|    Nov 19 Mon, 2018 1:59 am
FLASH NEWS
Home   >  National   >  

കൊലപാതകിയെന്ന് വിളിച്ച കേന്ദ്ര നിയമ മന്ത്രിക്കു ശശി തരൂരിന്റെ വക്കീല്‍ നോട്ടീസ്

Published : 1st November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: കൊലപാതകിയെന്നു വിളിച്ചതിന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദിനെതിരേ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ വക്കീല്‍ നോട്ടീസ് അയച്ചു. 48 മണിക്കൂറിനുള്ളില്‍ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടുപോവുമെന്നാണ് നോട്ടീസിലുള്ളത്. ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന വിധത്തില്‍ സംസാരിച്ച മന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ശശി തരൂര്‍ നോട്ടീസ് അയച്ചത്. സുനന്ദ പുഷ്‌കര്‍ കേസില്‍ കോടതിയോ പ്രോസിക്യൂഷനോ തനിക്കെതിരേ ഒരു കുറ്റവും ആരോപിച്ചിട്ടില്ല. അന്വേഷണത്തിന്റെ തുടക്കംമുതല്‍ സര്‍വപിന്തുണയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. പോലിസിന്റെ കുറ്റപത്രത്തിലും താന്‍ കുറ്റക്കാരനാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും കേന്ദ്രമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്നും തരൂര്‍ പറഞ്ഞു. 2014 ജനുവരി 17നാണു ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷകറിനെ ഡല്‍ഹിയിലെ ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസ് നടപടികള്‍ തുടരുന്നതിനിടെയാണ് കേന്ദ്രനിയമമന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ നരേന്ദ്രമോദി അനാഛാദനം ചെയ്തതിനെ വിമര്‍ശിച്ച് തരൂര്‍ ട്വിറ്ററിലൂടെ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഈയിടെയായി ശശി തരൂരും ബിജെപി-ആര്‍എസ്എസ് നേതാക്കളും തമ്മിലുള്ള പോര് വര്‍ധിച്ചിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss