന്നൈ: കെപിസിസി വര്‍ക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എം ഐ ഷാനവാസ് (67) ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്നു രണ്ടാഴ്ചയോളമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഷാനവാസ് ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണു മരണപ്പെട്ടത്. കഴിഞ്ഞമാസം 31നാണു ഷാനവാസിനെ ക്രോംപേട്ടിലെ ഡോ. റേല മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ രണ്ടിനു ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും
മൂന്നുദിവസത്തിനു ശേഷം അണുബാധയുണ്ടായി ആരോഗ്യനില വഷളായി. തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പില്‍ അഡ്വ. എം വി ഇബ്രാഹീംകുട്ടി-നൂര്‍ജഹാന്‍ ബീഗം ദമ്പതികളുടെ മകനാണ്.
1951 സെപ്തംബര്‍ 22ന് കോട്ടയത്താണ് ജനനം. കെഎസ്‌യുവിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലെത്തിയ ഷാനവാസ് പിന്നീട് കോണ്‍ഗ്രസിന്റെ സുപ്രധാന നേതൃപദവികളിലെല്ലാമെത്തി. കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎയും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബി ബിരുദവും നേടി. യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ തുടങ്ങി കോണ്‍ഗ്രസിന്റെ പോഷക സംഘടനകളില്‍ നേതൃപരമായ ചുമതലകള്‍ വഹിച്ചു. 1972 ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983 ല്‍ കെപിസിസി ജോയിന്റ് സെക്രട്ടറി, 1985 ല്‍ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹത്തെ ഇത്തവണത്തെ ഭാരവാഹി തിരഞ്ഞെടുപ്പിലാണ് കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റായി രാഹുല്‍ ഗാന്ധി നിയോഗിച്ചത്.
അഞ്ചു തവണ പരാജയപ്പെട്ട ശേഷമാണ് വയനാട് മണ്ഡലത്തില്‍നിന്ന് ഷാനവാസ് ലോക്‌സഭയിലെത്തിയത്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അദ്ദേഹത്തിനു ലഭിച്ചത്. എന്നാല്‍ അടുത്ത വര്‍ഷം തന്നെ രോഗബാധിതനായി കുറച്ചുനാളത്തേക്ക് സജീവരാഷ്ട്രീയത്തില്‍നിന്നു മാറിനില്‍ക്കേണ്ടി വന്നു. 2014ല്‍ വീണ്ടും സജീവമായതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരിയെ തോല്‍പ്പിച്ചാണ് വീണ്ടും എംപിയായത്. വാണിജ്യം, മാനവശേഷി വികസനം എന്നീ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍, എംപിലാഡ്‌സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയില്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഭാര്യ: ജുബൈരിയത്ത്. മക്കള്‍: അമീന, ഹസീബ്. മരുമക്കള്‍: എ പി എം മുഹമ്മദ് ഹനീഷ്(എംഡി, കെഎംആര്‍എല്‍), തെസ്‌ന. മയ്യിത്ത് ഇന്ന് ഉച്ചയ്ക്കു ശേഷം ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്തെ നൂര്‍ജഹാന്‍ മന്‍സിലില്‍ എത്തിക്കും. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10നു എറണാകുളം തോട്ടത്തുംപടി പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss