|    Dec 10 Mon, 2018 10:55 am
FLASH NEWS
Home   >  Kerala   >  

ശബരിമല : അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ ഉത്കണ്ഠ അറിയിച്ച് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

Published : 14th November 2018 | Posted By: G.A.G


തിരുവനന്തപുരം: ശബരിമല മണ്ഡല കാലം ആരംഭിക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കുമ്പോഴും പമ്പയിലും നിലയ്ക്കലും തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങളൊന്നും പൂര്‍ത്തിയാക്കാത്തതില്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
കഴിഞ്ഞ ദിവസം താന്‍ പമ്പയും നിലയ്ക്കലും സന്ദര്‍ശിച്ചപ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ട കാഴ്ചയാണ് കാണാനായതെന്ന് മുഖ്യമന്ത്രിക്കുള്ള കത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രളയം കാരണം താറുമാറായ അടിസ്ഥാന സൗകര്യങ്ങളൊന്നും പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ താഴെ പറയുന്ന കാര്യങ്ങളില്‍ അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

1. ശബരിമലയിലേക്കുള്ള പാതകളുടെ അറ്റകുറ്റപണികള്‍ ഇപ്പോഴും ഒച്ച് ഇഴയുന്ന വേഗത്തിലാണ് നടക്കുന്നത്. യഥാസമയം ബില്ലുകള്‍ മാറിനല്‍കാത്തതിനാല്‍ കരാറുകാര്‍ പല പണികളും ഏറ്റെടുക്കുന്നില്ലെന്നും പരാതിയുണ്ട്.
2. പുനലൂര്‍, മൂവാറ്റുപുഴ, മണ്ണാറകളഞ്ഞി, ചാലക്കയം റോഡുകളുടെ സ്ഥിതി ദയനീയമാണ്. ചാലക്കയം റൂട്ടില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
3. കാനനപാതകളിലും തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാണ്.
4. കാട് വെട്ടി തെളിക്കല്‍, പ്രഥമ ശുശ്രൂഷയ്ക്കുള്ള സൗകര്യങ്ങള്‍, കുടിവെള്ളം ലഭ്യമാക്കല്‍ ഇവയൊന്നും ഇതുവരെ പൂര്‍ത്തികരിച്ചിട്ടില്ല.
5. വലിയാനവട്ടം, ചെറിയാനവട്ടം ഭാഗം മണ്ണും ചെളിയും നിറഞ്ഞ് കിടക്കുകയാണ്. ഇത് പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല.
6. പമ്പയിലെ ശുദ്ധജല വിതരണം കാര്യക്ഷമമല്ല. പ്രളയത്തില്‍ തകര്‍ന്ന പൈപ്പ് ലൈനുകള്‍ പൂര്‍ണ്ണമായും മാറ്റി സ്ഥാപിച്ചിട്ടില്ല. പമ്പയില്‍ ആവശ്യാനുസരണം ജലം തടഞ്ഞ് നിര്‍ത്താന്‍ തടയണയുടെ നിര്‍മ്മാണം പോലും നടത്തിയിട്ടില്ല.
7. പമ്പാതീരം മണല്‍ചാക്ക് അടുക്കിയാണ് സംരക്ഷിച്ചിരിക്കുന്നത്. വലിയ മഴ പെയ്താല്‍ ഈ ചാക്ക് കെട്ടുകള്‍ നദിയിലേക്ക് പതിക്കും.
8. തീര്‍ത്ഥാടകര്‍ക്ക് സ്‌നാനം ചെയ്യുന്നതിനും അസൗകര്യങ്ങള്‍ നിലനില്‍ക്കുകയാണ്.
9. പമ്പയിലെ ആശുപത്രി കെട്ടിടം മൂന്ന് മാസമായിട്ടും പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടില്ല.
10. ദേവസ്വം അന്നദാനം,അരവണനിര്‍മ്മാണം ഇവയ്ക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പമ്പയില്‍ ഇപ്പോഴില്ല.
11. പമ്പയിലും സന്നിധാനത്തും പെയിന്റിംഗ് ജോലികള്‍ മാത്രമാണ് നടക്കുന്നത്.
12. സന്നിധാനത്ത് അന്നദാന മണ്ഡപത്തിന്റെ പണികള്‍ ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ്. പമ്പയില്‍ ഭക്തര്‍ക്ക് അന്നദാനത്തിനുള്ള സംവിദാനമോ ഹോട്ടല്‍ സൗകര്യങ്ങളോ ഇല്ല. കടകമ്പോളങ്ങളുടെ നിര്‍മ്മാണങ്ങളും തടയപ്പെട്ടിരിക്കുന്നു.
13. പമ്പയിലെ പുനനിര്‍മ്മാണത്തിനും, സുഗമമായ തീര്‍ത്ഥാടനത്തിനും സര്‍ക്കാരിന്റെ പൂര്‍ണ്ണ മേല്‍നോട്ടവും സാമ്പത്തിക സഹായവും നല്‍കണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ കടത്ത നിസംഗതയാണ് ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത്.
14. നിലക്കലില്‍ ബെയ്‌സ് ക്യാമ്പാക്കി നിര്‍മ്മാണങ്ങള്‍ നടത്തുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ നിലക്കലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണ്. പ്രാഥമിക സൗകര്യങ്ങള്‍ക്കും ശുദ്ധജല ലഭ്യതയ്ക്കും തടസ്സങ്ങളുണ്ട്.
15. കെഎസ്ആര്‍ടിസിയുടെ അമിത ചാര്‍ജും ഭക്ത ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
16. പ്രളയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും മന്ദഗതിയിലാണ്. പമ്പ സ്വിവേജ് പ്ലാന്റിന്റെ പണികള്‍ പൂര്‍ണ്ണതോതില്‍ സജ്ജമാകാത്തത് മാലിന്യ നീക്കത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്
17. വടശ്ശേരിക്കര മുതല്‍ പമ്പ വരേയും പ്രാഥമിക സൗകര്യങ്ങള്‍ക്കായി അയ്യപ്പ ഭക്തന്മാര്‍ ബുദ്ധിമുട്ട് നേരിടും.
18. പമ്പയിലും നിലക്കലിലും ആവശ്യത്തിന് ടോയിലറ്റ് സൗകര്യങ്ങളില്ലാത്തത് മനുഷ്യ വിസര്‍ജ്യങ്ങളുള്‍പ്പെടെ കുന്നുകൂടുന്നതിനും പകര്‍ച്ചവ്യാധികള്‍ പകരുന്നതിനും കാരണമാകും.
19. ശബരിമല ഇടത്താവളങ്ങളെല്ലാം തന്നെ പരിമിതമായ സൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. എരുമേലി, ചെങ്ങന്നൂര്‍, പന്തളം തുടങ്ങിയ പ്രധാന ഇടത്താവളങ്ങളില്‍ പ്രായോഗിക സമീപനത്തോടെയുള്ള സൗകര്യങ്ങള്‍ നടത്തിയിട്ടില്ല.
ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യങ്ങളില്‍ ക്രിയാത്മക നടപടികള്‍ സ്വീകരിച്ച് ശബരിമല തീര്‍ത്ഥാടനം സുഗമമാക്കി തീര്‍ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss