|    Dec 10 Mon, 2018 9:29 am
FLASH NEWS
Home   >  Kerala   >  

ശബരിമല യുവതിപ്രവേശനം: വിധിക്ക് സ്റ്റേയില്ല; പുനപരിശോധന ഹരജികള്‍ തുറന്ന കോടതിയിലേക്ക്

Published : 13th November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രിംകോടതിയുടെ തുറന്ന കോടതിയിലേക്ക്. എല്ലാ പുനപരിശോധന ഹരജികളും ജനുവരി 22ന് പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഒരു പേജുള്ള ഉത്തരവില്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍, യുവതി പ്രവേശനം അനുവദിച്ചുള്ള വിധി സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി തയ്യാറായില്ല. ഇതുകാരണം ഏതെങ്കിലും യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ സുരക്ഷ ആവശ്യപ്പെട്ട് പോലിസിനെയോ സംസ്ഥാന സര്‍ക്കാരിനെയോ സമീപിച്ചാല്‍ ആവശ്യമായ സൗകര്യങ്ങള്‍ നടത്തേണ്ടിവരും.
49 റിവ്യൂ ഹരജികളാണ് വിഷയത്തില്‍ പുനപരിശോധന ആവശ്യപ്പെട്ട് നല്‍കിയത്. സുപ്രിംകോടതിയുടെ സമീപകാല ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പുനപരിശോധന ഹരജികള്‍ നല്‍കിയത് ശബരിമല വിഷയത്തിലാണ്. ഇതോടെ വെള്ളിയാഴ്ച തുടങ്ങുന്ന മണ്ഡല മകരവിളക്ക് കാലത്ത് യുവതി പ്രവേശനം നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാരിനെതിരേ എതിര്‍പ്പ് രൂക്ഷമാക്കാനിടയാക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്. ഹര്‍ജിക്കാരെയോ അഭിഭാഷകരെയോ ചേംബറിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നു ശബരിമല സംരക്ഷണ ഫോറം ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഇതിനെ കോടതി വിമര്‍ശിച്ചിരുന്നു. എതിര്‍കക്ഷികള്‍ക്കെല്ലാം സുപ്രിംകോടതി നോട്ടീസ് അയക്കും. അയ്യപ്പന്റെ അനുഗ്രമാണെന്നും വലിയ വിജയമാണിതെന്നും ശബരിമല മേല്‍ശാന്തി കണ്ഠരര് രാജീവര് മാധ്യമങ്ങളോട് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss