Flash News

ആള്‍ദൈവം രാംപാല്‍ മൂന്ന് കൊലക്കേസുകളില്‍ കുറ്റക്കാരന്‍; ശിക്ഷ 16ന്

ആള്‍ദൈവം രാംപാല്‍ മൂന്ന് കൊലക്കേസുകളില്‍ കുറ്റക്കാരന്‍; ശിക്ഷ 16ന്
X


ഹിസാര്‍: പതിനായിരക്കണക്കിന് അനുയായികളുള്ള ഹരിയാനയിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവം രാംപാല്‍ മൂന്ന് കൊലക്കേസുകളില്‍ കുറ്റക്കാരനെന്ന് ഹിസാര്‍ കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ഈ മാസം 16, 17 തിയ്യതികളില്‍ പ്രഖ്യാപിക്കും.

രാംപാല്‍ ഇപ്പോള്‍ ഹിസാറിലെ സെന്‍ട്രല്‍ ജയില്‍ നമ്പര്‍ 2ലാണ് ഉള്ളത്. രണ്ടാഴ്ച്ച നീണ്ട ശ്രമത്തിനൊടുവിലാണ് അനുയായികളുടെ പ്രതിരോധത്തെ ഭേദിച്ച 2015 നവംബറില്‍ രാംപാലിനെ അറസ്റ്റ് ചെയ്തത്. അന്നത്തെ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഹിസാര്‍ ജയിലില്‍ തയ്യാറാക്കിയ പ്രത്യേക കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വിധി പ്രഖ്യാപിച്ചത്. വിധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാവുന്നത് തടയാന്‍ 1800ഓളം പോലിസുകാരെ വിന്യസിച്ചിരുന്നു.

ദേരാ സച്ചാ സൗധ മേധാവി ഗുര്‍മീത് റാം റഹീം സിങിനെതിരേ 2017 ആഗസ്തില്‍ വിധി പ്രഖ്യാപിച്ചപ്പോഴുണ്ടായതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പോലിസ് കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. നിരോധനാജ്ഞ പുറപ്പെടുവിച്ചതിന് പുറമേ നഗരത്തില്‍ 48 ഇടങ്ങളില്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നു.

ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് ഹാജരാവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 2014ല്‍ പഞ്ചാബ്-ഹരിയാ ഹൈക്കോടതിയാണ് രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ഹിസാര്‍ ജില്ലയിലെ ബര്‍വാലയ്ക്ക് സമീപം 12 ഏക്കറില്‍ പരന്നു കിടക്കുന്ന സത്‌ലോക്ക് ആശ്രമത്തില്‍ കഴിയുന്ന രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് എത്തിയപ്പോള്‍ ആയിരക്കണക്കിന് വരുന്ന അനുയായികള്‍ ബാരിക്കേഡ് തീര്‍ത്ത് തടയുകയായിരുന്നു.

തുടര്‍ന്ന് പോലിസ് ആശ്രമത്തിലേക്കുള്ള വൈദ്യുതിയും വെള്ളവും വിഛേദിച്ചു. ആശ്രമത്തിലേക്ക് ബലംപ്രയോഗിച്ച് കയറാനുള്ള പോലിസിന്റെ ശ്രമത്തെ തുടര്‍ന്ന് വലിയ തോതില്‍ സംഘര്‍ഷമുണ്ടായി. ഒടുവില്‍ 20,000ഓളം വരുന്ന അനുയായികളെ ഒഴിപ്പിച്ച് 2014 നവംബര്‍ 19നാണ് രാംപാലിനെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച്ച നീണ്ട ബലാബലത്തിനിടെ അഞ്ച് സ്ത്രീകളും ഒരു കുട്ടിയും മരിച്ചിരുന്നു. ആശ്രമത്തിനകത്ത് ശ്വാസം മുട്ടിയാണ് ഇവര്‍ മരിച്ചത്. ഈ മരണങ്ങളില്‍ രാംപാലിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.
Next Story

RELATED STORIES

Share it