|    Nov 18 Sun, 2018 1:47 pm
FLASH NEWS
Home   >  Kerala   >  

ആര്‍എസ്എസ് നേതാവിനു പോലിസ് മൈക്ക് നല്‍കിയത് പ്രതിഷേധം തണുപ്പിക്കാന്‍: മുഖ്യമന്ത്രി

Published : 6th November 2018 | Posted By: basheer pamburuthi

കോഴിക്കോട്: ശബരിമലയിലെ ക്രമസമാധാന നിയന്ത്രണം പോലിസിനു തന്നെയാണെന്നും സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയപ്പോഴുണ്ടായ പ്രതിഷേധം തണുപ്പിക്കാനാണ് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പോലിസിന്റെ മൈക്രോഫോണിലൂടെ പ്രതിഷേധക്കാരോട് സംസാരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആവശ്യമായ കാര്യങ്ങള്‍ പോലിസ് തന്നെ നടത്തും. ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ് ശബരിമല. ആ ശാന്തിക്ക് എന്തെങ്കിലും തടസമുണ്ടായാല്‍ അത് മാറ്റാന്‍ മാത്രമേ പോലിസ് ശ്രമിക്കുകയുള്ളൂ. ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളുണ്ട്. പല സ്ഥലങ്ങളില്‍ അവരതു പയറ്റി തെളിഞ്ഞതാണ്. പക്ഷേ, കേരളം അതിനുള്ള മണ്ണല്ലന്നു വൈകാതെ അവര്‍ തിരിച്ചറിയും. വര്‍ഗീയശക്തികള്‍ക്കു വളരാനുള്ള മണ്ണല്ല ശബരിമലയെന്നു തെളിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വല്‍സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള സംഘപരിവാര നേതാക്കളുടെ ശബരിമലയിലെ ഇടപെടലിനെ മുഖ്യമന്ത്രി നിസ്സാരവല്‍ക്കരിച്ചപ്പോള്‍ മന്ത്രിമാരായ ഇ പി ജയരാജനും കെ കെ ശൈലജയും സിപിഎം നേതാവ് എം വി ഗോവിന്ദനും രൂക്ഷമായാണു പ്രതികരിച്ചത്. ശബകരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ആര്‍എസ്എസ് ഭീകരവാദികളാണെന്നു ഇ പി ജയരാജന്‍ പറഞ്ഞു. പ്രായരേഖകള്‍ നോക്കി സ്ത്രീകളെ തടാന്‍ ശശികലയെ പോലുള്ളവര്‍ത്ത് ആരാണ് നിയോഗിച്ചതെന്നും ഇത്തരം നടപടികളില്‍ നിന്ന് ആര്‍എസ്എസ് പിന്‍മാറണമെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. കണ്ണൂരില്‍ നിന്നെത്തിയ ആര്‍എസ്എസ് ക്രിമിനലുകളാണ് ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും അതിനു നേതൃത്വം നല്‍കുന്നത് കണ്ണൂരില്‍ നിന്നുള്ള നേതാവ് തന്നെയാണെന്നും എം വി ഗോവിന്ദന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss