Flash News

ശബരിമല: അക്രമികളെ തിരഞ്ഞുപിടിച്ച് പോലിസ്; അറസ്റ്റിലായത് 2825 പേര്‍

ശബരിമല:  അക്രമികളെ തിരഞ്ഞുപിടിച്ച് പോലിസ്;  അറസ്റ്റിലായത് 2825 പേര്‍
X


തിരുവനന്തപുരം: ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരപരാധികള്‍ കുടുങ്ങാതിരിക്കാന്‍ പോലിസ് ജാഗ്രത പാലിക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കി. ഇതോടെ കലാപത്തിന് കോപ്പ് കൂട്ടിയവരേ മാത്രം ലക്ഷ്യം വച്ചാണ് പോലിസ് നീങ്ങുന്നത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു 2825 പേരാണ് ഇതുവരെ അറസ്റ്റിലായത്. 495 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കണക്ക് കൂടി പുറത്ത് വന്നു. ഇന്നലെ മാത്രം 764 പേരാണ് പിടിയിലായത്. ഏതാണ്ട് 1200 ഓളം പേരെ റിമാന്റ് ചെയ്തിരിക്കുന്നത്. നാമജപയാത്രയില്‍ പങ്കെടുത്ത, അക്രമ സംഭവങ്ങളില്‍ പങ്കാളികളാകാത്തവര്‍ക്ക് എതിരെ നടപടി ഇപ്പോള്‍ വേണ്ടെന്ന് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍, കാനനപാത എന്നിവിടങ്ങളില്‍ അക്രമം നടത്തുകയും സുപ്രീം കോടതി വിധി അട്ടിമറിച്ചു യുവതികളെ തടയാന്‍ ശ്രമിക്കുകയും ചെയ്‌തെന്നടക്കമുളള കേസുകളിലാണ് അറസ്റ്റ്.
ഹര്‍ത്താല്‍, വഴി തടയല്‍, കലാപം ഉണ്ടാക്കാനുളള ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളൊക്കെ ചുമത്തിയാണ് ഇവരില്‍ ചിലരെ റിമാന്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ സ്ത്രീകളുമുണ്ട്. നിരവധി വാഹനങ്ങളും മൊബൈല്‍ ഫോണുകളും പൊലിസ് ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. അയ്യായിരത്തോളം പേര്‍ക്കെതിരെ കേസെടുത്ത് നടപടിയെടുക്കാനാണ് പൊലിസ് തീരുമാനിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it