Flash News

ഖഷഗ്ജി കോണ്‍സുലേറ്റില്‍ വച്ചു മല്‍പ്പിടുത്തത്തില്‍ കൊല്ലപ്പെട്ടുവെന്നു സൗദി

ഖഷഗ്ജി കോണ്‍സുലേറ്റില്‍ വച്ചു മല്‍പ്പിടുത്തത്തില്‍ കൊല്ലപ്പെട്ടുവെന്നു സൗദി
X


റിയാദ് : മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി ഇസ്താംബുളിലെ തങ്ങളുടെ കോണ്‍സുലേറ്റില്‍ വച്ചു മല്‍പ്പിടുത്തത്തില്‍ കൊല്ലപ്പെട്ടുവെന്നു സൗദി. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നു വരികയാണെന്നും 18 സൗദി പൗരന്‍മാര്‍ അറസ്റ്റിലായതായും സൗദി അറ്റോണി ജനറല്‍ ഷെയ്ഖ് സൗദ് അല്‍ മോജെബ് പ്രസ്താവനയില്‍ അറിയിച്ചു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകന്‍ സൗദ് അല്‍ ഖഹ്താനി, ഡെപ്യൂട്ടി ഇന്റലിജന്‍സ് തലവന്‍ മേജര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് സ്ഥാനത്തു നിന്നും നീക്കിയതായും അദ്ദേഹം അറിയിച്ചു.
ഖഷഗ്ജി കൊല്ലപ്പെട്ടുവെന്നു സ്ഥിരീകരിക്കുന്ന റിപോര്‍ട്ട് തയ്യാറാക്കാനായി സൗദി ഭരണകൂടം ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഖഷഗ്ജിയെ വധിച്ചതിന്റെ കുറ്റം ഉദ്യോഗസ്ഥരുടെ മേല്‍ ചുമത്തി മുഖം രക്ഷിക്കാനുള്ള നീക്കമാണ് സൗദി നടത്തുകയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
ഒക്ടോബര്‍ 2ന് സൗദി കോണ്‍സുലേറ്റിനുള്ളില്‍ പ്രവേശിച്ച ശേഷമാണ് ഖഷഗ്ജിയെ കാണാതായത്.
ഖഷഗ്ജിയെ സൗദി എംബസിയില്‍ പ്രവേശിച്ചതിനു ശേഷം കാണാതായ വിവരം പുറത്തുവന്നപ്പോള്‍ അദ്ദേഹം കോണ്‍സുലേറ്റില്‍ നിന്ന് തിരിച്ചുപോയെന്നായിരുന്നു സൗദിയുടെ അവകാശവാദം.
അതിനിടെ ഖഷഗ്ജിയുടെ കൊലപാതകത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ മിഡിലീസ്റ്റ് ഐ രംഗത്തുവന്നിരുന്നു. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷഗ്ജിയെ രണ്ടുപേര്‍ ചേര്‍ന്ന് കോണ്‍സല്‍ ജനറലിന്റെ ഓഫിസില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷണസംഘവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിഡിലീസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തതത്. മൃതദേഹം വെട്ടിനുറുക്കി കോണ്‍സല്‍ ജനറലിന്റെ വീട്ടിലെ പൂന്തോട്ടത്തില്‍ കുഴിച്ചുമൂടുകയും ചെയ്തതായാണ്്്് റിപോര്‍ട്ടിലുണ്ടായിരുന്നത്്.
ഖഷഗ്ജി എപ്പോഴാണ്, ഏതു മുറിയില്‍ വച്ചാണ് കൊല്ലപ്പെട്ടതെന്നും മൃതദേഹം വെട്ടിമുറിച്ചത് എവിടെവച്ചാണെന്നും തങ്ങള്‍ക്കറിയാമെന്ന് അന്വേഷണസംഘവുമായി നേരിട്ടു ബന്ധമുള്ള തുര്‍ക്കി ഉദ്യോഗസ്ഥന്‍ അറിയിച്ചതായും മിഡിലീസ്റ്റ് ഐ വെളിപ്പെടുത്തിയിരുന്നു.
പുനര്‍വിവാഹവുമായി ബന്ധപ്പെട്ട ചില രേഖകള്‍ക്കായി കോണ്‍സുലേറ്റില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് 59കാരനായ ഖഷഗ്ജിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
അതിനിടെ, ഖഷഗ്ജി സ്വന്തം അന്ത്യനിമിഷം ആപ്പിള്‍ വാച്ചില്‍ റിക്കാഡ് ചെയ്ത് ഭാര്യക്ക് അയച്ചുവെന്ന് സംശയമുണ്ടെന്ന് തുര്‍ക്കി പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നില്‍ സൗദി അറേബ്യയാണെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it