|    Dec 19 Wed, 2018 4:53 pm
FLASH NEWS
Home   >  Kerala   >  

ശബരിമല: കളം നിറഞ്ഞ് സംഘപരിവാരം; സൗകര്യമൊരുക്കി പോലിസ്

Published : 7th November 2018 | Posted By: sruthi srt

എച്ച് സുധീര്‍

ശബരിമല: ശബരിമലയില്‍ യുവതീപ്രവേശനം ആവാമെന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്നുള്ള സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷാക്രമീകരണം വിജയം കണ്ടില്ല. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട പോലിസ് ഒടുവില്‍ സംഘപരിവാരത്തിന്റെ സഹായവും തേടി. ഇതോടെ ഇന്നലെ ശബരിമല സന്നിധാനം പൂര്‍ണമായും ബിജെപി, സംഘപരിവാര പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലായി. ശബരിമല പൂര്‍ണ പോലിസ് നിയന്ത്രണത്തിലാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടതിനു പിന്നാലെയാണ് പ്രതിഷേധങ്ങളുടെ നിയന്ത്രണം ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ കൈയിലാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നത്. ഇന്നലെ രാവിലെ സംഘര്‍ഷമുണ്ടായപ്പോള്‍ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിക്ക് പോലിസ് സൗകര്യമൊരുക്കിയത് വിവാദമായിരുന്നു. പോലിസിന്റെ മെഗാഫോണിലൂടെ തില്ലങ്കേരി അണികളോട് ശാന്തരാവാന്‍ പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.


കമാന്‍ഡോകളടക്കം 300ഓളം വരുന്ന പോലിസ് സേനയെയാണ് ശബരിമലയില്‍ വിന്യസിച്ചത്. എന്നാല്‍, സന്നിധാനത്തും പമ്പയിലും പോലിസ് സമ്പൂര്‍ണ പരാജയമായിരുന്നു. നിരോധനാജ്ഞ ലംഘിച്ച് സംഘടിച്ച് അക്രമത്തിന് നേതൃത്വം നല്‍കുന്ന പ്രതിഷേധക്കാര്‍ക്കുമേല്‍ പോലിസിന് ഒരു നിയന്ത്രണവും ഉണ്ടായില്ല.

പോലിസിന്റെ മെഗാഫോണിലൂടെയുള്ള വല്‍സന്‍ തില്ലങ്കേരിയുടെ പ്രസംഗം

പ്രായപരിധിയിലുള്ളവരെ തടയാന്‍ വേണ്ടിയിട്ടുള്ള സംവിധാനം ഇവിടെയുണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. അതിന് ഇവിടെ പോലിസുണ്ട്. നമ്മുടെ വോളന്റിയര്‍മാരുണ്ട്. അവിടെ പമ്പ മുതല്‍ അതിനുള്ള സംവിധാനമുണ്ട്. അത് കടന്നിട്ട് ആര്‍ക്കും ഇങ്ങോട്ടു വരാന്‍ പറ്റില്ല. ആചാരലംഘനം തടയാനുള്ള സംവിധാനം ഇവിടെയുണ്ട്. എല്ലാവരെയും ആവശ്യമായി വരുന്ന സന്ദര്‍ഭം വരുകയാണെങ്കില്‍ എല്ലാവരെയും വിളിക്കും. അപ്പോള്‍ വന്നാല്‍ മതി. ഇങ്ങനെ ആവര്‍ത്തിച്ചുപറയുന്നത് നമുക്ക് മോശമാണ്. അതിന് ഇടയാക്കരുത്- വല്‍സന്‍ തില്ലേങ്കരി പറയുന്നു.

ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ സന്നിധാനത്തും സമീപപ്രദേശങ്ങളിലും ക്യാംപ് ചെയ്താണ് പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. നേതാക്കളുടെ നിര്‍ദേശപ്രകാരം വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരാണ് പമ്പ മുതല്‍ സന്നിധാനം വരെ നിലയുറപ്പിച്ചത്. ഇവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഈ പ്രതിഷേധം അതിരുവിട്ടതോടെ നിയന്ത്രണം നഷ്ടമായപ്പോഴാണ് പോലിസ് സംഘപരിവാര നേതാക്കളുടെ സഹായം തേടിയത്. തുടര്‍ന്നാണ് വല്‍സന്‍ തില്ലങ്കേരി പോലിസിന്റെ മെഗാഫോണിലൂടെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. പോലിസിന്റെ മൈക്കില്‍ സംസാരിച്ചതിനു പിന്നില്‍ ദുരുദ്ദേശ്യമില്ലെന്നും പ്രശ്‌നമുണ്ടായപ്പോള്‍ പരിഹരിക്കാനാണു ശ്രമിച്ചതെന്നുമാണ് ഈ വിഷയത്തില്‍ തില്ലേങ്കരിയുടെ പ്രതികരണം. സാധാരണ ചിത്തിര ആട്ടവിശേഷത്തിന് നടതുറക്കുമ്പോള്‍ ഉണ്ടാവുന്നതിനേക്കാള്‍ മൂന്നിരട്ടി ആളുകളാണ് ഇത്തവണ സന്നിധാനത്തെത്തിയത്. ഇതോടെ, പോലിസിന്റെ മുന്‍കരുതലുകളെല്ലാം പാളി. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. ദര്‍ശനം നടത്തിയവര്‍ സന്നിധാനത്തു നില്‍ക്കാതെ തിരികെ പോവണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ല. ഇത്തരം വിവാദങ്ങള്‍ക്കിടയിലും ശബരിമല പോലിസ് നിയന്ത്രണത്തിലാണെന്ന അവകാശവാദം മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
ചുരുക്കത്തില്‍, പഴുതടച്ച സുരക്ഷയൊരുക്കിയ പോലിസും അര്‍ധസൈനികരും കമാന്‍ഡോ സംഘവും വനിതാ പോലിസ് സേനയുമെല്ലാം സംഘപരിവാരത്തിനു മുന്നില്‍ നിസ്സഹായരായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss