|    Nov 21 Wed, 2018 5:18 pm
FLASH NEWS
Home   >  Kerala   >  

ശബരിമല: അടുത്ത മാസപൂജ മുതല്‍ തീര്‍ഥാടക വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രം

Published : 23rd August 2018 | Posted By: G.A.G

പത്തനംതിട്ട : വരുന്ന മാസപൂജ മുതല്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്കല്‍ വരെ മാത്രമേ വരാന്‍ അനുവദിക്കൂ. അവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി. ബസുകളോ ദേവസ്വം ബോര്‍ഡ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളോ അയ്യപ്പന്‍മാരെ പമ്പയില്‍ എത്തിക്കും.പമ്പയിലെ പരിസ്ഥിതിക്ക് പ്രളയത്തില്‍ ഉണ്ടായ കനത്ത ആഘാതത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു. അടുത്ത മാസപൂജയ്ക്ക് പമ്പ കടക്കുന്നതിന് താല്‍ക്കാലിക നടപ്പാലം ഉണ്ടാക്കുന്ന കാര്യം പരിഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും വെള്ളായാഴ്ച രാവിലെ പമ്പയില്‍ നടക്കുന്ന മന്ത്രിതലയോഗം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 10ന് പമ്പയില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി. തോമസ് എന്നിവര്‍ എത്തും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനോടും എത്താനാകുമോയെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് പദ്മകുമാര്‍ അറിയിച്ചു.

വര്‍ഷങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതാണ് വാഹനങ്ങള്‍ നിലയ്കല്‍ വരെയാക്കി പരിമിതപ്പെടുത്തണമെന്നത്.നിലയ്കല്‍ ഇടത്താവളം 250 ഏക്കര്‍ വിസ്തൃതിയുള്ളതാണ്. ഇവിടെ എല്ലാ വാഹനങ്ങളും എത്തി അയ്യപ്പന്‍മാര്‍ ഇറങ്ങി പൊതുവാഹനത്തില്‍ പമ്പയില്‍ എത്തിയാല്‍ ഗതാഗതക്കുരുക്ക് കുറയും. വനപ്രദേശത്തെ മലിനീകരണം ഒഴിവാക്കാം. പമ്പയില്‍ തിരക്കും വീര്‍പ്പുമുട്ടലും കുറയുമെന്നും വിലയിരുത്തലുണ്ട്.

പമ്പയില്‍ 50 മീറ്റര്‍ വരെ ഉയരത്തില്‍ മണ്ണ് വന്ന് അടിഞ്ഞിട്ടുണ്ട്. ത്രിവേണി പാലത്തിന് വലതു വശത്തുകൂടിയാണ് പമ്പ മറുകരയിലേക്ക് മാറി ഒഴുകുന്നത്.ഇവിടെ മണ്‍ചിറ ഇട്ട് പുഴയുടെ ഗതി പഴയത് പോലെ പാലത്തിന് അടിയിലൂടെ തന്നെയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്.താല്‍ക്കാലിക നടപ്പാലത്തിന് രണ്ട് ഭക്തന്‍മാര്‍ 50 ലക്ഷം രൂപയുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് ചെയ്യാന്‍ കഴിയുമോ എന്ന് വിവിധ വകുപ്പുകളുമായി സംസാരിച്ച് തീരുമാനിക്കും. ഇപ്പോള്‍ സന്നിധാനത്തുള്ള ആളുകള്‍ക്കും അവശ്യസാധനങ്ങളും മരുന്നും പൂജാസാധനങ്ങളും എത്തിക്കേണ്ടതുണ്ട്.

മാലിന്യ പ്ലാന്റ്

സന്നിധാനത്തെ നിര്‍ദ്ദിഷ്ട മാലിന്യ പ്ലാന്റ് സ്ഥലം മാറ്റും. പമ്പയില്‍ ഇനി മണല്‍പ്പുറത്ത് നിര്‍മ്മാണപ്രവര്‍ത്തനം ഉണ്ടാകില്ല. അപകട നിലയില്‍ ഉള്ള അന്നദാനമണ്ഡപം നീക്കും. മുഴുവനായോ ഭാഗികമായോ എന്ന് പരിശോധിച്ച് തീരുമാനിക്കും.ശൗചാലയ കുഴലുകള്‍ നന്നാക്കണം. ടാങ്ക് ചെളി കയറി ഉപയോഗശൂന്യമായി. ഇത് ശരിയാക്കും.അവലോകനയോഗത്തില്‍ എക്‌സിക്യൂട്ടിവ് എന്‍ജീനിയര്‍ ആര്‍. അജിത്ത് കുമാര്‍ സാങ്കേതിക കാര്യങ്ങള്‍ വിശദമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss