|    Nov 16 Fri, 2018 11:48 pm
FLASH NEWS
Home   >  National   >  

പട്ടേലിന്റെ പ്രതിമനിര്‍മാണം തികഞ്ഞ ധൂര്‍ത്ത്: എസ്ഡിപിഐ

Published : 1st November 2018 | Posted By: afsal ph


ബില്‍വാര: നിരക്ഷരരും പട്ടിണിക്കാരുമായ കോടിക്കണക്കിന് ജനങ്ങളുള്ള ഇന്ത്യപോലൊരു രാജ്യത്ത് ജനങ്ങളുടെ നികുതിപ്പണമായ 3000 കോടി രൂപ ചിലവിട്ട് ഒരു പ്രതിമ നിര്‍മിച്ച നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നടപടി തികഞ്ഞ ധൂര്‍ത്താണെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എംകെ ഫൈസി. രാജസ്ഥാനിലെ ബില്‍വാരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫൈസി. തികഞ്ഞ വിഭാഗീയതയും അസഹിഷ്ണുതയും നടമാടുന്ന രാജ്യത്ത് ഐക്യത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത് തന്നെ വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു. നിലനില്‍പ് പരുങ്ങലിലായ അവസരത്തില്‍ അതിജീവനത്തിനായാണ്, തങ്ങളെ എന്നും എതിര്‍ത്തിട്ടുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മിക്കാന്‍ സംഘപരിവാരം തീരുമാനം കൈക്കൊണ്ടത്. സ്വാതന്ത്യ സമരത്തില്‍ പോലും ഒരു സംഭാവനയും നല്‍കാനാവാത്തവര്‍ പട്ടേലിന്റെ പൈതൃകം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് ലജ്ജാകരമാണ്. പ്രതിമയുടെ നിര്‍മാണം പൂര്‍ണമായും ദുര്‍വ്യയമാണ്. രാജ്യത്ത് കോടിക്കണക്കിന് ജനങ്ങള്‍ പാതയോരത്താണ് അന്തിയുറങ്ങുന്നത്. വിശപ്പടക്കാന്‍ ആഹാരമോ ചികില്‍സക്ക് പണമോ ഇല്ലാത്തവര്‍. ദാരിദ്ര്യം കാരണം സ്‌കൂളിന്റെ പടിപോലും കാണാനാവാത്ത കുട്ടികള്‍. ഇത്തരമൊരു സാഹചര്യത്തിലാണ് 3000 ഏക്കര്‍ സ്ഥലം ഗോത്രവര്‍ഗക്കാരില്‍ നിന്നും തട്ടിയെടുത്ത് കുത്തകകള്‍ക്ക് പ്രതിമ നിര്‍മിക്കാന്‍ നല്‍കിയത്. രാജ്യത്ത് വിദ്വേഷവും അനൈക്യവും അസഹിഷ്ണുതയും വര്‍ധിക്കുകയാണെന്ന് നമുക്കറിയാം. മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങള്‍ ധ്രൂവീകരിക്കപ്പെടുകയാണ്. നമ്മുടെ പൂര്‍വികരില്‍ തികഞ്ഞ ഐക്യമുണ്ടായിരുന്നുവെന്നത് സത്യമാണ്. ഇത്തരത്തില്‍ ഐക്യത്തിനായി പരിശ്രമിക്കുന്നവരെ ഇന്ന് എല്ലാ മേഖലയിലും ചവിട്ടിത്താഴ്ത്തുകയും അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കുകയുമാണ്. ഈ പ്രതിമയിലെവിടെയാണ് ഐക്യമെന്നും ഫൈസി ചോദിച്ചു. ഇപ്പോള്‍ നമുക്കെന്തിനാണിത്തരമൊരു പ്രതിമ?. ഏതെങ്കിലും തരത്തില്‍ ഇത് രാജ്യത്തിന് ഗുണകരമാവുമോ?. ഈ 3000 കോടി ആരോഗ്യമേഖല, വിദ്യാഭ്യാസം, ദാരിദ്ര നിര്‍മാര്‍ജനം, വണ്‍റാങ്ക വണ്‍പെന്‍ഷന്‍ തുടങ്ങിയ മേഖലകളില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഫലം മികച്ചതാവുമായിരുന്നു. ആയിരക്കണക്കിന് കര്‍ഷകരുടെയും പട്ടാളക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാമായിരുന്നു. ഇതാണ് പട്ടേലിന് നല്‍കാമായിരുന്ന ഏറ്റവും വലിയ ആദരം. ഇത്തരത്തിലാണ് ഒരു സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കേണ്ടത്. 75000 ഗോത്രവര്‍ഗക്കാരുടെ ഭൂമി തട്ടിയെടുത്തും 12000 ഏക്കര്‍ കൃഷിഭൂമി നശിപ്പിച്ചുമാണ് പ്രതിമ നിര്‍മിച്ചത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജീവിച്ചിരിുന്നുവെങ്കില്‍, കര്‍ഷക പ്രശ്‌നങ്ങളും തൊഴില്‍രഹിതരും ന്യൂനപക്ഷങ്ങളുടെ നേര്‍ക്കുള്ള അസഹിഷ്ണുതയും നടമാടുന്ന ഈ സമയത്ത് പ്രതിമ നിര്‍മിക്കാനുള്ള തീരുമാനത്തെ തീര്‍ച്ചയായും എതിര്‍ക്കുമായിരുന്നു. പ്രളയം മൂലം കനത്ത നഷ്ടം സംഭവിച്ച കേരളത്തിന് കേവലം 600 കോടി രൂപ മാത്രം നല്‍കിയ മോദിസര്‍ക്കാരാണ് പ്രതിമക്കായി 3000 കോടി രൂപ ചെലവിട്ടത്. ജനങ്ങളുടെ ജീവിതത്തേക്കാള്‍ പ്രതിമക്കാണ് മോദി പ്രാധാന്യം നല്‍കിയത്. മോദിയുടെ അഹംഭാവം മാത്രമാണ് നിര്‍മാണത്തിനു പിന്നിലെന്നും ഫൈസി കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് മോദി ഗുജറാത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെയും പശ്ചിമ ബംഗാളില്‍ പട്ടേലിന്റെയും പ്രതിമ നിര്‍മിക്കാത്തത്?. വോട്ട ബാങ്ക് രാഷ്ട്രീയം മാത്രമാണ് ഇതിനുള്ള കാരണമെന്നും ഫൈസി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss