|    Dec 19 Wed, 2018 1:15 pm
FLASH NEWS
Home   >  Kerala   >  

ശബരിമലയില്‍ വീട്ടമ്മക്ക് നേരെ കൊലവിളി നടത്തിയത് കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി

Published : 10th November 2018 | Posted By: afsal ph

മലപ്പുറം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിയായ 52കാരിക്ക് നേരെ കൊലവിളി നടത്തിയത് കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രതീഷ്. തിരൂര്‍ ആലത്തിയൂര്‍ വടക്കേപ്പാടം സ്വദേശി രതീഷ് എന്ന കുട്ടനാണ് ഭക്തക്കെതിരെ ‘അടിച്ചു കൊല്ലടാ അവളെ’ എന്ന് കൊലവിളി നടത്തിയത്. ശബരിമലയില്‍ അക്രമം നടത്തിയതിന് ഇയാള്‍ക്കെതിരേ പത്തനംതിട്ട പോലിസ് കേസെടുത്തിട്ടുണ്ട്.
ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ തിരൂര്‍ കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പതാംപ്രതിയാണ് രതീഷ്. ആര്‍.എസ്.എസുകാരാണ് ഫൈസലിനെ കൊലപ്പെടുത്തിയത്. ഈ കേസിലെ മുഖ്യപ്രതി ആലത്തിയൂര്‍ സ്വദേശി വിപിന് ഒളിത്താവളമൊരുക്കുകയും രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്ത കേസിലാണ് രതീഷ് പ്രതി ചെര്‍ക്കപ്പെട്ടതും അറസ്റ്റിലായതും. കേസില്‍ ജാമ്യത്തിലിറങ്ങിയ രതീഷ് ശബരിമലയില്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്ത അക്രമങ്ങളില്‍ പങ്കാളിയാകുകയായിരുന്നു. ശബരിമലയില്‍ അക്രമം നടത്തിയ പ്രതികളുടെ ആദ്യ ലിസ്റ്റില്‍തന്നെ രതീഷ് ഉള്‍പ്പെട്ടിട്ടുണ്ട്.
ശബരിമലയില്‍ കൊച്ചു മകന്റെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശിയായ ലളിതയെയാണ് ആര്‍എസ്എസ് അക്രമി സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. വലിയ നടപ്പന്തലില്‍ വച്ചായിരുന്നു ആക്രമണം. സന്നിധാനത്ത് വാക്കേറ്റവും തര്‍ക്കവുമുണ്ടായി. ‘അടിച്ചു കൊല്ലെടാ അവളെ’യെന്ന് ആക്രോശിച്ചാണ് സംഘ്പരിവാര്‍ അക്രമികള്‍ പാഞ്ഞടുത്തത്. പോലിസ് സംരക്ഷണ വലയം ഒരുക്കിയെങ്കിലും അക്രമികള്‍ ലളിതയെ ഉന്തുകയും തള്ളുകയും ചെയ്തു. ‘ആദ്യം അവര്‍ എന്റെ തലയ്ക്കടിച്ചു. പിന്നീട് ‘അഭിസാരിക’ എന്നും കേട്ടാലറയ്ക്കുന്ന മറ്റ് പദങ്ങളും വിളിച്ചു. ഒരു അയ്യപ്പഭക്തനും വിളിക്കാന്‍ പാടില്ലാത്ത തെറികളായിരുന്നു അത്’. ലളിത പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അത്രയും ആളുകള്‍ പെട്ടെന്ന് എങ്ങനെ സംഘടിച്ചെത്തിയതെന്ന് അറിയില്ല. ആധാര്‍ ചോദിച്ചപ്പോള്‍ മകന്‍ കാണിച്ചു. 52 വയസുണ്ടെന്ന് പൊലീസ് പറഞ്ഞിട്ടും കൂട്ടം കൂടിയവര്‍ ആക്രമണം തുടങ്ങിയിരുന്നു.
പൊലീസ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലും അവര്‍ തന്റെ മുടി ചുറ്റിപ്പിടിച്ച് വലിക്കുകയും അടിക്കുകയും ചെയ്തു. ഒരാള്‍ നാളികേരം കൊണ്ട് എറിഞ്ഞെങ്കിലും മാധ്യമപ്രവര്‍ത്തകന്റെ നെറ്റിയിലാണ് കൊണ്ടത്. ജീവനോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചതല്ല. ചോറൂണിന് കൊണ്ടുവന്നതാണെന്ന് പറഞ്ഞ മകന്റെ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞാണ് ആക്രമിച്ചത്. വിനീഷിനെ അടിച്ച് കാല്‍ ചവിട്ടിയൊടിച്ചു. അനുജത്തിയുടെ മകനെ മര്‍ദ്ദിച്ച് മുണ്ടും ഷര്‍ട്ടും വലിച്ചു കീറി. മുണ്ട് കൊടുത്ത് സഹായിക്കാന്‍ ശ്രമിച്ച ഭക്തനേയും അവര്‍ ആക്രമിച്ചു. വഴിപാടുകള്‍ക്ക് ശേഷമാണ് മകന് കുഞ്ഞുണ്ടായത്. ചോറൂണ് ശബരിമലയില്‍ നേര്‍ച്ചയായിരുന്നു. അതുകൊണ്ടാണ് പോയത്’ ലളിത പറഞ്ഞിരുന്നു.
കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലാണ് സംഘ്പരിവാര്‍ അക്രമികള്‍ ശബരിമലയില്‍ തമ്പടിച്ചത്. ഈ സംഘത്തിനൊപ്പമാണ് രതീഷും അക്രമ സംഭവങ്ങളില്‍ പങ്കാളിയായത്. വത്സന്‍ തില്ലങ്കേരി ആചാര ലംഘനം നടത്തി പതിനെട്ടാം പടിക്ക് മുകളില്‍ കയറിനിന്ന് അക്രമി സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss