|    Dec 11 Tue, 2018 12:07 pm
FLASH NEWS
Home   >  Kerala   >  

കണ്ണൂരില്‍ നിന്ന് ശബരിമലയിലെത്തിക്കുന്നത് പരിശീലനം നേടിയവരെ; ബിജെപി ജില്ലാ സര്‍ക്കുലര്‍ പുറത്ത്

Published : 20th November 2018 | Posted By: basheer pamburuthi

കണ്ണൂര്‍: യുവതി പ്രവേശനമാവാമെന്ന സുപ്രിംകോടതി വിധിക്കെതിരേ നാമജപ പ്രതിഷേധസമരം നടത്തുന്ന ബിജെപി ശബരിമലയിലേക്ക് കണ്ണൂരില്‍ നിന്നെത്തിക്കുന്നത് പരിശീലനം ലഭിച്ചവരെ. ഇതുസംബന്ധിച്ച് ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്കു നല്‍കിയ സര്‍ക്കുലര്‍ പുറത്തായി. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശിന്റെ ഒപ്പും സീലുമടങ്ങിയ സര്‍ക്കുലര്‍ ഈമാസം 14നാണു പുറപ്പെടുവിച്ചിട്ടുള്ളത്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പോവേണ്ടത് ഡിസംബര്‍ 11നാണെന്നു സര്‍ക്കുലര്‍ നമ്പര്‍ 150/18 ല്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ സര്‍ക്കുലറില്‍ സൂചിപ്പിച്ച പ്രകാരം പരിശീലനം ലഭിച്ച പ്രവര്‍ത്തകര്‍ കൈസഞ്ചിയില്‍ ആവശ്യമായ സാധനങ്ങള്‍ കരുതണമെന്നും രഹസ്യ സര്‍ക്കുലറിലുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തകര്‍ക്ക് ഡിസംബര്‍ രണ്ടിനു ബിജെപി കണ്ണൂര്‍ ജില്ലാ ഓഫിസായ മാരാര്‍ജി ഭവനില്‍ പ്രത്യേക ക്ലാസ് ഉണ്ടായിരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. ഈ ക്ലാസില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും സൂചന നല്‍കുന്നുണ്ട്. മണ്ഡലം തിരിച്ചുള്ള കണക്കും പോവേണ്ട പ്രവര്‍ത്തകരുടെ എണ്ണവും ചുമതല നല്‍കപ്പെട്ടവരുടെ പേരും ഫോണ്‍ നമ്പറും സഹിതമാണ് സര്‍ക്കുലര്‍ അയച്ചിട്ടുള്ളത്. കൂത്തുപറമ്പ്-80-ബിജു എളക്കുഴി, ധര്‍മ്മടം-70-പി സത്യപ്രകാശ്, തലശ്ശേരി-80-കെ രഞ്ജിത്ത്, കണ്ണൂര്‍-80-എ പി ഗംഗാധരന്‍ എന്നാണു സര്‍ക്കുലറില്‍ വിശദീകരിക്കുന്നത്. ശബരിമലയില്‍ അയ്യപ്പഭക്തന്‍മാരെന്ന വ്യാജേന നാമജപ പ്രതിഷേധം സംഘടിപ്പിക്കാന്‍ മണ്ഡലം തിരിച്ച് പ്രവര്‍ത്തകരെ ഓരോ ദിവസങ്ങളിലായി അയക്കണമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ സര്‍ക്കുലര്‍ കഴിഞ്ഞദിവസം പുറത്തുവന്നത് ഏറെ വിവാദങ്ങള്‍ക്കു കാരണമായിരുന്നു. ശബരിമലയില്‍ സംഘര്‍ഷത്തിനു ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നുവെന്നു കാണിച്ച് ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ നല്‍കിയ ഹരജിയില്‍ വിവാദ സര്‍ക്കുലറും ചേര്‍ത്തിരുന്നു. ഇതേക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സര്‍ക്കുലറിനെ തള്ളാതെ, അങ്ങനെ പല സര്‍ക്കുലറും രഹസ്യമായി ബിജെപി അയക്കാറുണ്ടെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയുടെ സാന്നിധ്യത്തില്‍ എ എന്‍ രാധാകൃഷ്ണന്‍ മറുപടി നല്‍കിയത്. വിവാദങ്ങള്‍ക്കിടെയാണ് കണ്ണൂരില്‍ നിന്നു പരിശീലനം നേടിയവരെ ശബരിമലയിലെത്തിക്കാനുള്ള സര്‍ക്കുലര്‍ കൂടി പുറത്താവുന്നത്. പരിശീലനം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ആയുധ-കായിക പരിശീലനമാണെന്നാണു സൂചന. മാത്രമല്ല, കൈസഞ്ചിയില്‍ ആവശ്യമായ സാധനങ്ങള്‍ കരുതണമെന്ന നിര്‍ദേശവും ശബരിമലയില്‍ വന്‍ കലാപത്തിനുള്ള ഗൂഢാലോചനയുടെ തെളിവുകളാണെന്നു സംശയിക്കപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss