|    Nov 15 Thu, 2018 7:17 am
FLASH NEWS
Home   >  Kerala   >  

കൊല്ലപ്പെടാന്‍ തയ്യാറായിരിക്കുക എന്നതാണ് ഓരോ എഴുത്തുകാരന്റെയും ജീവിതം : സച്ചിദാനന്ദന്‍

Published : 12th August 2018 | Posted By: G.A.G

തിരുവനന്തപുരം: നിരന്തരമായി സത്യം പറഞ്ഞുകൊണ്ടിരിക്കുകയെന്നത് ഒരു യഥാര്‍ത്ഥ എഴുത്തുകാരന്റെ ലക്ഷണമാണെന്നും ഈ സാഹചര്യത്തില്‍ കൊല്ലപ്പെടാന്‍ തയ്യാറായിരിക്കുക എന്നതാണ് ഓരോ എഴുത്തുകാരന്റെയും ജീവിതമെന്നും കവി സച്ചിദാനന്ദന്‍. കേരളത്തില്‍ ഫാഷിസത്തിന്റെ ദുസ്വാധീനങ്ങളെ തുറന്നുകാണിക്കുന്ന പ്രതിരോധം ദൗര്‍ഭാഗ്യവശാല്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
പുരോഗമന കലാ സാഹിത്യ സംഘംസംസ്ഥാന കണ്‍വന്‍ഷന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സച്ചിദാനന്ദന്‍.

കേരളത്തില്‍ സാധാരണജനങ്ങളിലേക്ക് എത്തുന്ന പ്രതിരോധത്തിന്റെ ദൃശ്യ ശ്രാവ്യ കലാ രൂപങ്ങള്‍ വളര്‍ന്നുവരാത്തത് അത്ഭുതപ്പെടുത്തുകയാണ്. പടിഞ്ഞാറന്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായിരുന്ന ഗാനശാഖകളും ഇവിടെ ഉദയം ചെയ്യുന്നില്ല. നവോത്ഥാനത്തിന്റെ മുമ്പും പിന്നീടുമുണ്ടായ പ്രതിരോധ കലാരൂപങ്ങള്‍ ഇന്നും ഏറെ പ്രസക്തമാണ്.
ശൂദ്രനായ എഴുത്തച്ഛന്‍ രാമായണം എഴുതുന്നത് വേദം കേട്ട ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന സവര്‍ണ തീട്ടൂരം നിലനില്‍ക്കുമ്പോഴായിരുന്നു. നവ ലിബറലുകളെ വളര്‍ത്തുന്ന കപട ദേശീയതയാണ് രാജ്യം ഭരിക്കുന്നത്. യഥാര്‍ത്ഥ ദേശസ്‌നേഹം അടിത്തട്ടിലുള്ള കീഴാള ജനതയെ സ്‌നേഹിക്കലാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങിക്കേള്‍ക്കുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥവത്താകുന്നത്. ജനങ്ങളുടെ അധികാരത്തെ അടിച്ചൊതുക്കുന്ന സര്‍ക്കാര്‍ ഇവിടെ നിലനില്‍ക്കുന്നത്. അധികാരത്തെ ചോദ്യം ചെയ്യല്‍ പോലും അസാധ്യമായ കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. പരിസ്ഥിതി സംരക്ഷണത്തിലും തൊഴിലാളികളുടെ അവകാശത്തിലും വെള്ളം ചേര്‍ക്കുന്നത് ജനാധിപത്യത്തിന്റെ ധാര്‍മികതയെ പോലും ചോദ്യം ചെയ്യുന്നു. ജീവിതത്തില്‍ രാഷ്ട്രീയത്തിന്റെ ഇടം ചുരുക്കാന്‍ ശ്രമം തുടരുകയാണ്. രാഷ്ട്രീയമായ ആവിഷ്‌കാരങ്ങളെ അടിച്ചമര്‍ത്തുകയാണ്. ഒരുകാലത്ത് ക്ഷേത്രവളപ്പുകളിലാണ് നവോത്ഥാന കലാരൂപങ്ങള്‍ പുഷ്ടിപ്പെട്ടത്. ഇന്ന് പ്രതിരോധത്തിന്റെ ഇടങ്ങളായ മൈതാനങ്ങളും ക്ഷേത്രവളപ്പുകളും ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്. മീശ നോവല്‍ കീഴാള ജനതയുടെ ജീവിതം ആഴത്തില്‍ അവതരിപ്പിക്കുന്ന സൃഷ്ടിയാണ്. വിവിധ ഭാഗങ്ങളിലെ ചില വാക്കുകള്‍ മാത്രം വായിക്കുന്ന കുറച്ചുപേര്‍ മാത്രമാണ് അതിനെതിരേ രംഗത്തുവന്നിരിക്കുന്നത്. രാഷ്ട്രീയമായ ഇടങ്ങളെ വളര്‍ത്തിക്കൊണ്ടുവന്ന് ഇതിനെ നേരിടണം. എഴുത്തുകാരന്റെ മുമ്പില്‍ അക്രമികള്‍ തോക്കുമായി നിലയുറപ്പിച്ചിരിക്കുകയാണ്. എങ്കിലും നിരന്തരമായി സത്യം പറഞ്ഞുകൊണ്ടിരിക്കുകയെന്നത് ഒരു യഥാര്‍ത്ഥ എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ ലക്ഷണമാണ്. ഈ സാഹചര്യത്തില്‍ ‘കൊല്ലപ്പെടാന്‍ തയ്യാറായിരിക്കുക’ എന്നതാണ് ഓരോ ഓരോ എഴുത്തുകാരന്റെയും ജീവിതം. ഓരോരുത്തരും അവരവരുടെ മേഖലയില്‍ അര്‍ത്ഥവത്തായ ജനാധിപത്യ സംവേദനങ്ങള്‍ സൃഷ്ടിക്കുകയെന്നത് കാലം ആവശ്യപ്പെടുന്ന അനിവാര്യതയുമാണ്. എഴുത്തുകാര്‍ക്ക് നിര്‍ഭയമായി എഴുതാനുള്ള സാഹചര്യം ഒരുക്കാന്‍ പുകസ പോലുള്ള സംഘടനകള്‍ തയ്യാറാവണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss