|    Dec 19 Wed, 2018 11:13 am
FLASH NEWS
Home   >  Kerala   >  

ശബരിമല വിവാദം മറികടക്കാന്‍ പുതുമുഖ പ്രസംഗ സ്‌ക്വാഡുമായി സിപിഎം

Published : 20th November 2018 | Posted By: basheer pamburuthi

കൊല്ലം: ശബരിമല യുവതീ പ്രവേശന വിവാദം ഉയര്‍ത്തിയ പ്രത്യേക സാഹചര്യം വിശദീകരിക്കാന്‍ പുതുമുഖങ്ങളുടെ പ്രസംഗ സ്‌ക്വാഡുമായി സിപിഎം. മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് പുറമെ സംസ്ഥാനത്ത് 900ത്തോളം പ്രാസംഗികരുടെ പട്ടിക പാര്‍ട്ടി ഇതിനകം തയ്യാറാക്കിക്കഴിഞ്ഞു. ജില്ലാ കമ്മിറ്റികള്‍ നേരിട്ടാണ് പട്ടിക തയ്യാറാക്കുന്നത്. ജില്ലാ സെക്രട്ടറിമാര്‍ ഇവരുമായി നേരിട്ട് സംസാരിച്ച ശേഷമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഹൈന്ദവ സംഘടനകളുടെ നാമജപ പ്രതിഷേധങ്ങള്‍ക്ക് സമാന്തരമായി സിപിഎം ലോക്കല്‍ തലങ്ങളില്‍ സംഘടിപ്പിച്ച നവോത്ഥാന സദസുകളിലായിരുന്നു ഇവരുടെ അരങ്ങേറ്റം. കലാ സാംസ്‌കാരിക രംഗത്തും പ്രൊഫഷനലുകളുടെയും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സര്‍വീസ് സംഘടനാ രംഗത്തുള്ളവരെയാണ് പ്രസംഗ വേദികളില്‍ ഇറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരായതിനാല്‍ ജീവനക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ട ലംഘനത്തില്‍ കുടുങ്ങാതിരിക്കാനുള്ള പഴുതുകള്‍ അടച്ചാണ് പ്രസംഗങ്ങള്‍. സിപിഎം കൊടിയും ബാനറുമുള്ള വേദിയിലായിരിക്കില്ല ഇവര്‍ പ്രസംഗിക്കുക. വേദികള്‍ അപര നാമങ്ങളിലായിരിക്കും അറിയപ്പെടുക. പ്രസംഗത്തിലുടനീളം സിപിഎമ്മിനെ പുകഴ്ത്താനോ എതിരാളികളെ ഇക്‌ഴ്ത്താനോ ശ്രമിക്കില്ല. കൈകാര്യം ചെയ്യുന്നത് ശബരിമല വിഷയമായതിനാല്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിനെ ന്യായീകരിക്കും. പിന്നീട് നവോത്ഥാന പാതയില്‍ ഗുരുവായൂര്‍, വൈക്കം സത്യഗ്രഹങ്ങള്‍, ക്ഷേത്ര പ്രവേശന വിളംബരം, മാറ് മറയ്ക്കല്‍ സമരം, നമുക്ക് ജാതിയില്ല വിളംബരം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിക്കും. രാഷ്ട്രീയ ലൈന്‍ വരികള്‍ക്കിടയില്‍ മാത്രമായിരിക്കും. പുതിയ തന്ത്രം ഫലം കണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മിക്കവരുടെയും പ്രസംഗങ്ങള്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത കലാ സാംസ്‌കാരിക രംഗത്തുള്ളവര്‍ ഇപ്പോള്‍ നടക്കുന്ന പാര്‍ട്ടി ജാഥകളിലും ഇതിന് തുടര്‍ച്ചയായി പ്രസംഗിക്കും. ശബരിമലയെ തൊടാതെ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്താന്‍ മാത്രം പ്ലാന്‍ ചെയ്ത ജാഥകളില്‍ സ്ത്രീപ്രവേശം സൃഷ്ടിച്ച വിവാദങ്ങള്‍ പരാമര്‍ശിക്കാതെ പോവുന്നത് നന്നല്ലെന്ന ചിന്തയും പാര്‍ട്ടി ഘടകങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss