|    Dec 13 Thu, 2018 6:30 pm
FLASH NEWS
Home   >  Kerala   >  

ശബരിമലയിലെ ബ്രാഹ്മണ മേധാവിത്വം അവസാനിപ്പിക്കണം: ആദിവാസി അവകാശ പുനസ്ഥാപന സമിതി

Published : 12th November 2018 | Posted By: afsal ph

 

കൊച്ചി: ശബരിമലയിലെ ബ്രാഹ്മണ മേധാവിത്വം അവസാനിപ്പിക്കാന്‍ ബോധവല്‍ക്കരണം നടത്താനും ആദിവാസികളുടെ ആചാരങ്ങള്‍ പുനസ്ഥാപിക്കുന്നതിനുമായി റാലിയും കണ്‍വന്‍ഷനും സംഘടിപ്പിക്കാനും തീരുമാനിച്ചതായി ശബരിമല ആദിവാസി അവകാശ പുനസ്ഥാപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 16ന് എരുമേലിയില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ ചരിത്രകാരന്മാര്‍, ആര്‍ക്കിയോളജിസ്റ്റുകള്‍, വനാവകാശ നിയമവിദഗ്ധര്‍, നിയമജ്ഞന്മാര്‍ പങ്കെടുക്കും. ആദിവാസിമേഖലകളില്‍ നിന്ന് ശബരിമല ആചാര സംരക്ഷണ യാത്രകളും വില്ലുവണ്ടി യാത്രകളും പരിപാടിയുടെ ഭാഗമായി നടക്കും. പ്രഭാകരന്‍ കണ്ണാട് അധ്യക്ഷത വഹിക്കും. ശബരിമല കൂടാതെ കരിമല, പൊന്നമ്പലമേട്, നിലക്കല്‍ ആരാധനാ കേന്ദ്രങ്ങളിലും ആചാരലംഘനം നടന്നു വരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. തേനഭിഷേകം ചെയ്യാനുള്ള ആദിവാസികളുടെ അവകാശം റദ്ദാക്കല്‍, ഇരുമുടിക്കെട്ടില്ലാതെ ത്രന്തിയും ഇഷ്ടക്കാരും യഥേഷ്ടം പതിനെട്ടാംപടി കയറല്‍, 18 പടിയിലുമുള്ള ആചാരങ്ങള്‍ ലംഘിക്കല്‍, രുദ്രാക്ഷമാല ഒഴിവാക്കല്‍, ഭസ്മക്കുളത്തിലെ ആചാരങ്ങള്‍ ഒഴിവാക്കല്‍, പൊന്നമ്പലമേട്ടില്‍ ആദിവാസികള്‍ ആചരിച്ചു വന്നിരുന്ന ആഴിപൂജ റദ്ദാക്കല്‍, കൃഷ്ണശിലയിലുള്ള പതിനെട്ടാം പടി മറിച്ചിട്ട് സ്വര്‍ണ്ണം പൂശല്‍ എന്നിങ്ങനെ പരമ്പരാഗതമായ ആചാരങ്ങളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നതെന്നും ആദിവാസി ആചാരങ്ങള്‍ പുനസ്ഥാപിക്കുന്നതു വഴി മാത്രമെ അയ്യപ്പ സന്നിധിയില്‍ ശാന്തിയും സമാധാനവും പുനസ്ഥാപിക്കാനാവൂ എന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പ്രഭാകരന്‍ കണ്ണാട്, എം ഐ രവീന്ദ്രന്‍, എം ഗീതാനന്ദന്‍, പി ജി ജനാര്‍ദ്ദനന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss