Flash News

ബ്രൂവറീസിന്റെ പിതൃത്വം എല്‍ഡിഎഫിന്; കോടികളുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല

ബ്രൂവറീസിന്റെ പിതൃത്വം എല്‍ഡിഎഫിന്; കോടികളുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല
X


ഹരിപ്പാട്: മലബാര്‍ ബ്രൂവറീസിന്റെ പിതൃത്വം എല്‍ഡിഎഫിനാണെന്ന് സംസ്ഥാനത്തു ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം കോടികളുടെ അഴിമതിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1998 ല്‍ നായനാര്‍ സര്‍ക്കാരാണു ബ്രൂവറീസിന് അനുമതി നല്‍കിയത്. ഒരിക്കല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ലൈസന്‍സ് നല്‍കുന്നതു നടപടിക്രമം മാത്രമാണ്. ലൈസന്‍സ് നല്‍കാനുള്ള തീരുമാനം മന്ത്രിസഭയുടേതല്ല, എക്‌സൈസ് കമ്മിഷണറുടേതാണ്.
സംസ്ഥാനത്ത് അതീവ രഹസ്യമായി മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതില്‍ കോടികളുടെ അഴിമതി നടന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ അഴിമതി സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രൂവറീസ് എ.കെ.ആന്റണിയുടെ കാലത്താണ് അനുവദിച്ചതെന്ന് പറയുന്ന എല്‍ഡിഎഫ് കണ്‍വീനറും മന്ത്രി ടി.പി.രാമകൃഷ്ണനും തെറ്റിദ്ധാരണ പരത്തുകയാണ്. 2003 ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ തൃശൂരില്‍ ചാലക്കുടിക്കടുത്ത് ഷാവാലസ് കമ്പനിയുടെ സബ്‌സിഡയറി കമ്പനിയായ മലബാര്‍ ബ്രൂവറീസിന് ബ്രൂവറി നടത്തുന്നതിനുള്ള ലൈസന്‍സ് നല്‍കിക്കൊണ്ടുള്ള ഉത്തരവാണത്.ഈ ലൈസന്‍സിന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നാണ് ഇപ്പോള്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ആവശ്യപ്പെടുന്നത്. യു.ഡി.എഫിന്റെ കാലത്തും ലൈസന്‍സ് നല്‍കി, അത് മറച്ചു വച്ചു കൊണ്ടാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്ന് പറഞ്ഞാണ് ഇടതു മുന്നണി കണ്‍വീനറും മന്ത്രിയും തുള്ളിച്ചാടുന്നത്. നായനാരുടെ കാലത്ത്, 98 ല്‍ കൊടുത്ത അനുമതി അനുസരിച്ചുള്ള ലൈസന്‍സാണ് ആന്റണിയുടെ കാലത്ത് 2003ല്‍ നല്‍കിയത്. അത് നല്‍കാന്‍ കമ്മീഷണര്‍ ബാദ്ധ്യസ്ഥനാണ്.
സംശുദ്ധമായ പൊതു ജീവിത്തതിനുടമയായ എ.കെ.ആന്റണിയെ അപമാനിക്കുകയാണ് ഇടതു മുന്നണി കണ്‍വീനറും മന്ത്രിയും ചെയ്തത്. ഇതിന് മന്ത്രിയും കണ്‍വീനറും മാപ്പു പറയണം.ചാരായം നിരോധിച്ച ആന്റണി ബ്രൂവറിക്ക് അനുമതി നല്‍കിയെന്ന് പറഞ്ഞാല്‍ അദ്ദേഹത്തെ അറിയാവുന്ന ഇന്ത്യയിലെ ആരെങ്കിലും വിശ്വസിക്കുമോ?.
കേരളത്തില്‍ ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും ഇനിമേല്‍ അനുമതി നല്‍കേണ്ടെന്ന 1999ലെ നായനാര്‍ സര്‍ക്കാരിന്റെ ഉത്തരവു ലംഘിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എങ്ങനെ ധൈര്യമുണ്ടായി?. മുന്നണിയും മന്ത്രിസഭയും നിയമസഭയും അറിയാതെ സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും ബ്രൂവറി നല്‍കാനാണു മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും ശ്രമിച്ചത്. ഇതു കയ്യോടെ പിടികൂടിയപ്പോള്‍ കിട്ടുന്ന കച്ചിത്തുരുമ്പിലെല്ലാം പിടിക്കാനാണു ശ്രമിക്കുന്നത്. ചെന്നിത്തല ആരോപിച്ചു.
ഞാന്‍ ഇന്നലെ ചോദിച്ച 10 ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ 48 മണിക്കൂറിനു ശേഷവും മന്ത്രിക്കു കഴിഞ്ഞില്ല. ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവ് അബദ്ധ പഞ്ചാംഗമാണ്. ബ്രൂവറിക്കായി കിന്‍ഫ്രയില്‍ 10 ഏക്കര്‍ അനുവദിച്ചെന്ന എക്‌സൈസ് മന്ത്രിയുടെ വിശദീകരണത്തിനെതിരെ മന്ത്രി ഇ.പി.ജയരാജന്‍ തന്നെ രംഗത്തെത്തി. രണ്ടു മന്ത്രിമാരില്‍ ആരു പറയുന്നതു ജനങ്ങള്‍ വിശ്വസിക്കണമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ബ്രൂവറികളും ഡിസ്റ്റിലറികളും രഹസ്യമായി അനുവദിച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ എന്ന് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it