|    Dec 11 Tue, 2018 10:19 pm
FLASH NEWS
Home   >  Kerala   >  

ശബരിമല: ദേവസ്വം ബോര്‍ഡ് സാവകാശ ഹരജി നല്‍കി

Published : 19th November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സാവകാശം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ശബരിമലയില്‍ യുവതികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ സമയം വേണമെന്നാണ് ഹരജിയില്‍ പറയുന്നത്. പ്രളയം കാരണം കെട്ടിടങ്ങള്‍ അടക്കമുള്ളവ തകര്‍ന്നു. അവ അറ്റകുറ്റപ്പണി നടത്തണം. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സൗകര്യം ഒരുക്കണമെന്നും അതിനാല്‍ വിധി നടപ്പാക്കുന്നതിനു സാവകാശം അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതനുസരിച്ചാണ് ഹരജിയില്‍ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. വിധി നടപ്പാക്കുമ്പോഴുണ്ടാവുന്ന ക്രമസമാധാന പ്രശ്‌നങ്ങളെ കുറിച്ചും ഹരജിയില്‍ വിവരങ്ങളുണ്ടെന്നാണു സൂചന. ആയിരത്തോളം യുവതികളാണ് ദര്‍ശനത്തിനു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അസാധാരണ സുരക്ഷയൊരുക്കിയിട്ടും യുവതികളുടെ തടയുകയാണെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. ഹര്‍ജിയോടൊപ്പം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്.
അതിനിടെ, ഇന്നലെ സന്നിധാനത്ത് പ്രതിഷേധം നടത്തിയ 70 പേരെ കോടതിയില്‍ ഹാജരാക്കി. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതിക്കു പുറത്ത് നാമജപവുമായി ഒരുസംഘം പ്രതിഷേധിച്ചു. നേരത്തേ സുപ്രിം കോടതി വിധിയുടെ മറവില്‍ ശബരിമലയില്‍ പോലിസ് അതിക്രമം നടക്കുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പോലിസിന് എന്ത് അധികാരമാണുള്ളതെന്നും രാത്രി നെയ്യഭിഷേകത്തിനെത്തുന്ന ഭക്തരെ തിരിച്ചയക്കരുതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ശബരിമല വിഷയത്തില്‍ ഹൈക്കോടതിയില്‍നിന്നു വിമര്‍ശനം ഉണ്ടായതിനു പിന്നാലെ അഡ്വക്കറ്റ് ജനറല്‍ ഹാജരാവുകയും ചെയ്തു. രാത്രിയെത്തുന്നവരെ തിരിച്ചയക്കില്ലെന്ന് സത്യവാങ്മൂലം നല്‍കാനാണു എജി നേരിട്ടെത്തിയത്. പ്രതിഷേധക്കാരുടെ അറസ്റ്റല്ല, യഥാര്‍ഥ ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടാണ് പരിഗണിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss