|    Nov 19 Mon, 2018 7:10 am
FLASH NEWS
Home   >  National   >  

ആര്‍ബിഐയും കേന്ദ്രവും തമ്മിലെ തര്‍ക്കം: വരികള്‍ക്കിടയിലൂടെ വായിക്കാം ബിജെപി ഇന്ത്യന്‍ സമ്പദ്ഘടനയെ പതനത്തിലെത്തിച്ചത്.

Published : 1st November 2018 | Posted By: sruthi srt

റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പരസ്യവിഴുപ്പലക്കലായി മാറിയിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയെക്കുറിച്ചാണ് ഊഹാപോഹങ്ങള്‍ പടരുന്നത്. ആ പതനം സംഭവിച്ചാല്‍ അനന്തരഫലമെന്തെന്ന് റിസര്‍വ് ബാങ്കിന്റെ ഒരു ഡെപ്യൂട്ടി ഗവര്‍ണര്‍ വി ആചാര്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
2010ല്‍ അര്‍ജന്റീനയിലുണ്ടായ സമാനസംഭവമാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്. ന്ന്, അവിടത്തെ കേന്ദ്രബാങ്കിന്റെ റിസര്‍വില്‍ നിന്ന് 660 കോടി ഡോളര്‍ ലാഭവിഹിതമായി സര്‍ക്കാര്‍ ഏറ്റെടുത്തു. ബാങ്കിന്റെ റിസര്‍വ് ആവശ്യത്തിലധികമാണെന്നായിരുന്നു വാദം.


ഇതില്‍ പ്രതിഷേധിച്ച ഗവര്‍ണര്‍ക്ക് രാജിവെയ്‌ക്കേണ്ടി വന്നു. ഒരു മാസത്തിനുള്ളില്‍ അര്‍ജന്റീനിയന്‍ ബോണ്ടുകളുടെ മേലുള്ള ഇന്‍ഷ്വറന്‍സ് ചാര്‍ജ് 2.3 ശതമാനം ഉയര്‍ന്നു. അര്‍ജന്റീനിയന്‍ റിസര്‍വ് ബാങ്ക് സുരക്ഷിതമല്ലെന്നു പറഞ്ഞ് ന്യൂയോര്‍ക്കിലെ ബാങ്കിന്റെ അക്കൗണ്ടുകള്‍ ന്യൂയോര്‍ക്ക് കോടതി മരവിപ്പിക്കുകയും ചെയ്തതോടെ പ്രതിസന്ധി അതിരൂക്ഷമായി. വലിയൊരു ധനപ്രതിസന്ധിയിലേയ്ക്ക് അര്‍ജന്റീന വീണു.
ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ നടക്കുന്ന തര്‍ക്കവും ബാങ്കിന്റെ റിസര്‍വ് ഫണ്ടിനെച്ചൊല്ലിയാണ്. ഇത്രയും റിസര്‍വ് ഫണ്ടിന്റെ ആവശ്യമില്ലെന്ന വാദമുയര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ മുന്‍ ചീഫ് എക്കണോമിക് അഡൈ്വസര്‍ അരവിന്ദ് സുബ്രഹ്മണ്യം ആണ് തര്‍ക്കം തുടങ്ങിവെച്ചത്.
ആ നിലപാട് കേന്ദ്രസര്‍ക്കാരും അംഗീകരിച്ചതോടെ പ്രശ്‌നം മൂര്‍ച്ഛിച്ചു. റിസര്‍വ് ഫണ്ടിലൊരു ഭാഗം ലാഭവിഹിതമായി നല്‍കി കേന്ദ്രത്തിന്റെ ധനപ്രതിസന്ധി പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. നോട്ടുനിരോധനകാലത്ത് കെട്ടിപ്പൊക്കിയ മനക്കോട്ട തകര്‍ന്നതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഇതാണ് കേന്ദ്രം കണ്ട വഴി. തിരിച്ചുവരാത്ത നോട്ടുകളുടെ ബാധ്യതയില്‍ നിന്ന് റിസര്‍വ് ബാങ്ക് ഒഴിവാകുമെന്നും അത് ലാഭവിഹിതമായി ലഭിക്കുമെന്നും അതു ചെലവഴിച്ച് ദീവാളി കുളിക്കാമെന്നുമൊക്കെയായിരുന്നല്ലോ സ്വപ്‌നങ്ങള്‍. നോട്ടുകളെല്ലാം തിരിച്ചുവന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ ആവിയായിപ്പോയി. ആ ജാള്യത മാറണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം കൈയിട്ടു വാരണം. ഇതു നടക്കില്ല എന്നാണ് അര്‍ജന്റീനയുടെ അനുഭവം ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കിന്റെ തിരിച്ചടി.
ബാങ്കിന്റെ നിലപാട് സ്വാഭാവികമായും കേന്ദ്രധനമന്ത്രിയെ കുപിതനാക്കി. ആഗോളമാന്ദ്യകാലത്ത് റിസര്‍വ് ബാങ്ക് വാരിക്കോരി വായ്പകൊടുത്തതിന്റെ ഫലമായാണ് കിട്ടാക്കടം പെരുകിയത് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. രാഷ്ട്രീയ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വായ്പ നല്‍കിയതുകൊണ്ടാണ് ഈ അവസ്ഥയെന്നാണ് റിസര്‍വ് ബാങ്കിന്റെ മറുപടി. റിസര്‍വ് ബാങ്കിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇതുണ്ടാകുമായിരുന്നില്ല എന്നും കൂട്ടിച്ചേര്‍ക്കുന്നു. അതുകൊണ്ട് കിട്ടാക്കടം സംബന്ധിച്ച് കര്‍ശന നിലപാടിലാണ് റിസര്‍വ്ബാങ്ക്. ഇളവു നല്‍കണമെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാരും.
ഇതിനിടയ്ക്ക് പലിശനയം സംബന്ധിച്ചും റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും ഏറ്റുമുട്ടി. വിലക്കയറ്റം നാലു ശതമാനത്തില്‍ പിടിച്ചു നിര്‍ത്തുന്നതിന് നിയമം മൂലം തങ്ങള്‍ ഇപ്പോള്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അതുകൊണ്ട് അതുലക്ഷ്യം വെച്ചാണ് പലിശ നിരക്കു തീരുമാനിക്കുക എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. കേന്ദ്രസര്‍ക്കാരാകട്ടെ, തിരഞ്ഞെടുപ്പു പ്രമാണിച്ച് നിക്ഷേപം കൂടിയേ തീരൂവെന്നും അതുകൊണ്ട് പലിശ കുറയ്ക്കണമമെന്നും ആവശ്യപ്പെടുന്നു. വിലക്കയറ്റത്തിന്റെ അപകടം മുന്നില്‍ക്കാണുന്നതുകൊണ്ട് പലിശ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറുമല്ല.
വിലക്കയറ്റം നിയന്ത്രിക്കാന്‍ എണ്ണവില കുറയ്ക്കണം. അതിന് കേന്ദ്രം വര്‍ദ്ധിപ്പിച്ച എക്‌സൈസ് നികുതി കുറയ്ക്കണം. കേന്ദ്രമാകട്ടെ ഇതിനൊട്ടു തയ്യാറുമല്ല.റിസര്‍വ് ബാങ്കിനെ ചൊല്‍പ്പടിയ്ക്കു നിര്‍ത്താന്‍ ആര്‍എസ്എസ് നേതാവ് ഗുരുമൂര്‍ത്തിയെ ബാങ്കിന്റെ ബോര്‍ഡിലേയ്ക്ക് നിയോഗിച്ചു. ആദ്യമായാണ് റിസര്‍വ് ബാങ്കില്‍ ഇത്തരത്തില്‍ ഒരു രാഷ്ട്രീയനിയമനം ഉണ്ടാകുന്നത്. മാത്രമല്ല, ഇന്നിപ്പോള്‍ റിസര്‍വ് ബാങ്കാണ് ബാങ്കുകള്‍ തമ്മിലുള്ള പേമെന്റുകള്‍ നിയന്ത്രിക്കുന്നത്. ഇതൊരു സ്വതന്ത്ര റെഗുലേറ്ററിയെ ഏല്‍പ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. തങ്ങളുടെ സ്വതന്ത്രപ്രവര്‍ത്തനത്തിലുള്ള കൈകടത്തലായാണ് റിസര്‍വ് ബാങ്ക് ഇതിനെ കാണുന്നത്.
എന്താണ് സംഭവിക്കുക? ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കാനിടയില്ല. റിസര്‍വ് ബാങ്ക് കേന്ദ്രത്തെ വിരട്ടുകയാണ്. ഒരു അര്‍ജെന്റീനിയന്‍ പതനം ഇലക്ഷനു മുമ്പു പറ്റില്ലല്ലോ. ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന ഗുരുതരമായ അവസ്ഥാവിശേഷത്തിലേയ്ക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. അഞ്ചു വര്‍ഷത്തെ ബിജെപി ഭരണം സമ്പദ്ഘടനയെ ഈയൊരു പതനത്തിലെത്തിച്ചിരിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss