Flash News

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കേരളത്തിലേക്ക്?; റയില്‍വേ രഹസ്യ സന്ദേശം പുറത്തായതില്‍ ദുരൂഹത

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കേരളത്തിലേക്ക്?; റയില്‍വേ രഹസ്യ സന്ദേശം പുറത്തായതില്‍ ദുരൂഹത
X

തിരുവനന്തപുരം: ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും മ്യാന്മറില്‍ നിന്നുളള റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ കേരളത്തിലേക്ക് പലായനം ചെയ്യാന്‍ സാധ്യതയുണ്ടെന്ന റയില്‍വേയുടെ രഹസ്യ സന്ദേശം പുറത്ത്. ചെന്നൈയിലെ ചീഫ് സെക്യുരിറ്റി കമ്മിഷണര്‍ കേരളത്തിലെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനും റെയില്‍വെ പോലിസിനും അതീവ രഹസ്യമായി അയച്ച സന്ദേശമാണ് പുറത്തായിരിക്കുന്നത്. റോഹിങ്ക്യകള്‍ പാലായനം ചെയ്യാന്‍ സാധ്യതയുള്ള കേരളത്തിലേയ്ക്കുള്ള 14 ട്രെയിനുകളുടെ പേരുകളടക്കമാണ് റെയില്‍വേ സന്ദേശം കൈമാറിയത്. കൂട്ടത്തോടെയാണ് റോഹിങ്ക്യകള്‍ വരുന്നതെന്നും സന്ദേശത്തിലുണ്ട്.
അതേസമയം, നിയമവിരുദ്ധമായി ഇത്തരത്തില്‍ പാലായനം ചെയ്യുന്നവരെ കണ്ടെത്താനുള്ള വഴിയാണ് രഹസ്യ സന്ദേശം പുറത്തായതിലൂടെ അടഞ്ഞിരിക്കുന്നത്. റോഹിങ്ക്യകള്‍ എന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ തടയാനും പോലിസ് നടപടികളിലേക്ക് നീങ്ങാനും സന്ദേശം പുറത്തായത് ഇടയാക്കും.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരേ ആള്‍ക്കൂട്ട ആക്രമങ്ങള്‍ക്കും സാധ്യതയുണ്ട്.
എന്നാല്‍ രഹസ്യ സന്ദേശം പുറത്തായത് അധികൃതര്‍ ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 'ഈ കത്ത് ആര്‍പിഎഫിന്റെ കേരളത്തിലെ മേധാവികള്‍ക്ക് അയച്ചതാണ്. ഇന്റലിജന്‍സ് വിഭാഗങ്ങള്‍ തമ്മിലുളള ആശയവിനിമയത്തിനാണ് കത്തയച്ചത്. എന്നാല്‍ ഏത് വിധേനയോ ഇത് പുറത്തായി. ആരാണ് പുറത്തുവിട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല'. പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെയുള്ള റെയില്‍വെയിലെ ഉദ്യോഗസ്ഥന്റെ പ്രതികരണമാണിത്. റെയില്‍വേ പോലിസിന്റെ മേധാവികള് തമ്മിലുള്ള രഹസ്യ ആശയ വിനിമയം പുറത്തായിട്ടും ആ നിലക്കുള്ള അന്വേഷണമൊന്നും നടക്കുന്നതായി വിവരമില്ല.
റെയില്‍വേയുടെ പേരിലുള്ള രഹസ്യ സന്ദേശങ്ങള്‍ ഇതിന് മുന്‍പും പുറത്തായിട്ടുണ്ട്. ശബരിമല ഭക്തരെ അക്രമിക്കാന്‍ ഐഎസ് പദ്ധതിയെന്ന പേരില്‍ നേരത്തെ റെയില്‍വേ പോലിസിന്റെ രഹസ്യ സന്ദേശം പുറത്തായിരുന്നു. സംഘ്പരിവാര്‍ കേന്ദ്രങ്ങളാണ് ഈ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സമൂഹത്തില്‍ ഭീതി പരത്തുന്ന ഇത്തരം വിവരങ്ങള്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിട്ടും ആ നിലക്കുള്ള അന്വേഷണങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
Next Story

RELATED STORIES

Share it