|    Nov 21 Wed, 2018 1:25 am
FLASH NEWS
Home   >  Districts  >  Kannur  >  

ശബരിമല: സങ്കീര്‍ണമാക്കിയത് മുഖ്യമന്ത്രി; ബിജെപിക്ക് ഓന്തിന്റെ സ്വഭാവമെന്നും കെ സുധാകരന്‍

Published : 7th November 2018 | Posted By: basheer pamburuthi

കണ്ണൂര്‍: ശബരിമല വിഷയം സങ്കീര്‍ണമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നുo ശബരിമലയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രി മാത്രമായിരിക്കും ഉത്തരവാദിയെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫില്‍ ചര്‍ച്ച നടത്തിയിട്ടാണോ പിണറായി വിജയന്‍ ശബരിമലയില്‍ ഈ കാര്യം നടത്തുന്നത്. മുഖ്യമന്ത്രിയെന്ന വ്യക്തിയെടുത്ത തീരുമാനമാണ് ശബരിമലയിലേത്. നയപരമായി എടുക്കേണ്ട നടപടിക്ക് പകരം വികാരപരമായി അദ്ദേഹം കൈകാര്യം ചെയ്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ഇതില്‍ മറ്റ് മന്ത്രിമാര്‍ക്ക് യാതൊരു ഉത്തരവാദിത്വവുമുണ്ടാവില്ല. കാരണം മറ്റ് മന്ത്രിമാരുമായി ആലോചിക്കാതെ പിണറായി ഒറ്റക്കെടുത്ത തീരുമാനമാണിത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് നിയമനിര്‍മാണം നടത്തി ശബരിമലയിലെ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളു. എന്നാല്‍ ഓന്ത് നിറംമാറുന്നതുപോലെയാണ് ബിജെപിയുടെ നിറംമാറ്റം. ബിജെപി രാഷ്ട്രീയ നാടകം അവസാനിപ്പിക്കണം. അയ്യപ്പ ഭക്തരെ രക്ഷിക്കാന്‍ തങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് കാണിക്കാനാണ് ബിജെപി ശ്രമം. എന്തുകൊണ്ട് കേന്ദ്രത്തോട് നിയമനിര്‍മാണത്തിന് ബിജെപി ആവശ്യപ്പെടുന്നില്ല. പത്രസമ്മേളനം, രഥയാത്ര സമരമൊക്കെ നടത്തി രാഷ്ട്രീയ നാടകം കളിക്കുന്ന ശ്രീധരന്‍പിള്ളയെ വക്കീലെന്ന് പറയാന്‍ പറ്റുമോ. ശബരിമലയില്‍ ഈ വിധിക്ക് വേണ്ടി കോടതിയില്‍ പോയ കക്ഷികളെല്ലാം സംഘപരിവാര്‍ ബന്ധമുള്ളവരാണ്. ഏക സിവില്‍ കോഡാണ് ബിജെപി ലക്ഷ്യം. ആന്ധ്രയില്‍ ഭരണത്തില്‍ വന്നാല്‍ തങ്ങള്‍ സൗജന്യമായി സ്ത്രീകളെ സന്നിധാനത്ത് കൊണ്ടുപോവുമെന്നാണ് മാനിഫെസ്‌റ്റോയില്‍ എഴുതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss