|    Nov 19 Mon, 2018 12:33 pm
FLASH NEWS
Home   >  Sports  >  Football  >  

റൊണാള്‍ഡോ ഇല്ലാതെ കിരീടപ്പോരിനിറങ്ങാന്‍ റയല്‍

Published : 14th August 2018 | Posted By: jaleel mv


താലിന്‍ (എസ്റ്റോണിയ): സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയ ശേഷമുള്ള ആദ്യ കിരീടപ്പോരിന് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് നാളെ ഇറങ്ങുന്നു. യൂറോപ്പ ലീഗ് ചാംപ്യന്‍മാരായ അത്‌ലറ്റികോ മാഡ്രിഡുമായാണ് നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാക്കള്‍ അങ്കപ്പോരിനിറങ്ങുന്നത്. നാളെ രാത്രി 12.30 നാണ് മല്‍സരം. സോണി ടെന്‍ 2 വിലും സോണി ടെന്‍ 2 എച്ച് ഡിയിലും തല്‍സമയം കാണാം.
റോണോയുടെ അഭാവം പ്രകടിപ്പിക്കാതെ സൂപ്പര്‍ കപ്പ് കിരീടനേട്ടത്തോടെ സീസണിന് ഗംഭീര തുടക്കം കുറിക്കാനായി റയല്‍ ഇറങ്ങുമ്പോള്‍ പോരാട്ടവീര്യത്തോടെ കിരീടംസ്വന്തമാക്കാനുളള പുറപ്പാടിലാണ് അത്‌ലറ്റികോ. ആദ്യമായാണ് സൂപ്പര്‍ കപ്പില്‍ മാഡ്രിഡ് ഡര്‍ബി അരങ്ങേറുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ലിവര്‍പൂളിനെ 3-1ന് പരാജയപ്പെടുത്തിയാണ് റയലിന്റെ സൂപ്പര്‍ കപ്പ് ഒരുങ്ങുന്നതെങ്കില്‍ യൂറോപ്പ ലീഗില്‍ മാഴ്‌സെയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴ്‌പ്പെടുത്തി കിരീടം ചൂടിയ വമ്പോടെയാണ് അത്‌ലറ്റികോ കച്ച കെട്ടി ഇറങ്ങുന്നത്. അവസാനം നടന്ന രണ്ട് സൂപ്പര്‍ കപ്പും സ്വന്തമാക്കിയ റയലില്‍, കോച്ച് ജുലന്‍ ലോപെറ്റജുയി പരിശീലകനായെത്തിയ ശേഷമുള്ള ആദ്യ കിരീടപ്പോരാണിതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇന്ന് കൂടി സൂപ്പര്‍ കപ്പ കിരീടം നേടി ഹാട്രിക് കിരീടനേട്ടത്തോടെ ചരിത്രം കുറിക്കാനാണ് റയല്‍ ശ്രമിക്കുന്നത്. അതേസമയം, ഇത് മൂന്നാം തവണയാണ് അത്‌ലറ്റികോ മാഡ്രിഡ് യുവേഫ സൂപ്പര്‍ കപ്പിനായുള്ള പോരാട്ടത്തിനിറങ്ങുന്നത്. മുമ്പ് 2010ലും 2012ലുണ് അത്‌ലറ്റികോ കിരീടം ചൂടിയത്. മുമ്പ് യൂറോപ്യന്‍ മല്‍സരങ്ങളില്‍ ഇരുടീമും ഒമ്പത് തവണ പോരടിച്ചപ്പോള്‍ അഞ്ചിലും ജയിച്ച റയല്‍ മാഡ്രിഡിന് തന്നെയാണ് കിരീടസാധ്യത. ഇതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് അത്‌ലറ്റികോയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത്. രണ്ടെണ്ണം സമനിലയിലും കലാശിച്ചു. റൊണാള്‍ഡോ ടീം വിട്ടതിന് ശേഷം ബെയ്‌ലിന്റെ തോരോട്ടമാണ് റയലില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രീസീസണ്‍ ടൂര്‍ണമെന്റായ ചാംപ്യന്‍സ് കപ്പില്‍ താരം മികച്ച ഫോമിലുമായിരുന്നു. അതേസമയം, ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിച്ച പ്രമുഖരിലൊരാളായ അന്റോണിയോ ഗ്രീസ്മാനിലാണ് അത്‌ലറ്റികോ മുന്നേറ്റത്തിന്റെ താക്കോല്‍ നല്‍കിയിരിക്കുന്നത്. ഡീഗോ കോസ്റ്റയും അത്‌ലറ്റികോയുടെ മുന്നേറ്റത്തില്‍ ചുക്കാന്‍ വലിക്കാനിറങ്ങും. പ്രതിരോധത്തില്‍ പേരുകേട്ട റയല്‍ മാഡ്രിഡിനെ വെട്ടിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് താരങ്ങള്‍ക്ക് ഗോള്‍ കണ്ടെത്തണമെങ്കില്‍ കഠിന പോരാട്ടം പുറത്തെടുക്കേണ്ടി വരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss