|    Aug 16 Thu, 2018 5:25 pm
Home   >  National   >  

സോഷ്യല്‍ മീഡിയ ഹബ്ബ് രൂപീകരിക്കാന്‍ ഉദ്ദേശമില്ല; കോടതിയില്‍ മലക്കം മറിഞ്ഞ് കേന്ദ്രം

Published : 3rd August 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി: പൗരന്മാരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് വേണ്ടിയുള്ള സോഷ്യല്‍ മീഡിയ ഹബ്ബ് രൂപീകരിക്കാനുള്ള നിര്‍ദേശം പിന്‍വലിക്കുന്നതായി കേന്ദ്രം സുപ്രിം കോടതിയില്‍. ചീഫ് ജസ്റ്റിസ് ദീപ് മിശ്ര തലവനായ ബെഞ്ചിന് മുന്നില്‍ അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത്.

സോഷ്യല്‍ മീഡിയ ഹബ്ബ് രൂപീകരിക്കാനുള്ള വിജ്ഞാപനം പിന്‍വലിക്കുന്നതായി കെ കെ വേണുഗോപാല്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ നയം സര്‍ക്കാര്‍ പൂര്‍ണമായും പുനപ്പരിശോധിക്കുമെന്നും ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന് മുന്നില്‍ അറ്റോണി ജനറല്‍ വ്യക്തമാക്കി. ഇതോടെ സോഷ്യല്‍ മീഡിയ ഹബ്ബിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജി കോടതി തീര്‍പ്പാക്കി.

പൗരന്മാരുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള ആയുധമായാണ് കേന്ദ്രം സോഷ്യല്‍ മീഡിയ ഹബ്ബ് കൊണ്ടുവരുന്നതെന്നും അതു തടയണമെന്നും ആവശ്യപ്പെട്ട് ടിഎംസി നിയമസഭാഗം മഹുവ മൊയ്ത്രയാണ് സുപ്രിം കോടതിയെ സമീപിച്ചത്.

ജൂലൈ 13ന് ഹരജി പരിഗണിക്കവേ കേന്ദ്രത്തിന്റെ നീക്കത്തെ സുപ്രിം കോടതി രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്തിരുന്നു. ജനങ്ങളുടെ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തി നിരീക്ഷണ ഭരണകൂടം സ്ഥാപിക്കാനാണോ കേന്ദ്രം ഉദ്ദേശിക്കുന്നതെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss