|    Oct 17 Wed, 2018 5:23 pm
FLASH NEWS
Home   >  National   >  

രാജാജി ഹാളിലേക്കുള്ള കോണിപ്പടിയില്‍ ജനക്കൂട്ടത്തിനിടയില്‍പ്പെട്ട് രാഹുല്‍; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് എസ്പിജി

Published : 10th August 2018 | Posted By: mtp rafeek

ചെന്നൈ: അന്തരിച്ച ഡിഎംകെ നേതാവ് എം കരുണാനിധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നൈയിലെ രാജാജി ഹാളിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുരക്ഷയൊരുക്കുന്നതില്‍ ഗുരുതര വീഴ്ച്ച വന്നതായി സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്(എസ്പിജി) ഉദ്യോഗസ്ഥര്‍. വൈകാരിക വിക്ഷോഭത്തില്‍ നില്‍ക്കുന്ന ഡിഎംകെ അനുയായികളുടെ തിങ്ങി നിറഞ്ഞ കൂട്ടത്തിനിടയിലൂടെ ഒരു വിധത്തിലാണ് രാഹുലിനെ എസ്പിജി കമാന്‍ഡോകള്‍ ഹാളിലേക്കെത്തിച്ചത്.

ഹാളിന്റെ പിറകിലെ കോവണിയിലൂടെ രാഹുല്‍ പ്രവേശിക്കവേ അദ്ദേഹത്തിന് ചുറ്റും വലയം തീര്‍ക്കേണ്ട എസ്പിജി ഒരവസരത്തില്‍ ചിന്നിച്ചിതറി. തുടര്‍ന്ന് കോവണിയുടെ കൈവരിയിലൂടെ വലിഞ്ഞ് കയറിയും മറ്റുമാണ് കമാന്‍ഡോകള്‍ സുരക്ഷ ഒരുക്കിയത്. സന്ദര്‍ശനം കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് മടങ്ങവേ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് രാഹുലിന് അധിക സുരക്ഷ ഒരുക്കുകയായിരുന്നു.

രാജാജി ഹാളിലെ സുരക്ഷാ കാര്യത്തില്‍ ചില്ലറ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇതാണ് വിഐപികളുടെ തൊട്ടടുത്ത് വരെ ജനങ്ങള്‍ എത്താനിടയാക്കിയത്. വിഷയം മനസ്സിലാക്കിയ ഉടനെ കൂടുതല്‍ സുരക്ഷ ഒരുക്കിയതായും പോലിസ് വ്യക്തമാക്കി.

രാജാജി ഹാളിന് പിറകിലെ കോവണി വിഐപികള്‍ക്കും പ്രമുഖ നേതാക്കള്‍ക്കും സെലിബ്രിറ്റികള്‍ക്കും മാത്രമാണ് നീക്കിവച്ചിരുന്നത്. പൊതുജനങ്ങള്‍ക്ക് മെയിന്‍ എന്‍ട്രന്‍സ് വഴി മാത്രമായിരുന്നു പ്രവേശനം. ഒരു മണിക്കൂറോളം പ്രധാന അതിഥികള്‍ക്ക് മാത്രമായി പിറകിലെ വഴി തങ്ങള്‍ ബ്ലോക്ക് ചെയ്ത് വച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തേക്ക് പോയ സമയത്ത് ഗെയ്റ്റുകള്‍ തുറന്നതോടെ ജനം ഇരച്ചുകയറുകയായിരുന്നുവെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രാഹുല്‍ വരുന്ന സമയവും സ്ഥലവും സംബന്ധിച്ച് എസ്പിജി കൃത്യമായി വിവരം കൈമാറാത്തതും സുരക്ഷാ വീഴ്ചയ്ക്ക് കാരണമായതായി പോലിസ് കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss