|    Dec 11 Tue, 2018 9:25 pm
FLASH NEWS
Home   >  Kerala   >  

സംഘപരിവാര ശരണംവിളി ഐഎസിന്റെ തക്ബീര്‍ വിളി പോലെയെന്ന് കോടിയേരി

Published : 23rd November 2018 | Posted By: basheer pamburuthi

കോഴിക്കോട്: ശബരിമലയുടെ പേരില്‍ സംഘപരിവാര്‍ വിളിക്കുന്ന ശരണംവിളി ഐഎസുകാര്‍ തക്ബീര്‍ വിളിക്കുന്നതുപോലെ ചോരക്കളം സൃഷ്ടിക്കാനാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ മുസ്്‌ലിം ലീഗിനെതിരേയും കോടിയേരി ആഞ്ഞടിക്കുന്നുണ്ട്. ഭക്തര്‍ക്ക് പുണ്യംകിട്ടാനോ വിശ്വാസികള്‍ക്ക് സൗകര്യം കിട്ടാനോ അല്ല സംഘപരിവാരം നാമജപം നടത്തുന്നത്. ശബരിമല പ്രക്ഷോഭം സംഘപരിവാറിന്റെ മൂശയില്‍ വാര്‍ത്തെടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയസമരമാണ്. കേരളത്തില്‍ ഇതുവരെ വേരുപിടിക്കാത്ത ബിജെപിക്ക് ആളെപിടിക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടും സീറ്റും നേടാനുമുള്ള കുറുക്കുവഴിയാണ്. പ്രക്ഷോഭനായകര്‍ തന്നെ രാഷ്ട്രീയ ഉദ്ദേശ്യം വെളിപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ സംഘപരിവാര്‍ സമരത്തിന് ഒപ്പംനില്‍ക്കുന്ന മുസ്്‌ലിംലീഗും കോണ്‍ഗ്രസും അടങ്ങുന്ന യുഡിഎഫും നവോത്ഥാനത്തിന് സംഭാവന നല്‍കിയിട്ടുള്ള സാമൂഹികസംഘടനകളും വ്യക്തികളും വീണ്ടുവിചാരം നടത്തണം. മാനവികതയുടെ ഉണര്‍വിനെ ഞെക്കിക്കൊല്ലാനാണ് പ്രക്ഷോഭം. ശ്രീരാമനെ രാഷ്ട്രീയപ്രതീകമാക്കിയതുപോലെ ശബരിമല അയ്യപ്പനെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയ പ്രതീകമാക്കാനുള്ള പരിശ്രമത്തിലാണ് സംഘപരിവാര്‍. അയ്യപ്പന്റെ പേരില്‍ നടത്തുന്ന പേക്കൂത്തുകളില്‍ യഥാര്‍ഥ അയ്യപ്പഭക്തര്‍ ദുഖിക്കുന്നുണ്ട്. ഗാന്ധിജി ഉള്‍പ്പെടെയുള്ളവര്‍ കണ്ടരീതിയിലല്ല ശ്രീരാമനെ സംഘപരിവാരം അവതരിപ്പിച്ചത്. അതുപോലെ അയ്യപ്പനെയും തങ്ങളുടെ വര്‍ഗീയതയ്ക്ക് ഇണങ്ങും മട്ടില്‍ ചിത്രീകരിക്കുകയാണ്. വഴിതെറ്റലില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല. മുസ്്‌ലിംലീഗ് മുന്നിലാണ്. മതസഹിഷ്ണുതയുടെ ആരാധനാകേന്ദ്രമായ ശബരിമലയെ ഹിന്ദുവര്‍ഗീയതയുടെ വിളനിലമാക്കാനുള്ള സംഘപരിവാര്‍ പ്രക്ഷോഭത്തിന് കുടപിടിക്കാന്‍ മുസ്്‌ലിംലീഗ് നേതൃത്വവും മടികൂടാതെ മുന്നിലുണ്ട്. ബിജെപി സമരത്തിന് ശക്തിപകരാനാണ് യുഡിഎഫ് നേതാക്കള്‍ ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം പ്രകടിപ്പിച്ചത്. ആ കൂട്ടത്തില്‍ മുസ്്‌ലിംലീഗ് നേതാവ് ഡോ. എം കെ മുനീറും മുന്നിലുണ്ടായിരുന്നു. സംഘപരിവാറിനെ വെള്ളപൂശാനും അവരുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതുമായ ഇത്തരം നടപടികള്‍ക്ക് ലീഗിന് ചരിത്രം മാപ്പ് നല്‍കില്ല. വിശ്വാസസംരക്ഷണത്തിന് ഞങ്ങള്‍ പ്രക്ഷോഭം കൂട്ടുന്നുവെന്നാണ് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ന്യായം. അത് പ്രകാരമാണെങ്കില്‍ ബാബരി മസ്ജിദ് പൊളിച്ചതും അവിടെ രാമക്ഷേത്രം പണിയാന്‍ ഇറങ്ങിയിരിക്കുന്നതുമായ സംഘപരിവാര്‍ അതിക്രമത്തിനും മറ വിശ്വാസമാണെന്നും കോടിയേരി ലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss