|    Dec 14 Fri, 2018 3:56 pm
FLASH NEWS
Home   >  Kerala   >  

ശബരിമല അജണ്ട കത്തിച്ചുനിര്‍ത്താന്‍ ബിജെപി കേന്ദ്രമന്ത്രിമാരെ ഇറക്കുന്നു

Published : 19th November 2018 | Posted By: basheer pamburuthi

 

കൊച്ചി: ശബരിമലയില്‍ യുവതിപ്രവേശനത്തിനുള്ള സുപ്രിംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്യുകയും പിന്നീട് രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് നിലപാട് മാറ്റുകയും ചെയ്ത ബിജെപി തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ഇറക്കുന്നു. ഇന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയിലെത്തിയതിനു പിന്നാലെ മറ്റന്നാള്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് ശബരിമലയിലെത്തുന്നത്. വിദ്വേഷ പ്രസംഗത്തിലൂടെ കുപ്രസിദ്ധനായ കര്‍ണാടകയില്‍ നിന്നുള്ള എംപി നളീന്‍ കുമാര്‍ കട്ടീലും രാജ്യസഭാ എംപി വി മുരളീധരനും നാളെ ശബരിമലയിലെത്തുന്നുണ്ട്. രാവിലെ 10നു നിലയ്ക്കലിലെത്തുന്ന ഇവര്‍ക്കൊപ്പം ബിജെപി സംസ്ഥാന സെക്രട്ടറി ജെ ആര്‍ പദ്മകുമാറും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയും ഉണ്ടാവും. പമ്പയും സന്നിധാനവും സന്ദര്‍ശിക്കുന്ന എംപിമാര്‍ പിന്നീട് അയ്യപ്പ ദര്‍ശനം നടത്തും. ആര്‍എസ്എസും ഹിന്ദു ഐക്യവേദിയുമാണ് ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കുന്നതെന്ന് അഡ്വക്കറ്റ് ജനറല്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇതിനു തെളിവെന്നോണം ബിജെപി പുറപ്പെടുവിച്ച സര്‍ക്കുലറും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഓരോ ദിവസങ്ങളിലും ഏതൊക്കെ ജില്ലാ, മണ്ഡലം, താലൂക്ക് കമ്മിറ്റികളാണ് ശബരിമല സന്നിധിയിലേക്കു പോവേണ്ടതെന്നും അവരെ ഏകോപിപ്പിക്കുന്നവരുടെ പേരും നമ്പറുമുള്‍പ്പെടെയുള്ള സര്‍ക്കുലറാണ് പുറത്തായത്. പ്രവര്‍ത്തകരെ സമരത്തിനായി റിക്രൂട്ട് ചെയ്തുകൊണ്ടുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ സര്‍ക്കുലര്‍ ബിജെപി തള്ളിപ്പറഞ്ഞിട്ടുമില്ല. നേരത്തേ യുവമോര്‍ച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ് ശ്രീധരന്‍ പിള്ള ബിജെപിക്ക് ഇത് സുവര്‍ണാവസരമാണെന്നും ഞങ്ങളുടെ അജണ്ടയില്‍ ഓരോരുത്തരും വീണതായും വെളിപ്പെടുത്തിയിരുന്നു. ഇത്തരം വിഷയങ്ങളിലൂടെ ശബരിമലയില്‍ സംഘര്‍ഷസാഹചര്യം നിലനില്‍ക്കുമ്പോഴാണ് അതിനെ കൂടുതല്‍ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി കേന്ദ്രമന്ത്രിമാരെയും എംപിമാരെയും രംഗത്തിറക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss