|    Nov 20 Tue, 2018 9:07 pm
FLASH NEWS
Home   >  Kerala   >  

പ്രളയജലത്തില്‍ നാടിന് കൈത്താങ്ങായി എസ്ഡിപിഐ ജനപ്രതിനിധികള്‍

Published : 30th August 2018 | Posted By: G.A.G

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മണ്ണഞ്ചേരി പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ രഹ്‌ന മന്‍സിലില്‍ റഹീമിന്റെ വീട്ടില്‍ താമസിച്ചിരുന്നവരെ മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ വി കിഷോര്‍കുമാറിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കുന്നു

ആലപ്പുഴ: സംസ്ഥാനമൊന്നടങ്കം ഭീതി പരത്തി പ്രളയജലം ഒഴുകിയെത്തിയപ്പോള്‍ ദുരിതബാധിതര്‍ക്കും നാടിനും കൈത്താങ്ങായി എസ്ഡിപി ഐ ജനപ്രതിനിധികള്‍. പ്രളയം ഏറ്റവുമധികം നാശം വിതച്ച ജില്ലകളിലൊന്നായ ആലപ്പുഴയില്‍ എന്തു ചെയ്യണമെന്നറിയാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പകച്ചു നിന്നപ്പോഴും ദൂരിതബാധിതരുടെ കണ്ണീരൊപ്പി അവരെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തിയ പാര്‍ട്ടിയുടെ ജനപ്രതിനിധികളെ നന്ദിയോടെയാണ് ക്യാംപില്‍ കഴിഞ്ഞവര്‍ സ്മരിക്കുന്നത്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാരായ കെ വി കിഷോര്‍കുമാര്‍, ഹസീന ബഷീര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീജാനൗഷാദ്, വാഹിദ കുഞ്ഞുമോന്‍ എന്നിവരുടെ നിസ്വാര്‍ത്ഥ സേവനങ്ങളാണ് ദുരിതബാധിതര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നത്.
വേമ്പനാട്ട് കായലിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന മണ്ണഞ്ചേരിയില്‍ ആഗസ്ത് മാസം ആദ്യത്തോടെ തന്നെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. വെള്ളം ക്രമാതീതമായി ഉയര്‍ന്ന് വീടിനുള്ളിലേക്ക് ഇരച്ചു കയറിയപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച തങ്ങള്‍ക്ക് രക്ഷകരായത് വാര്‍ഡംഗം ഹസീന ബഷീറും വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ നവാസ് നൈനയും അവരുടെ സംഘടനയുമാണെന്ന് മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ താമസക്കാരായ കിളിയാംതറയില്‍ നാരായണനും കിഴക്കേ കളത്തറയില്‍ ചന്ദ്രികയും ഒരേ സ്വരത്തില്‍ പറയുന്നു. എഴുന്നേറ്റ് നടക്കാന്‍ കഴിയാതെ കട്ടിലില്‍ തന്നെ കിടന്നവരേയും കൊച്ചുകുട്ടികളേയും ഉള്‍പ്പെടെ ഇവര്‍ എടുത്ത് ദുരിതാശ്വാസ ക്യാംപുകളിലെത്തിച്ചു. ക്യാംപുകളില്‍ കഴിഞ്ഞ തങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും എത്തിച്ചു തരുന്നതിലും ഇവര്‍ ജാഗ്രത കാണിച്ചു. വെള്ളം ഇറങ്ങിപ്പോയപ്പോള്‍ വീടുകള്‍ ശുചീകരിച്ച് പുനരധിവാസത്തിന് നടപടി സ്വീകരിച്ചതടക്കം മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ കാഴ്ചവെച്ചതെന്ന് പ്രദേശവാസികളൊന്നടങ്കം സമ്മതിക്കുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനേഴാം വാര്‍ഡിലും വലിയ വെള്ളപ്പൊക്ക കെടുതിയാണ് ഉണ്ടായത്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിച്ച വാര്‍ഡ് മെംബര്‍ കെ വി കിഷോര്‍കുമാറിനേയും
വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഷാജി പൂവ്വത്തിലിനേയും എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരേയും പിന്നീട് പ്രദേശ വാസികള്‍ അനുമോദിക്കുകയും ചെയ്തു. പതിനേഴാം വാര്‍ഡില്‍ ഏകദേശം ആയിരത്തോളം വീടുകളില്‍ വെള്ളം കയറി. പരപ്പില്‍, കന്നിട്ടപറമ്പ്, മാച്ചിനാട്ട് കോളനി എന്നിവിടങ്ങളാണ് വെള്ളത്തിനടിയിലായത്.
കുട്ടനാട്ടുകാരെ പുനരധിവസിപ്പിച്ച വണ്ടാനം ഗുരുമന്ദിരം ദുരിതാശ്വാസ ക്യാംപ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടപ്പോള്‍ കണ്ണീരോടെയാണ് പലരും പിരിഞ്ഞു പോയത്. ഈ ക്യാംപിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് എസ്ഡിപിഐ ഗ്രാമപ്പഞ്ചായത്തംഗമായ ഷീജനൗഷാദിനെയും പ്രളയംബാധിച്ച കമ്പിവളപ്പ് വാര്‍ഡ് മെമ്പര്‍ വാഹദ കുഞ്ഞുമോനെയും നന്ദിയോടെയാണ് ക്യാംപംഗങ്ങള്‍ സ്മരിക്കുന്നത്. പ്രളയത്തിന്റെ ദുരിതം പേറി കഴിഞ്ഞ 16 ന് 63 കുടുംബങ്ങളാണ് വണ്ടാനം ഗുരുമന്ദിരം ക്യാംപിലെത്തിയത്. കുരുന്നുകളും വൃദ്ധരുമടക്കം 175 പേരാണ് ഇവിടെ എത്തിച്ചേര്‍ന്നത്. കുട്ടനാട്ടിലെ എടത്വ, ചമ്പക്കുളം, കൈനകരി, വൈശ്യംഭാഗം, പുറക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവിടെ അഭയം തേടിയെത്തിയത്. എന്നാല്‍ ആദ്യത്തെ രണ്ടുദിവസം അധികൃതര്‍ ഇവരെ തിരിഞ്ഞു നോക്കിയില്ല. ആ ദിവസങ്ങളിലൊക്കെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അടക്കമുള്ള സന്നദ്ധ സംഘടനകളാണ് ഇവര്‍ക്ക് സഹായവും സാന്ത്വനവും നല്‍കിയത്. അധികൃതരുടെ അവഗണന തുടര്‍ന്നപ്പോള്‍ ഷീജ തന്നെ ഇടപെട്ടു മനുഷ്യാവകാശ കമ്മീഷനെ ബന്ധപ്പെട്ടു. തുടര്‍ന്നാണ് ക്യാംപിനു സര്‍ക്കാര്‍ അംഗീകാരം തന്നെ ലഭിച്ചത്. പിന്നീടുള്ള 12 ദിവസം ജാതി-മത-വര്‍ണ വ്യത്യാസമില്ലാതെ അതിജീവനത്തിന്റെ കൂട്ടായ്മയും സ്‌നേഹവുമായിരുന്നു ക്യാംപില്‍ നിറഞ്ഞുനിന്നത്. സിപിഎം ഒഴിച്ചുള്ള എല്ലാ സംഘടനകളും സഹായഹസ്തവുമായി ക്യാപില്‍ നിറഞ്ഞുനിന്നു. 27 ന് ക്യാംപ് പിരിച്ചുവിടുമ്പോള്‍ വേര്‍പിരിയുന്നതിന്റെ നൊമ്പരം അണപൊട്ടിയതായി ഷീജാ നൗഷാദ് സാക്ഷ്യപ്പെടുത്തുന്നു. വസ്ത്രങ്ങള്‍ കൂടാതെ ഏഴരകിലോ അരിയും 17 കൂട്ടം പലചരക്ക് അടങ്ങുന്ന കിറ്റും നല്‍കിയാണ് പ്രളയബാധിതരെ യാത്രയയച്ചത്. ക്യാംപിന്റെ നല്ല നടത്തിപ്പിനു വില്ലേജ് ഓഫിസറും അന്തേവാസികളും ചേര്‍ന്നു ഗ്രാമപ്പഞ്ചായത്തംഗം ഷീജയ്ക്ക് ഉപഹാരവും നല്‍കി. എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒരുക്കിയ വാഹനങ്ങളിലാണ് ക്യാംപിലുള്ളവരെ സ്വന്തം നാട്ടിലെത്തിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss