|    Nov 20 Tue, 2018 4:15 am
FLASH NEWS
Home   >  Kerala   >  

ശബരിമല: ആര്‍എസ്എസിന്റെ കലാപശ്രമത്തിനു സര്‍ക്കാര്‍ ഒത്താശ-രമേശ് ചെന്നിത്തല

Published : 6th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: ശബരിമലയെ കലാപ ഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ആര്‍എസ്എസ്-ബിജെപി ശ്രമങ്ങളെ തടയാതെ സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് ഒത്താശ ചെയ്യുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ നിയന്ത്രണം പോലിസിന് തന്നെയെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കിലും പോലിസിന് ഒരു നിയന്ത്രണവും ഇല്ലായിരുന്നു. ആര്‍എസ്എസും ബിജെപിയും സംഘപരിവാറിലെ മറ്റു ശക്തികളും ശബരിമലയെയും സന്നിധാനത്തെയും കൈയ്യടക്കി അവിടുത്തെ ശാന്തിയും സമാധാനവും ചവിട്ടിമെതിച്ചു. എല്ലാ സന്നാഹങ്ങളും ഒരുക്കുകയും വന്‍ പോലിസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നെങ്കിലും പോലിസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മാത്രമല്ല ആര്‍എസ്എസിനും ബിജെപിക്കും ഒത്താശ ചെയ്യേണ്ടിയും വന്നു.
ആര്‍എസ്എസിനും ബിജെപിക്കും എന്തും ചെയ്യാന്‍ കഴിയുന്ന അവസ്ഥയായിരുന്നു സന്നിധാനത്ത്.
ആര്‍എസ്എസ് നേതാവ് ഇരുമുടിക്കെട്ടില്ലാതെ 18ാം പടിയില്‍ കയറി ആചാരലംഘനം നടത്തുക പോലും ചെയ്തു. പതിനെട്ടാം പടിയിലേക്ക് ഓടിക്കയറിയെന്ന് മാത്രമല്ല തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളില്‍ കണ്ടത്. പരിപാവനമായ 18ാം പടിയെ അപമാനിച്ചു. 50 വയസ്സ് കഴിഞ്ഞ ഭക്തകളെ പോലും തടയുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇരുമുടിക്കെട്ടില്ലെന്ന് പറഞ്ഞ് മറ്റ് ഭക്തരെയും ആക്രമിച്ചു. മാധ്യമ പ്രവര്‍ത്തകരെ പല തവണയാണ് ആക്രമിച്ചത്. അവരെ വളഞ്ഞ് വച്ച് ആക്രമിച്ചു. പോലിസ് നോക്കി നില്‍ക്കുക മാത്രമേ ചെയ്തുള്ളൂ. ശബരിമലയില്‍ ഭീകരാന്തരീക്ഷമാണ് സംഘപരിവാറുകാര്‍ സൃഷ്ടിച്ചത്. ആസൂത്രിതമായ അക്രമമാണ് നടത്തിയത്.ഇതൊന്നുംതടയാന്‍ പോലിസ് തയ്യാറായില്ല. അവര്‍ എല്ലാം കണ്ടുനിന്നു. മാത്രമല്ല പോലിസിന്റെ മെഗാഫോണിലൂടെ സംസാരിക്കാന്‍ ആര്‍എസ്എസ് നേതാവിനെ അനുവദിക്കുകയും ചെയ്തു. ലജ്ജാകരമാണ് ഇതെല്ലാം.ശബരിമലയില്‍ വിശ്വാസികളുടെ വിശ്വാസം കാത്തു രക്ഷിക്കുകയല്ല, രാഷ്ട്രീയ മുതലെടുപ്പാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള തുറന്നുപറഞ്ഞത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നതാണ്. എന്നിട്ടും ഇവരുടെ മുതലെടുപ്പ് തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇത് സിപിഎം-ബിജെപി കള്ളക്കളി പുറത്തു കൊണ്ടുവരുന്നു. രണ്ടു കക്ഷികളും ചേര്‍ന്ന് ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണ്.
സന്നിധാനത്ത് ക്രിമിനലുകള്‍ കടന്നു കയറുകയും കൂട്ടം കൂടാനും തമ്പടിക്കാനും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷേ നൂറുകണക്കിന് സംഘപരിവാറുകാര്‍ അവിടെ തമ്പടിച്ചു. സര്‍ക്കാര്‍ അവരെ തടഞ്ഞില്ല. ആര്‍എസ്എസിന്റെയും ബിജെപിയുടെയും നേതാക്കള്‍ അവിടെ ക്യാംപ് ചെയ്ത് കാര്യങ്ങള്‍ നിയന്ത്രിച്ചു.ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരം പറയണം.സര്‍ക്കാരും സംഘപരിവാറും ചേര്‍ന്ന് ശബരിമലയുടെ പവിത്രതയെ തകര്‍ക്കുകയാണ്. ആചാരങ്ങള്‍ സംരക്ഷിക്കാനെന്നു പറഞ്ഞുവന്ന് അവ ലംഘിക്കുന്നു. ഇനിയെങ്കിലും ശബരിമലയില്‍ സമാധാനം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss