|    Dec 12 Wed, 2018 7:29 pm
FLASH NEWS
Home   >  Kerala   >  

ശബരിമല പ്രതിഷേധം: യുവതി പ്രവേശനത്തിനെതിരല്ലെന്ന് ആര്‍എസ്എസ് നേതാവ്

Published : 20th November 2018 | Posted By: basheer pamburuthi

കോഴിക്കോട്: ശബരിമലയില്‍ നടക്കുന്ന പ്രതിഷേധം യുവതീപ്രവേശനത്തിനെതിരല്ലെന്നും ശബരിമലയെ തകര്‍ക്കാനുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നീക്കത്തിനെതിരെയാണെന്നും ആര്‍എസ്എസ്
പ്രാന്തകാര്യവാഹക് പി ഗോപാലന്‍കുട്ടി കോഴിക്കോട്ട് സ്വകാര്യ ചാനലിനോടു പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന പ്രശ്‌നം യുവതികള്‍ പ്രവേശിക്കണോ വേണ്ടയോ എന്നുള്ളതല്ല. അത് അങ്ങനെയെല്ലാരും വ്യാഖ്യാനിക്കുകയാണ്. ശബരിമലയെ തകര്‍ക്കാനുള്ള നിരീശ്വരവാദത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഗൂഢ സങ്കല്‍പ്പത്തെ അല്ലെങ്കില്‍ പ്രവര്‍ത്തനത്തെ അംഗീകരിക്കാനാവില്ല. ശബരിമലയുടെ കാര്യത്തില്‍ സാവകാശമില്ലാതെ വിധി നാളെ തന്നെ നടപ്പാക്കണം എന്നതിന്റെ ആവശ്യമെന്താണ്. തന്ത്രിമാര്‍, രാജകുടുംബം, ഹിന്ദു ആചാര്യന്‍മാര്‍ അതേപോലെ ഭക്തജനസമൂഹം ഇവരൊക്കെ കണ്ട് സമരസപ്പെട്ട രീതിയിലാണ് വിധി നടപ്പാക്കേണ്ടത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയും ശബരിമല പ്രതിഷേധം സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടല്ലെന്ന് പറഞ്ഞിരുന്നു.
സ്ത്രീ പ്രവേശനത്തെ ആദ്യം അനുകൂലിച്ചിരുന്ന ബിജെപി-ആര്‍എസ്എസ് കേന്ദ്ര നേതൃത്വം സുപ്രിംകോടതി വിധിയെ അനുകൂലിച്ചിരുന്നു. എന്നാല്‍, ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് നിലപാട് മാറ്റി പ്രതിഷേധക്കാര്‍ക്കൊപ്പം കൂടിയത്. അപ്പോഴും കേന്ദ്ര നേതൃത്വം തങ്ങളുടെ നിലപാട് കൃത്യമായി വെളിപ്പെടുത്താതെ ശബരിമലയിലെ സമരങ്ങള്‍ക്ക് പരോക്ഷ പിന്തുണ നല്‍കുകയായിരുന്നു. സുപ്രിംകോടതി വിധിയായതിനാല്‍ തങ്ങള്‍ എന്തു ചെയ്യാനാണെന്നായിരുന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് കഴഞ്ഞ ദിവസം വിശേഷിപ്പിച്ചത്. സംസ്ഥാന ബിജെപി നേതൃത്വത്തിനു പിന്നാലെ ആര്‍എസ്എസും തങ്ങളുടെ പ്രതിഷേധ നിലപാട് മാറ്റുകയാണോയെന്നും സൂചനയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss