|    Nov 19 Mon, 2018 2:13 pm
FLASH NEWS
Home   >  Districts  >  Kannur  >  

ജയിലില്‍ നിന്നിറങ്ങിയ ശേഷവും മുഖ്യമന്ത്രിക്കു വധഭീഷണി: ആര്‍എസ്എസുകാരന്‍ വീണ്ടും അറസ്റ്റില്‍

Published : 2nd November 2018 | Posted By: basheer pamburuthi


കണ്ണൂര്‍: ജയിലില്‍ നിന്നിറങ്ങിയ ശേഷവും മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വീണ്ടും അറസ്റ്റില്‍. ചെറുതാഴം മണ്ടൂര്‍ ഹനുമാരമ്പലത്തിനു സമീപം താമസിച്ചിരുന്ന കൊവ്വല്‍ക്കളരിയിലെ പരത്തിഹൗസില്‍ വിജേഷ് ബാലനെ(35)യാണ് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തത്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലെ ഫോണിലേക്ക് വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്നും പി ജയരാജന്റെ കൈവെട്ടുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞമാസം സിപിഎം ഓഫിസിലെ മൂന്ന് ഫോണുകളിലേക്കും മാറിമാറി വിളിച്ചായിരുന്നു ഭീഷണി. തുടര്‍ന്ന് ഓഫിസ് സെക്രട്ടറി ശ്രീനിവാസന്‍ ടൗണ്‍ പോലിസില്‍ പരാതി നല്‍കി. കോഴിക്കോട് കൊളത്തൂപ്പുഴ ആശ്രമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന വിജേഷിനെ ഇവിടെ നിന്നാണ് പോലിസ് പിടികൂടിയത്. സമാനരീതിയില്‍ ഭീഷണിപ്പെടുത്തിയതിനു നേരത്തെയും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നാലുമാസം മുമ്പ് അറസ്റ്റിലായി റിമാന്‍ഡിലായ വിജേഷ് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ഭീഷണി മുഴക്കുകയായിരുന്നു. പയ്യന്നൂരില്‍ രണ്ടുകേസുകളില്‍ ഇയാള്‍ക്കെതിരെ വാറണ്ട് നിലവിലുണ്ട്. സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടിഐ മധുസൂദനനെ അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനും കേസുണ്ട്. വധഭീഷണി മുഴക്കിയതിനും അശ്ലീലവാക്കുകള്‍ ഉപയോഗിച്ച് ഭീഷണി മുഴക്കിയതിനുമാണ് കേസെടുത്തത്. ചെറിയതോതില്‍ മാനസികാസ്വാസ്ഥ്യമുണ്ടെന്നു േപാലിസ് പറയുന്ന വിജേഷ് അന്ധമായ സിപിഎം വിരോധിയാണെന്നും
മാതാപിതാക്കളുടെ മരണശേഷം കുറേക്കാലമായി കണ്ണൂരില്‍ വരാതെ പലയിടത്തുമായി കഴിയുകയാണെന്നും പറയുന്നു.
അതേസമയം, നിരന്തരം വധഭീഷണി മുഴക്കുന്ന വിജേഷ് ബാലന്‍ ആയുധ പരിശീലനത്തിലടക്കം പങ്കെടുത്ത സജീവ സംഘപരിവാര പ്രവര്‍ത്തകനാണെന്നു നേരത്തേ തെളിവുകള്‍ പുറത്തുവന്നിരുന്നു.
ചെറുതാഴം രാമപുരം ഹനുമാരമ്പലം സ്വദേശിയായ ഇയാള്‍ നാട്ടില്‍ ആര്‍എസ്എസ് ശാഖയില്‍ സജീവമായിരുന്ന ശേഷം നാടുവിട്ടു. തുടര്‍ന്ന് എറണാകുളം അടക്കമുള്ള സ്ഥലങ്ങളില്‍ ആര്‍എസ്എസില്‍ മുഴുനീള പ്രവര്‍ത്തകനായി തുടര്‍ന്ന ഇയാള്‍ പലയിടങ്ങളിലും സംഘടിപ്പിക്കുന്ന ആര്‍എസ്എസ് ക്യാംപുകളിലും പങ്കെടുത്തിരുന്നുവെന്നാണു വിവരം. 2017 ഡിസംബര്‍ 25 മുതല്‍ 2018 ജനുവരി ഒന്നു വരെ എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളില്‍ നടന്ന പ്രാഥമിക ശിക്ഷാ വര്‍ഗില്‍ വരെ പ ഇയാള്‍ പങ്കെടുത്തിരുന്നു. ക്യാംപിനു ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss