|    Dec 17 Mon, 2018 10:26 am
FLASH NEWS

ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സ്‌കൂള്‍ നാടകത്തിനെതിരെ പ്രതിഷേധം

Published : 24th November 2018 | Posted By: mtp rafeek

കോഴിക്കോട്: കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെതിരെ മുസ്്‌ലിം സംഘടനകളുടെ പ്രതിഷേധം. ഇസ്്‌ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് നാടകത്തിന്റെ പ്രമേയമെന്നാണ് ആക്ഷേപം. മേമുണ്ട ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച കിതാബ് എന്ന നാടകമാണ് വിവാദമായിരിക്കുന്നത്.

മസ്്ജിദില്‍ ബാങ്ക്‌വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് നാടകത്തിന്റെ ഇതിവൃത്തം. ബാങ്ക് വിളിക്കാന്‍ മുക്രിയുടെ മകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് നാടകത്തിലുള്ളത്. നാടകത്തിലെ സംഭാഷണങ്ങള്‍ പലതും ഇസ്്‌ലാമിലെ വിശ്വാസത്തെയും ആചാരങ്ങളെയും വികലമായി ചിത്രീകരിക്കുന്നതാണ്.

നാടകത്തില്‍ ഉപ്പ കഥാപാത്രം ഉമ്മയോട് പറയുന്നുണ്ട്, പുരുഷന്മാരുടെ വാരിയെല്ലില്‍ നിന്നാണ് സ്ത്രീകളെ സൃഷ്ടിച്ചത്, അത് കൊണ്ട് സ്ത്രീക്ക് പുരുഷന്റെ പകുതി ബുദ്ധിയെ ഉണ്ടാവുകയുള്ളൂ എന്ന്. പുരുഷന്റെ ബുദ്ധിയുടെ പകുതിയേ സ്ത്രീകള്‍ക്കുള്ളൂവെങ്കില്‍ പുരുഷന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പകുതി സ്ത്രീ കഴിച്ചാല്‍ പോരേ, പുരുഷന്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പകുതി ധരിച്ചാല്‍ പോരേ എന്നു മകള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ബുദ്ധി പകുതിയാണെങ്കിലും വസ്ത്രം ഇരട്ടി ധരിക്കണമെന്ന് കിതാബിലുണ്ടെന്നാണ് പിതാവായി അഭിനയിക്കുന്ന കഥാപാത്രം ഓര്‍മിപ്പിക്കുന്നത്. ഇസ്‌ലാമിലെ വസത്രധാരണാ രീതിയെ അവഹേളിക്കുകയും ഖുര്‍ആനിലെ പരാമര്‍ശങ്ങളെ തെറ്റായി അവതരിപ്പിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.

മുക്രിയുടെ നാലാമത്തെ ഭാര്യ തന്റെ ഭര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഭക്ഷണത്തിന് കോഴിയെ പിടിക്കാന്‍ ഓടുന്ന രംഗം ദീര്‍ഘ നേരം കാണിക്കുന്നുണ്ട്. ജുമഅത്ത് പള്ളിയില്‍ കയറി ബാങ്ക് കൊടുക്കണമെന്ന തന്റെ സ്വപ്നം മുക്രിയുടെ മകള്‍ വീട്ടുകാരുമായി പങ്കുവെക്കുന്നു. എന്നാല്‍ അത് നമ്മുടെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും സ്വര്‍ഗത്തില്‍ കടക്കാന്‍ കഴിയില്ലെന്നും പിതാവ് ഓര്‍മിപ്പിക്കുമ്പോള്‍ സ്വര്‍ഗത്തില്‍ പുരുഷന്മാരായ നിങ്ങള്‍ക്ക് ഹൂറുലീങ്ങള്‍ ഉണ്ട്, സ്ത്രീകള്‍ക്ക് ഹൂറന്‍മാരില്ലല്ലോ പിന്നെ ഞങ്ങള്‍ക്ക് എന്തിനാ സ്വര്‍ഗം എന്ന് മകള്‍ തിരിച്ച് ചോദിക്കുന്നു.

മകള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് അവള്‍ക്ക് പ്രേതബാധ കാരണമാണെന്നും അതുകൊണ്ട് ഖുര്‍ആന്‍ ശകലങ്ങള്‍ ഓതി ഉപ്പയും ഉമ്മയും അവളുടെ മുഖത്തും ശരീരത്തും തുപ്പുന്നു. ബാങ്ക് കൊടുക്കണമെന്ന ആവശ്യം പിന്‍വലിക്കാത്തതിനാല്‍ വലിയ വടിവാള്‍ എടുത്തു കൊല്ലാന്‍ നോക്കുന്ന മുക്രിയും നാടകത്തിലുണ്ട്. മകളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി പള്ളിയില്‍ സ്ത്രീകള്‍ ഒന്നിച്ചു ബാങ്ക് കൊടുക്കുന്ന രംഗത്തോടുകൂടിയാണ് നാടകം അവസാനിക്കുന്നത്.

നാടകത്തിന്റെ പ്രമേയത്തില്‍ പ്രതിഷേധിച്ച് മേമുണ്ട സ്‌കൂളിലേക്ക് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.
എസ്എഫ്‌ഐ പ്രവര്‍ത്തകരായ 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അതേസമയം വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ യുവജനോല്‍സവത്തിന്റെ പ്രധാന വേദിയിലേക്ക് പ്രതിഷേ മാര്‍ച്ച് നടത്തി.

അതേ സമയം, ഇസ്്‌ലാംമത വിരുദ്ധമായി നാടകത്തില്‍ ഒന്നുമില്ലെന്നും ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ വിദ്യാഭ്യാസവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. മതത്തിലെ ആചാരങ്ങളെ വിമര്‍ശനിക്കുന്നതിന് പകരം മതത്തെ അവഹേളിക്കുകയാണ് നാടകത്തിലൂടെ ചെയ്യുന്നതെന്നാണ് ആക്ഷേപം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss