|    Nov 17 Sat, 2018 2:57 pm
FLASH NEWS
Home   >  Kerala   >  

ശബരിമല: സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ചെന്നിത്തല

Published : 7th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നപ്പോഴും നേരത്തെ ഉണ്ടായതിന്റെ തുടര്‍ച്ചായായി തികച്ചും ദൗര്‍ഭാഗ്യകരവും ദു:ഖകരവുമായ സംഭവ വികാസങ്ങളാണ് ആവര്‍ത്തിച്ചതെന്നും ശബരിമലയുടെ പവിത്രതയും ചൈതന്യവും സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആര്‍എസ്എസും ബിജെപിയും സംഘപരിവാറിലെ മറ്റു ശക്തികളും ശബരിമലയെയും സന്നിധാനത്തെയും കൈയടക്കുകയും അഴിഞ്ഞാടുകയും ചെയ്തു. പരിപാവനമായ 18ാം പടിയെപ്പോലും അപമാനിച്ചു. ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്എസ് നേതാവും സംഘവും 18ാം പടിയില്‍ കയറി നിന്ന് പ്രസംഗിച്ചു. ആര്‍എസ്എസുകാര്‍ക്കും സംഘപരിവാരുകാര്‍ക്കുംപ്രസംഗിക്കാനുള്ള വേദിയാണോ 18ാം പടി. ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരത്തെയാണ് ആര്‍എസ്എസ് ചവിട്ടിമെതിച്ചത്. പോലിസിന് ഒന്നും ചെയ്യാനായില്ല. മാത്രമല്ല ആര്‍എസ്എസിന് ഒത്താശ ചെയ്യുകയും ചെയ്തു. ആര്‍എസ്എസിനും ബിജെപിക്കും എന്തും ചെയ്യാന്‍ കഴിയുന്ന അവസ്ഥയായിരുന്നു സന്നിധാനത്ത്. 50 വയസ് കഴിഞ്ഞ ഭക്തകളെപ്പോലും തടയുകയും മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.ആരാധനാ സ്വാതന്ത്ര്യമാണ് ആര്‍എസ്എസ് തടഞ്ഞത്. പോലിസിന്റെ മെഗാഫോണിലൂടെ സംസാരിക്കാന്‍ ആര്‍എസ്എസ് നേതാവിനെ അനുവദിച്ചതുമെല്ലാം ലജ്ജാകരമാണ്. ശബരിമലയുടെ ചരിത്രത്തില്‍ ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല. ശബരിമല തന്ത്രികള്‍ പത്രക്കാരോട് സംസാരിക്കുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു. അവിടെ 144 നിലനില്‍ക്കുന്നു. അതിനാല്‍ പത്രക്കാര്‍ കൂട്ടംകൂടി നിന്ന് തന്ത്രിയോട് സംസാരിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ഇന്നലെ കണ്ടത് എന്താണ്. സംഘപരിവാര്‍ കൂട്ടംകൂടി ക്ഷേത്രത്തിന്റെ നിയന്ത്രണം തന്നെ ഏറ്റെടുക്കുകയായിരുന്നു. അവര്‍ നാമജപം നടത്തി. കൊലവിളി നടത്തി. ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരം പറയണം. ദേവസ്വം ബോര്‍ഡ് എന്നൊന്ന് പോലും അവിടെ ഉണ്ടായിരുന്നില്ല. എന്താണ് ഇങ്ങനെയൊരു ബോര്‍ഡ്? ബോര്‍ഡ് പ്രസിഡന്റിനെ ഇന്നലെ പുറത്തേ കാണാനില്ലായിരുന്നു. ബോര്‍ഡ് അംഗം കെ പി ശങ്കരദാസും ആചാരം ലംഘിച്ചതായി ആരോപണമുണ്ട്. അതിലും അന്വേഷണം വേണം. ഇനിയെങ്കിലും ശബരിമലയില്‍ സമാധാനം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മുതലെടുപ്പിന് വരുന്ന ശക്തികളെ തുരത്തിയോടിക്കണം. ശബരിമല ശുദ്ധമാക്കണം. അതിന് കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഇറങ്ങിപ്പോവണമെന്നും ചെന്നിത്തല പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss