|    Dec 11 Tue, 2018 1:29 pm
FLASH NEWS
Home   >  Kerala   >  

ശബരിമല സര്‍വകക്ഷി യോഗം: യുഡിഎഫ് ഇറങ്ങിപ്പോയി; വിധിയില്‍ വെള്ളം ചേര്‍ക്കാനില്ലെന്ന് മുഖ്യമന്ത്രി

Published : 15th November 2018 | Posted By: basheer pamburuthi


തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി. വിധി നടപ്പാക്കുന്നതില്‍ സാവകാശം വേണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെന്നും യുവതി പ്രവേശനം തടയില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദത്തോടെ യോജിക്കാനാവില്ലെന്നും യോഗത്തില്‍ നിന്നു ഇറങ്ങിയ ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമായിപ്പോയി. സമവായത്തിനുള്ള ഏറ്റവും നല്ല അവസരമാണ് മുഖ്യമന്ത്രി പാഴാക്കിയത്. ബിജെപിയുമായുള്ള ഒത്തുതീര്‍പ്പാണിത്. സര്‍ക്കാരിനു പിടിവാശിയാണുള്ളത്. ആര്‍എസ്എസും സിപിഎമ്മും ഒത്തുകളിക്കുകയാണ്. സര്‍വകക്ഷി യോഗം പ്രഹസനമായെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിനു മുന്നോടിയായി പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോവുകയും ചെയ്തു.
അതേസമയം, സുപ്രിംകോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും വിധിയില്‍ വെള്ളം ചേര്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണ്. അതില്‍ യാതൊരു ആശങ്കയും വേണ്ട. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാരിനു മുന്നിലെ വഴി. ശബരിമല കൂടുതല്‍ യശസ്സോടെ ഉയര്‍ന്നുവരും. സര്‍ക്കാരിന് മുന്‍വിധിയില്ലെന്ന് എല്ലാ വിശ്വാസികളും മനസ്സിലാക്കണം. പ്രതിപക്ഷത്തിന് ഈ നിലപാടിനോട് യോജിക്കാനാവില്ലെന്നാണ് അറിയിച്ചത്. അവര്‍ക്ക് നല്ല ബുദ്ധി ഉദിക്കുമെന്നാണ് പ്രതീക്ഷ. യുഡിഎഫിനും ബിജെപിക്കും സമാന നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ 12ഓടെ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി എഴുതിത്തയ്യാറാക്കിയ കുറിപ്പ് വായിച്ചാണ് തുടങ്ങിയത്. കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള സാഹചര്യം വിവരിച്ച അദ്ദേഹം യുവതി പ്രവേശന വിഷയത്തില്‍ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, പി സി ജോര്‍ജ്, മുസ്‌ലിംലീഗ് നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്നാല്‍ നിയമമന്ത്രി എ കെ ബാലന്‍ പങ്കെടുത്തില്ല. നേരത്തേ
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും ഘടകക്ഷികളുടെ ആവശ്യപ്രകാരമാണ് യുഡിഎഫ് പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss