|    Dec 17 Mon, 2018 8:01 pm
FLASH NEWS
Home   >  Kerala   >  

രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍: അവസാന ആളെയും രക്ഷിക്കും വരെ ദൗത്യം തുടരും;ഇന്ന് സര്‍വകക്ഷിയോഗം

Published : 21st August 2018 | Posted By: sruthi srt

കോഴിക്കോട്: പ്രളയക്കെടുതിയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീളുന്നു. ഇന്ന് കൊണ്ട് രക്ഷാദൗത്യം അവസാനിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ അവസാന ആളെയും രക്ഷിക്കും വരെ ദൗത്യം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കി. തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. ചെങ്ങന്നൂരും പറവൂരും പാണ്ടനാടും നെല്ലിയാമ്പതിയുമാണ് രക്ഷാപ്രവര്‍ത്തനം ശേഷിക്കുന്നത്.

പത്തനംതിട്ടയില്‍ ഇന്നും കൊണ്ട് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാവും നദികളില്‍ ജലനിരപ്പു താഴ്‌ന്നെങ്കിലും പന്തളം, ആറന്മുള, ചെങ്ങന്നൂര്‍ തുടങ്ങിയ മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ഇനിയും വെള്ളം ഇറങ്ങിയിട്ടില്ല. വളരെ ചുരുക്കം ആളുകളെ മാത്രമെ ഇനി രക്ഷിക്കാനുള്ളൂവെന്നും ഇന്നു കൊണ്ടു രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു.
പ്രളയക്കെടുതിക്ക് ഇരയായവര്‍ക്കു ഹെലികോപ്റ്ററും ബോട്ടുകളും മുഖേന ഭക്ഷണ വിതരണം നടത്തുന്നുണ്ട്. അപ്പര്‍ കുട്ടനാട്ടിലെ നിരണം, കടപ്ര, പെരിങ്ങര എന്നിവിടങ്ങളിലും കോഴഞ്ചേരി താലൂക്കിലെ ആറാട്ടുപുഴയിലും ശബരിമലയിലും ഭക്ഷണ വിതരണം നടത്തും. ക്യാംപുകള്‍ നിരീക്ഷിക്കുന്നതിനു പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്ഥിതി നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും പല വീടുകളും ഇപ്പോഴും വെള്ളത്തിലാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. അതിനിടെ, പത്തനംതിട്ട നഗരത്തിനു സമീപമുള്ള വെള്ളക്കെട്ട് താഴ്ന്നപ്പോള്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി. കോ-ഓപറേറ്റീവ് കോളജിന് സമീപം ചര്‍ച്ച് ഓഫ് ഗോഡിന്റെ സെമിത്തേരി തകര്‍ന്നു മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു അഭ്യൂഹമുയര്‍ന്നത്. അതേസമയം, ജില്ലയിലെ ഡാമുകളില്‍ നീരൊഴുക്ക് വര്‍ധിച്ചത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കി. ശബരിഗിരി പദ്ധതിയുടെ ഭാഗമായ ആനത്തോട്, പമ്പ, മൂഴിയാര്‍ എന്നീ ഡാമുകള്‍ തുറന്നുവിടുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുമൂലം പമ്പയിലും കക്കാട്ടാറ്റിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. നദികളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പാണ്ടനാട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ സംഘത്തിന്റെ ഭാഗമായ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് അന്തിമഘട്ട രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. പ്രയാര്‍, കുത്തിയതോട്, മുറിയായിക്കര, ഉമയാറ്റുകര എന്നിവിടങ്ങളില്‍ പാണ്ടനാട്ട് നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിരുന്നില്ല. ഒഴുക്കുള്ള പമ്പാനദി മുറിച്ചുകടക്കാനാവാത്തതാണ് പ്രതിസന്ധിക്കു കാരണം. ചെങ്ങന്നൂരില്‍ ഇനിയും നിരവധി പേര്‍ ഒറ്റപ്പെട്ടുകിടക്കുകയാണെന്നാണ് റിപോര്‍ട്ട്.
അതേസമയം, പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ജില്ലയായ എറണാകുളത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ണമായെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കോട്ടയം നഗരം സാധാരണനിലയിലേക്ക് മടങ്ങുമ്പോഴും പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ സ്ഥിതി മോശമാണ്. കുമരകം, തിരുവാര്‍പ്പ് മേഖലകളില്‍ ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല.കുട്ടനാട്ടില്‍ 97 ശതമാനം പേരെയും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി കലക്ടര്‍ അറിയിച്ചിരുന്നു. ആലപ്പുഴ ജില്ലയില്‍ ആയിരത്തിലധികം ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. പാലക്കാട് നെല്ലിയാമ്പതിയില്‍ 3500 ഓളെ പേരെയും പുറത്ത് എത്തിക്കാനുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss