|    Nov 21 Wed, 2018 5:05 am
FLASH NEWS

അടങ്ങാതെ മഴ ; ഉരുള്‍പൊട്ടല്‍, 26മരണം; ഇടുക്കിയില്‍ റെഡ് അലര്‍ട്ട്

Published : 9th August 2018 | Posted By: G.A.G

തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വന്‍നാശം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും അടക്കമുള്ള കെടുതികളില്‍പ്പെട്ട് 26 പേര്‍ മരിച്ചു. ഇടുക്കി അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട് )പുറപ്പെടുവിച്ചു.

കനത്ത മഴയെ തുടര്‍ന്നു അടിമാലിയിലും അടിമാലി, കൊരങ്ങാട്ടി എന്നിവിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. അടിമാലിമൂന്നാര്‍ ദേശീയപാതയ്ക്ക് സമീപം പുത്തന്‍ കുന്നേല്‍ ഹസന്‍ കോയയുടെ കുടുംബത്തിലെ അഞ്ച് പേരാണ് പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചത്. ഹസന്‍ കോയ ഉള്‍പ്പെടെ ഏഴ് പേരാണ് മണ്ണിനടില്‍ അകപ്പെട്ടത്. നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഹസന്‍ കോയയെയും ബന്ധു സൈനുദ്ദീനെയും രക്ഷപ്പെടുത്തി. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹസന്‍ കോയയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, മുജീബിന്റെ ഭാര്യ ഷെമീനയും മക്കളായ ദിയ, നിയ എന്നിവരാണ് മരിച്ചത്.


അടിമാലിയിലെ ആദിവാസി കോളനിയായ കൊരങ്ങാട്ടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടിനു മുകളില്‍ മണ്ണ് വീണ് രണ്ട് പേര്‍ മരിച്ചു. മോഹന്‍, ഭാര്യ ശോഭന എന്നിവരാണ് മരിച്ചത്. മഴക്കെടുതിയില്‍ ഇടുക്കിയില്‍ ഇന്നു മരിച്ചത് 11 പേരാണ്.

നിലമ്പൂരിന് സമീപം ചെട്ടിയംപാറയില്‍ ഉരുള്‍പ്പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ചെട്ടിയംപാറ കോളനി സ്വദേശി കുഞ്ഞി, മരുമകള്‍ ഗീത, മക്കളായ നവനീത്? (നാല്), നിവേദ് (മൂന്ന്), ബന്ധു മിഥുന്‍ എന്നിവരാണ് മരിച്ചത്. ഗീതയുടെ ഭര്‍ത്താവ് സുബ്രഹ്മണ്യന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. വീട്ടിന് മുകളില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
കാളികാവ്, നിലമ്പൂര്‍, കരുവാരകുണ്ട് മേഖലകളിലും ഉരുള്‍പൊട്ടലുണ്ടായി.
നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു . നിലമ്പൂര്‍ റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കടലുണ്ടി, ചാലിയാര്‍ പുഴകള്‍ കരകവിഞ്ഞൊഴുകയാണ്. ചാലിയാറിന് കുറുകെയുള്ള അരീക്കോട് മൂര്‍ക്കനാട് ഇരുമ്പു നടപ്പാലം ഒലിച്ച് പോയി.

കോഴിക്കോട്ട് മട്ടിമല, പൂവാറും തോട്, മുട്ടത്തുംപുഴ, പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍ കുണ്ട്, ചെമ്പുകടവ് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ പുതുപ്പാടി മട്ടിക്കുന്നില്‍ ഒഴുക്കില്‍പെട്ട യുവാവ് മരിച്ചു. മട്ടികുന്ന് പരപ്പന്‍പാറ മാധവിയുടെ മകന്‍ റിജിത്താ(25)ണ് മരിച്ചത്. റോഡില്‍ നിര്‍ത്തിയിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കി എടുക്കാനുള്ള ശ്രമത്തില്‍ റിജിത്തും കാറും ഒഴുക്കില്‍പ്പെടുകയായിരുന്നു. പുതുപ്പാടി, തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലായി ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു. ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മട്ടിക്കുന്ന് എടുത്തവെച്ചകല്ല് വനഭൂമിയില്‍ ആദ്യം ചെറിയ തരത്തില്‍ ഉരുള്‍പൊട്ടലുണ്ടായത്. പിന്നീട് രാത്രി പതിനൊന്ന് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലാണ് പ്രദേശത്ത് നാശം വിതച്ചത്.
പകല്‍ 11.30 ഓടെ മണല്‍വയല്‍ വള്ള്യാട് നിന്നാണ് മൃതശരീരം കിട്ടിയത്. പുതുപ്പാടി പഞ്ചായത്തിലെ മൈലള്ളാംപാറ സെന്റ് ജോസഫ് സ്‌കൂള്‍, മണല്‍വയല്‍ എകെടിഎം സ്‌കൂള്‍, തിരുവമ്പാടി പഞ്ചായത്തിലെ സെന്റ് ജോസഫ് സ്‌കൂള്‍, കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചത്. മൈലള്ളാംപാറയില്‍ 28 കുടുംബങ്ങളിലായി 112 പേരും മണല്‍വയല്‍ എകെടിഎം സ്‌കൂളില്‍ 24 കുടുംബങ്ങളിലായി 78 പേരുമാണുള്ളത്. 12 കുടുംബങ്ങളിലെ 40 പേര്‍ തിരുവമ്പാടിയിലും മഞ്ഞക്കടവില്‍ 25 പേരുമാണ് ക്യാംപുകളില്‍ കഴിയുന്നത്. താമരശ്ശേരി, പാല്‍ച്ചുരം, കുറ്റിയാടി ചുരങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടി. ദുരന്തനിവാരണ സേനയുടെ സംഘം എത്തിയിട്ടുണ്ട്.

വയനാട്ടിലെ പലയിടത്തും മണ്ണിടിച്ചിലുണ്ടായി.വൈത്തിരിയില്‍ മണ്ണിടിച്ചിലില്‍ വീട്ടമ്മ മരിച്ചു. ലക്ഷം വീട് കോളനിയില്‍ തോളിഅലത്തറ ജോര്‍ജിന്റെ ഭാര്യ ലില്ലി(62)യാണ് മരിച്ചത്.
മാനന്തവാടി തലപ്പുഴ മക്കിമലയില്‍ ഉരുള്‍പ്പൊട്ടി രണ്ട് പേര്‍ മരിച്ചു. മക്കിമല മംഗലശ്ശേരി റാസക്ക്, ഭാര്യ സീനത്ത് എന്നിവരാണ് മരിച്ചത്. താമരശ്ശേരി, കുറ്റിയാടി, പാല്‍ച്ചുരങ്ങളില്‍ മണ്ണിടിഞ്ഞു വീണു. താമരശ്ശേരി ചുരത്തില്‍ അഞ്ചിടങ്ങളില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss