Flash News

റോഡ് നിര്‍മാണത്തിന് പുതിയ ജര്‍മന്‍ സാങ്കേതികവിദ്യയുമായി പൊതുമരാമത്ത് വകുപ്പ്

റോഡ് നിര്‍മാണത്തിന് പുതിയ ജര്‍മന്‍ സാങ്കേതികവിദ്യയുമായി പൊതുമരാമത്ത് വകുപ്പ്
X


തിരുവനന്തപുരം : നിര്‍മ്മാണ വസ്തുക്കളായ പാറ, മെറ്റല്‍ എന്നിവയ്ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ റോഡ് നിര്‍മാണത്തിന് പുതിയ ജര്‍മന്‍ സാങ്കേതികവിദ്യയുമായി പൊതുമരാമത്ത് വകുപ്പ്. നിലവിലുള്ള വസ്തുക്കള്‍ റീ സൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്ന രീതി അവലംബിക്കുന്നതുകൊണ്ട് പ്രകൃതി വിഭവങ്ങളുടെ ചൂഷണം പരമാവധി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള പേവ്‌മെന്റില്‍ സിമന്റും ഇറക്കുമതി ചെയ്ത പ്രത്യേകതരം പോളിമര്‍ മിശ്രിതവും നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് ജര്‍മന്‍ യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ച് നിലവിലുള്ള റോഡ് 30 സെ.മീ ആഴത്തില്‍ വെട്ടിയെടുക്കുകയും പിന്നീട് അത് കുഴച്ച് അതേ ഭാഗത്ത് തന്നെ ഇടുകയും ചെയ്യും. വിവിധ തരം റോളറുകള്‍ ഉപയോഗിച്ച് കോപാക്റ്റ് ചെയ്ത് റോഡു നിര്‍മ്മിക്കുന്ന രീതിയാണ് ഈ സാങ്കേതിക വിദ്യയില്‍ പ്രാവര്‍ത്തികമാക്കുന്നത്. ഇങ്ങനെ നിര്‍മ്മിക്കുന്ന റോഡിന്റെ മുകളില്‍ ഒരു ലെയര്‍ ബിറ്റുമിനസ് കോണ്ക്രീറ്റ് നല്‍കുന്നതോടെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകും. 'ഫുള്‍ ഡെപ്ത് റിക്ലമേഷന്‍ ബൈ സോയില്‍ സ്‌റ്റെബിലൈസേഷന്‍ വിത്ത് സിമെന്റ്' എന്ന ഈ നൂതന ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൈലറ്റ് പ്രോജക്റ്റായി കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന ആനയടി - പഴകുളം റോഡ് (5 കി.മീ) പ്രവൃത്തി പുരോഗമിച്ച് വരികയാണെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

പുതിയ രീതിയില്‍ നിര്‍മ്മാണ ചെലവ് നിലവിലെ നിര്‍മ്മാണ രീതിയേക്കാള്‍ കുറച്ച് അധികരിക്കുമെങ്കിലും നിര്‍മ്മാണ വസ്തുക്കള്‍ ലാഭിക്കുന്നതിലൂടെ ഉണ്ടാകുന്ന സാമൂഹികമായ ലാഭം വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ റോഡിന്റെ ബെയ്‌സ്, സബ് ബേയ്‌സ് എന്നിവ 15 വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു ദിവസം ഏകദേശം അരകിലോമീറ്ററോളം റോഡ് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നുള്ളതിനാല്‍ നിര്‍മ്മാണ സമയത്തിലും വലിയ തോതിലുള്ള ലാഭം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it