|    Sep 26 Wed, 2018 8:15 am
FLASH NEWS
Home   >  Kerala   >  

പ്രളയം വികസന പ്രക്രിയയെ തകിടംമറിച്ചെന്ന് മുഖ്യമന്ത്രി

Published : 30th August 2018 | Posted By: sruthi srt

കോഴിക്കോട്: പ്രളയത്തെതുടര്‍ന്ന് വീടുകള്‍ക്കും പശ്ചാത്തല സൗകര്യങ്ങള്‍ക്കും ഉണ്ടായിട്ടുള്ള കെടുതി സംസ്ഥാനത്തിന്റെ വികസന പ്രക്രിയയെ തന്നെ തകിടംമറിക്കുന്ന വിധത്തില്‍ വന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകള്‍ക്കുണ്ടായ തകര്‍ച്ച,ഗൃഹോപകരണങ്ങളുടെ നഷ്ടം,കാര്‍ഷികനഷ്ടം,വളര്‍ത്തുമൃഗങ്ങളുടെ നഷ്ടം,ജീവനോപാധികളുടെ നഷ്ടങ്ങള്‍,വ്യാപാരമടക്കമുള്ള സ്ഥാപനങ്ങളുടെ തകര്‍ച്ച,വിദ്യാലയങ്ങളും ആശുപത്രികളും സര്‍ക്കാര്‍ ഓഫീസുകളും ഉള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ നഷ്ടം,പാരിസ്ഥിതികമായ മാറ്റങ്ങള്‍ ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം ഏറെ വലുതാണ്. ടൂറിസം പോലുള്ള മേഖലയ്ക്കും ഇത് തിരിച്ചടിയായിട്ടുണ്ട്.

പ്രാഥമികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ വാര്‍ഷിക പദ്ധതിയേക്കാള്‍ കൂടിയ തോതിലുള്ള നഷ്ടം നമുക്ക് ഉണ്ടായി എന്നതാണ്.ഏതൊരു ദുരന്തത്തെയും അതിജീവിക്കുന്നതിന് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യ ഘട്ടമായ രക്ഷാപ്രവര്‍ത്തനം അവസാനിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടമായ പുനരധിവാസവം നടന്നുകൊണ്ടിരിക്കുകയാണ്. അത് വിജയകരമായി പൂര്‍ത്തിയാക്കുന്നതിനുള്ള ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുന്നു.പുനര്‍നിര്‍മ്മാണമെന്ന എറ്റവും പ്രധാനപ്പെട്ട കടമ ഇനി നമുക്ക് ഏറ്റെടുക്കാനുണ്ട്. അത് ഏത് വിധത്തിലാകണമെന്നത് പുതിയ കേരള സൃഷ്ടിയെക്കൂടി അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. അതിനുതകുന്ന ക്രിയാത്മകമായ ചര്‍ച്ചകള്‍ ഇവിടെ ഉയര്‍ന്നുവരേണ്ടതുണ്ട്. അതിന് വേണ്ടി കൂടിയാണ് ഇത്തരമൊരു പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തത്. ഇവിടെ നിലനില്‍ക്കുന്ന മാനവികതയും അതിന്റെ അടിത്തറയില്‍ രൂപപ്പെട്ടുവന്ന ഐക്യവുമാണ് ഇത്തരമൊരു മഹാദുരന്തത്തെ മറികടക്കുന്നതിനുള്ള നമ്മുടെ കരുത്ത്. ലോകത്തെമ്പാടുമുള്ള ജനത ഇതുമായി ഐക്യപ്പെട്ടുനില്‍ക്കുന്നതിന് പ്രചോദനമായി നില്‍ക്കുന്ന സുപ്രധാനമായ ഘടകങ്ങളിലൊന്ന് ഒറ്റക്കെട്ടായുള്ള നമ്മുടെ സമീപനമാണ്. അതിനെ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനും നാട് നേരിടുന്ന ഈ പ്രതിസന്ധിയെ മറികടക്കുവാനുള്ള ക്രിയാത്മകമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ഇവിടെ ഉണ്ടാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.ദുരന്തഘട്ടത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചവരാണ് ഈ സഭയിലെ അംഗങ്ങള്‍. അതിന് കക്ഷിഭേദമുണ്ടായിരുന്നില്ല. രക്ഷാ പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചണിനിരന്നു. അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രക്ഷാപ്രവര്‍ത്തനഘട്ടത്തില്‍ സര്‍ക്കാരിന് ഏറെ സഹായകമായിരുന്നു. പുതിയ കേരളത്തിന്റെ സൃഷ്ടിക്കായുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനും ഇത്തരത്തിലുള്ള ക്രിയാത്മകമായ ഇടപെടലാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss