|    Dec 10 Mon, 2018 10:04 am
FLASH NEWS
Home   >  National   >  

‘ബാബരിയുടെ വീണ്ടെടുപ്പ് ഭരണഘടനയുടെ വീണ്ടെടുപ്പ്’: പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് എസ്ഡിപിഐ

Published : 26th November 2018 | Posted By: afsal ph

ന്യൂഡല്‍ഹി: ‘ബാബരിയുടെ വീണ്ടെടുപ്പ് ഭരണഘടനയുടെ വീണ്ടെടുപ്പ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിസംബര്‍ 6ന് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് റാലി നടത്തുമെന്ന് എസ്ഡിപിഐ. 6നു രാവിലെ 10 മണിക്ക് മണ്ഡിഹൗസില്‍ നിന്ന് ആരംഭിക്കുന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് ദേശീയ ഭാരവാഹികള്‍ അറിയിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു രാജ്യത്തിനു നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്തുതന്നെ അതു പുനര്‍നിര്‍മിക്കുമെന്ന് നരസിംഹ റാവു മുസ്‌ലിം സമുദായത്തിനു വാഗ്ദാനം നല്‍കിയിരുന്നു. അത് നിറവേറ്റാന്‍ കേന്ദ്ര സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് പാര്‍ട്ടി ഭാരവാഹികള്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനായി ആര്‍എസ്എസും അനുബന്ധ സംഘടനകളായ ശിവസേന, വിഎച്ച്പി, ബജ്‌രംഗ്ദള്‍ എന്നിവയുടെയും നേതൃത്വത്തില്‍ അയോധ്യയിലെ സമാധാനവും സാമുദായിക മൈത്രിയും തകര്‍ക്കുന്ന തരത്തില്‍ സംഘടിച്ചത് അപലപനീയമാണെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ അന്തിമ വിധി വരാനിരിക്കെ കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി നിയമവിരുദ്ധമായി രാമക്ഷേത്രം നിര്‍മിക്കാനുള്ള ഹിന്ദുത്വഭീകര സംഘടനകളുടെ നീക്കം രാജ്യത്തെ സമാധാനം തകര്‍ക്കുമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് ആര്‍ പി പാണ്ഡേ പറഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് അയോധ്യയിലും ഫൈസാബാദിലും സംഘപരിവാര ക്രിമിനലുകള്‍ റോന്തുചുറ്റുകയാണെന്നും ഇതുമൂലം പ്രദേശത്തെ മുസ്‌ലിംകള്‍ ഭീതിയിലാണെന്നും നേതാക്കള്‍ പറഞ്ഞു.
പൊള്ളയായ വികസന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിട്ടപ്പോള്‍ രാജ്യെത്ത മുഴുവന്‍ മേഖലകളും തകര്‍ന്നിരിക്കുകയാണ്. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വികസനം ചൂണ്ടിക്കാട്ടി വോട്ടുപിടിക്കാന്‍ സാധിക്കാതെവന്ന കേന്ദ്രസര്‍ക്കാര്‍ രാമക്ഷേത്രവികാരം ഉയര്‍ത്തി വീണ്ടും അധികാരം നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ് പറഞ്ഞു. ബാബരി മസ്ജിദ് നിലനിന്നിരുന്ന യഥാസ്ഥാനത്ത് പള്ളി പുതുക്കിപ്പണിയണമെന്നും പള്ളി തകര്‍ത്ത സ്ഥാനത്ത് നിര്‍മിക്കപ്പെട്ട താല്‍ക്കാലിക ക്ഷേത്രത്തില്‍ നിന്ന് രാമവിഗ്രഹം എടുത്തുമാറ്റി ക്ഷേത്രം പൊളിച്ചുമാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ ദേശീയ ഉപാധ്യക്ഷന്‍ ഡോ. തസ്‌ലീം അഹ്മദ് റഹ്മാനി, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫി, ഡല്‍ഹി സ്റ്റേറ്റ് കണ്‍വീനര്‍ ഡോ. നിസാമുദ്ദീന്‍ ഖറാന്‍ എന്നിവരും സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss