|    Dec 11 Tue, 2018 3:37 am
FLASH NEWS
Home   >  National   >  

ശിവസേനയുടെ അയോധ്യാറാലിക്ക് യുപി സര്‍ക്കാരിന്റെ വിലക്ക്

Published : 22nd November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: അയോധ്യയില്‍ റാലി നടത്താനുള്ള ശിവസേനയുടെ നീക്കത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിലക്ക്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനത്തിനെത്തുന്ന ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ പൊതുപരിപാടികള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് ബിജെപി ഭരിക്കുന്ന യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. നവംബര്‍ 24ന് അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിക്ക് സമീപത്തെ രാമകഥാപാര്‍ക്കില്‍ റാലി നടത്തുമെന്നാണു ശിവസേന അറിയിച്ചിരുന്നത്. എന്നാല്‍, സംഘര്‍ഷസാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് റാലിക്ക് യുപി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ബിജെപിയെ മറികടന്ന് അയോധ്യവിഷയത്തില്‍ നേട്ടമുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കത്തിനു തടയിടുകയാണ് യോഗി ആദിത്യനാഥ് ഇതുവഴി ശ്രമിക്കുന്നതെന്നാണു സൂചന. ഇതേത്തുടര്‍ന്ന് നേരത്തേ നിശ്ചയിച്ചതിനു കിലോമീറ്ററുകള്‍ അകലെയുള്ള ഗുലാബ് ബാറിയിലാണ് റാലിയുടെ ഒരുക്കങ്ങള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സന്ദര്‍ശനവേളയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുയോഗങ്ങളില്‍ നിന്ന് ഉദ്ധവ് താക്കറെ പിന്‍വാങ്ങിയിട്ടുണ്ട്. പകരം സന്യാസിമാരെയും മതനേതാക്കളെയും സന്ദര്‍ശിച്ച് ഹൈന്ദവ വിശ്വാസികളുടെ പിന്തുണ ഉറപ്പാക്കുകയാണ് ശിവസേനയുടെ ലക്ഷ്യം. മോദി സര്‍ക്കാര്‍ കേന്ദ്രത്തിലും യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലും ഭരണം നടത്തിയിട്ടും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാത്തത് ഉയര്‍ത്തിക്കാട്ടി തീവ്ര ഹിന്ദുത്വം പയറ്റാനാണ് ശിവസേനയുടെ തീരുമാനം. ബിജെപിയില്‍ അതൃപ്തിയുള്ള ഹിന്ദുക്കളെയാണ് ശിവസേന ലക്ഷ്യമിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതാനം സീറ്റുകളില്‍ മല്‍സരിക്കാനും ശിവസേന ആലോചിക്കുന്നുണ്ട്. ഇതിന് തുടക്കത്തിലേ തടയിടുകയാണ് യോഗി സര്‍ക്കാര്‍. മഹാരാഷ്ട്രയ്ക്ക് പുറത്ത് നിലവില്‍ ബിജെപിക്ക് ശിവസേന ഭീഷണിയല്ലെങ്കിലും ചെറുനീക്കങ്ങള്‍ പോലും ഹിന്ദുവോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്നതാണ് ബിജെപി മുന്‍കൂട്ടി കാണുന്നത്. തങ്ങളുടെ റാലിക്ക് വിലക്കേര്‍പ്പെടുത്തുകയും പിറ്റേന്ന് വിഎച്ച്പി-ആര്‍എസ്എസ് ധര്‍മസഭ നടത്തുന്ന റാലിക്ക് അനുമതി നല്‍കുകയും ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നു ശിവസേന ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് അനില്‍ സിങ് പ്രസ്താവിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss