|    Nov 19 Mon, 2018 10:31 am
FLASH NEWS
Home   >  Kerala   >  

റാഫേല്‍ അഴിമതിയില്‍നിന്നും തലയൂരാന്‍ ബിജെപി സിബിഐയെ തകര്‍ക്കുന്നു: രമേശ് ചെന്നിത്തല

Published : 25th October 2018 | Posted By: afsal ph

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സിബിഐയുടെ വിശ്വാസ്യത തകര്‍ക്കാനും അതുവഴി തങ്ങളുടെ ചൊല്‍പ്പടിക്ക് കൊണ്ടുവരാനുമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കമാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെയും സെപ്ഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെയെയും ഒറ്റ രാത്രി കൊണ്ട് നീക്കിയതിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെയും, കൈക്കൂലി കേസില്‍ ആരോപണ വിധേയനായ സ്പഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെയെയും ഒറ്റ രാത്രികൊണ്ട് തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും, അതോടൊപ്പം പതിമൂന്ന് ഉന്നത ഉദ്യേഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്ത നടപടി ഞെട്ടിപ്പിക്കുന്നതാണ്. ഇതു സിബിഐയെ പരിപൂര്‍ണമായി തകര്‍ക്കും. റാഫേല്‍ യുദ്ധ വിമാന ഇടപാടില്‍ ബിജെപി സര്‍ക്കാര്‍ നടത്തിയ കള്ളക്കളികളെയും വന്‍ അഴിമതിയെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സിബിഐ ഡയറക്ടര്‍ അലോക വര്‍മ്മയുടെ പക്കല്‍ ഉണ്ടായിരുന്നത് കേന്ദ്ര സര്‍ക്കാരിനെ ഭയപ്പെടുത്തിയിരുന്നു എന്നാണറിയുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ അലോക് വര്‍മ്മയെ പുകച്ച് പുറത്ത് ചാടിക്കാന്‍ തക്കം പാര്‍ത്തിരുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് കൈക്കൂലി കേസുമായി ബന്ധപ്പെട്ടു സെപ്ഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ എടുത്ത നടപടി ഒരായുധമായി മാറുകയായിരുന്നു.
ഭരണഘടനാവരുദ്ധമായ ഒരട്ടിമറിയാണ് കേന്ദ്ര സര്‍ക്കാര്‍ സി ബി ഐ യില്‍ നടത്തിയത്. ചില രാജ്യങ്ങളില്‍ പട്ടാളം അധികാരം പിടിച്ചെടുക്കുന്നത് പോലെ അര്‍ധരാത്രിയിലെ അട്ടിമറിയിലൂടെ സി ബി ഐ യെ കേന്ദ്ര സര്‍ക്കാര്‍ കൈപ്പിടിയില്‍ ഒതുക്കിക്കൊണ്ട് തങ്ങള്‍ക്കിഷ്ടമുളളവരെ പ്രതിഷ്ഠിക്കാന്‍ വേണ്ടി നടത്തിയ നീക്കമായിരുന്നു അത്. അതിനെതിരെ സി ബി ഐ ഡയറക്ടര്‍ക്ക് സുപ്രിം കോടതിയെ സമീപിക്കേണ്ടി വന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവേചന ശൂന്യമായ നടപടിക്കെതിരെ രാജ്യത്തെ ഏറ്റവും സീനിയറായ ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യേഗസ്ഥന് സുപ്രിം കോടതിയെ സമീപിക്കേണ്ടി വരിക എന്നതും ആദ്യത്തെ സംഭവമാണ്. റാഫേല്‍ കേസില്‍ ബി ജെ പി നടത്തിയ അഴിമതികളുടെ വിവരങ്ങള്‍ സി ബി ഐ ശേഖരിച്ചത് കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ധത്തിലാക്കിയിരുന്നു. നിരവധി സുപ്രധാനമായ കേസുകളുടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ സി ബി ഐ യുടെ പക്കലുണ്ടെന്നാതാണ് ഇത്തരമൊരു സംഭവവികാസത്തിലേക്ക് നയിച്ചതെന്ന് അലോക് വര്‍മ്മ സുപ്രിം കോടതിയില്‍ നല്‍കിയ പെറ്റീഷനില്‍ പറയുന്നുണ്ട്. റാഫേല്‍ അഴിമതി പുറത്താകുമോ എന്ന ഭയമാണ് സി ബി ഐക്കെതിരെ സര്‍ജ്ജിക്കല്‍ സ്‌െ്രെടക്ക് നടത്താന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാവുകയാണ്.
രാജ്യത്തെ ഏറ്റവും ഉന്നതമായ കുറ്റാന്വേണ ഏജന്‍സിയായ സി ബി ഐ യെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിലൂടെ ഒരു കാര്യം വ്യക്തമാവുകയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ ഈ അഞ്ച് വര്‍ഷം കൊണ്ട് ചെയ്ത് കൂട്ടിയിട്ടുണ്ട്. അവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാ സി ബി ഐ യുടെ കയ്യില്‍ ഇരിക്കുന്നത് അവരെ ഭയപ്പെടുത്തുന്നുണ്ട്. ഭരണം നഷ്ടപ്പെടുന്ന നിമിഷം തങ്ങള്‍ എല്ലാവരും ജയിലില്‍ പോകേണ്ടി വരുമെന്ന ഭീതിയാണ് മോദിയടക്കമുള്ള ബി ജെ പി നേതൃത്വത്തിനുള്ളത്. അത് കൊണ്ട് തങ്ങളുടെ അഴിമതിയെയും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും സംബന്ധിക്കുന്ന ഒരു വിവരങ്ങളും പുറത്ത് വരരുത് എന്ന് അവര്‍ ആഗ്രഹിക്കുന്നു. നിലവിലെ ഡയറക്ടറെ മാറ്റി താരതമ്യേന ജൂനിയറായ ഒരു ഉദ്യേഗസ്ഥന് സി ബി ഐ ഡയറക്ടറുടെ ചുമതല കൊടുക്കുന്നതോടെ തങ്ങള്‍ക്കെതിരായി സി ബി ഐ യുടെ കയ്യിലിക്കുന്ന വിവരങ്ങള്‍ കുഴിച്ചുമൂടാമെന്നാണ് ബി ജെ പി കരുതുന്നത്. കോണ്‍ഗ്രസും മറ്റു ജനാധിപത്യ മതേതര കക്ഷികളും അത് ഒരിക്കലും അനുവദിക്കാന്‍ പോകുന്നില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss