|    Oct 17 Wed, 2018 5:33 pm
FLASH NEWS
Home   >  Kerala   >  

ദുരിത പെയ്തില്‍ വിറച്ച് കേരളം (ഫോട്ടോ സ്‌റ്റോറി)

Published : 9th August 2018 | Posted By: afsal ph

തിമിര്‍ത്തു പെയ്ത മഴയില്‍ വ്യാപകമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മല വെള്ളപ്പാച്ചില്‍ കനത്ത ദുരിതമാണ് മലയോര മേഖലയില്‍ സൃഷ്ടിച്ചത്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഇന്ന് 26 പേര്‍ മരിച്ചു. ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് അപകടത്തില്‍ മരിച്ചത്. ഇടുക്കിയില്‍ ഇന്നലെ മുതല്‍ ആരംഭിച്ച ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 13 പേരാണ് മരിച്ചത്.

അടിമാലിയില്‍ ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയ ബൈക്കുകള്‍

അടിമാലി സര്‍ക്കാര്‍ സ്‌കൂളിന് സമീപം എട്ടുമുറിക്ക് അടുത്ത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മണ്ണിടിഞ്ഞു. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മുജീബ്, ഷമീന, ഫാത്തിമ, ദിയ, നിയ എന്നിവരാണ് അടിമാലിയില്‍ മരിച്ചത്. മുരിക്കാശ്ശേരി രാജപുരത്ത് ഉരുള്‍പ്പൊട്ടി കരിക്കുളത്ത് മീനാക്ഷി മക്കളായ രാജന്‍ , ഉഷ എന്നിവരും കീരിത്തോട് പെരിയാര്‍വാലിയില്‍ കൂട്ടക്കുന്നേല്‍ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരും മരിച്ചു.

അടിമാലിയില്‍ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന കാര്‍

കൊരങ്ങാട്ടിയില്‍ ആദിവാസി കുടിയിലേക്ക് മണ്ണിടിഞ്ഞ് മോഹനനും ഭാര്യ ശോഭയും മരിച്ചു. കൊന്നത്തടി പഞ്ചായത്തില്‍ കുരിശ്‌പൊത്തിയില്‍ ഉരുള്‍പ്പൊട്ടി ഒരാള്‍ മരിച്ചു.


കനത്ത മഴയില്‍ മഞ്ചേരി-അരീക്കോട് റോഡ് വെള്ളത്തില്‍ മുങ്ങിയപ്പോള്‍

മലപ്പുറം നിലമ്പൂരിനടുത്ത് ചാലിയാറിലെ ചെട്ടിയന്‍പാറയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീട് ഒലിച്ചുപോയുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. പറമ്പാടന്‍ സുബ്രമണ്യന്റെ ഭാര്യ ഗീത, അമ്മ കുഞ്ഞി മക്കളായ നവനീത്, നിവേദ് ,മിഥുന്‍ എന്നിവരാണ് മരിച്ചത്. സുബ്രഹ്മണ്യനായി തെരച്ചില്‍ തുടരുകയാണ്. കൊടുമുണ്ട റെയില്‍വേ ഗേറ്റിന് സമീപം മീന്‍ പിടിക്കാനിറങ്ങിയ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.


രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍

നിലമ്പൂര്‍ ടൗണ്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയാണ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി അബ്ദുസ്സലാം ആണ് മരിച്ചത്. വയനാട് വൈത്തിരിയിലും മക്കിമലയിലും ഉരുള്‍പ്പൊട്ടി മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് മട്ടിക്കുന്നില്‍ ഉരുള്‍പ്പൊട്ടി മട്ടിക്കുന്ന സ്വദേശി രജിത്ത് മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും സഹായം ജില്ലാ ഭരണകൂടം തേടിയിട്ടുണ്ട്.

വെള്ളക്കെട്ടിലായ നിലമ്പൂര്‍ ടൗണ്‍

 

സംസ്ഥാനത്തെ 22 ഡാമുകളും തുറന്നതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
നിലവില്‍ ഇതുവരെ കാണാത്ത ദുരന്തമാണ് വയനാട്ടില്‍ ദൃശ്യമായത്. നാല്‍പതോളം സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു. 56 ദുരിതാശ്വാസ ക്യാംപുകളിലായി നാലായിരത്തോളം പേരാണ് കഴിയുന്നത്. താമരശ്ശേരി ചുരത്തിലെ പലയിടങ്ങളിലും മണ്ണിടിഞ്ഞതോടെ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. നാലിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി.
പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ വെള്ളക്കെട്ടിലായി. ആലുവ മണപ്പുറം വെള്ളത്തിനടിയിലായിരിക്കുകയാണ്. ആതിരപ്പിള്ളിയില്‍ വെള്ളച്ചാട്ടം ശക്തമായതോടെ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചാര്‍പ്പ വെള്ളച്ചാട്ടം പാലത്തിന് മുകളിലൂടെ ഒഴുകന്ന അവസ്ഥയാണ്. ഇതോടെ ആതിരപ്പള്ളി-വാല്‍പ്പാറ റൂട്ടിലൂടെയുള്ള ഗതാഗതവും നിരോധിച്ചു.


അടിവാരം കണ്ണപ്പംകുണ്ട് പ്രദേശത്ത് ഉരുള്‍പൊട്ടി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്‍ഡിആര്‍എഫ് സേനാംഗങ്ങള്‍

അടിവാരം കണ്ണപ്പംകുണ്ട് പ്രദേശത്ത് ഉരുള്‍പൊട്ടി ദുരന്തംവിതച്ചു. പുഴയില്‍ മണ്ണ് നിറഞ്ഞതോടെ ജനവാസ പ്രദേശങ്ങളിക്ക് വെള്ളം കുത്തിയൊലിച്ചു. എന്‍ഡിആര്‍എഫിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss