|    Nov 13 Tue, 2018 7:56 am
FLASH NEWS
Home   >  Kerala   >  

വെള്ളപ്പൊക്കം : വീടുകളില്‍ തിരികെയെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published : 13th August 2018 | Posted By: sruthi srt

കോഴിക്കോട്: പുഴവെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിച്ചിരുന്നവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ കേരള മിഷന്‍ അറിയിച്ചു. വെള്ളം കയറിയിറങ്ങിയതിനെത്തുടര്‍ന്ന് കക്കൂസുകളില്‍ നിന്നുള്ള മാലിന്യങ്ങളുള്‍പ്പെടെ കാനകളും തോടുകളും കവിഞ്ഞൊഴുകിയിരിക്കുന്നതിനാല്‍ കുടിവെള്ള സ്രോതസ്സുകളും വീടും പരിസരവും മലിനമായിരിക്കും. ഇത് വയറിളക്കരോഗങ്ങള്‍, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ പടര്‍ന്നുപിടിക്കുന്നതിന് ഇടയാക്കുമെന്നതിനാല്‍ താഴെ പറയുന്ന മുന്‍കരുതല്‍ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.

1. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ വീടുകളും, സ്ഥാപനങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം അണുനശീകരണി ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.

2. വെള്ളക്കെട്ട് മൂലം മലിനപ്പെട്ട കിണറുകളും, കുടിവെള്ള ടാങ്കുകളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക.

3. കക്കൂസ് ടാങ്കിന്റെ കേടുപാടുകള്‍ പരിശോധിച്ച് അത് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും , കേടുപാടുകള്‍ ഉണ്ടെങ്കില്‍ റിപ്പയര്‍ ചെയ്യേണ്ടതുമാണ്. ശുചിമുറിയും പരിസരവും വൃത്തിയാക്കിയിട്ടു വേണം ഉപയോഗിക്കുവാന്‍.

4. കൈ കാലുകളില്‍ മുറിവുള്ളവര്‍ ഡോക്ടറെ കണ്ട് ഉപദേശം തേടിയതിനു ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക .

5. മലിനജലത്തില്‍ ജോലി ചെയ്യേണ്ട സാഹചര്യത്തില്‍ വ്യക്തിഗത സുരക്ഷാ ഉപാധികള്‍ ( ഗംബൂട്ട്, കയ്യുറ, തുടങ്ങിയവ ) നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്.
6. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വീടുകളില്‍ തുറന്ന നിലയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റും ഏലി മൂത്രത്താല്‍ മലിനമായിരിക്കുവാന്‍ ഇടയുള്ളതിനാല്‍ അവ ഉപയോഗിക്കരുത്.

7. പാകം ചെയ്യുവാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ തുടങ്ങിയ വസ്തുക്കള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്തതിന് ശേഷം ഉപയോഗിക്കുക.

8. വീട് വൃത്തിയാക്കുമ്പോള്‍ പാഴ്വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.

9. ഈച്ച ശല്യം ഒഴിവാക്കുന്നതിനായി ഭക്ഷണാവശിഷ്ടങ്ങള്‍ പുറത്തേക്ക് വലിച്ചെറിയാതിരിക്കാന്‍ ശ്രെദ്ധിക്കുക.

10. ഭക്ഷണസാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക.

11. ചുറ്റുപാടും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുവാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക.

12. വീടിനു പുറത്ത് ഇറങ്ങുമ്പോഴെല്ലാം നിര്‍ബന്ധമായും ചെരുപ്പ് ഉപയോഗിക്കുക.

13. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

14. ആഹാരം കഴിക്കുന്നതിനു മുന്‍പും, ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുന്‍പും, ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

15. വൈറല്‍ പനി, എച്ച് 1 എന്‍ 1, മുതലായ പകര്‍ച്ചവ്യാധികള്‍ തടയുവാന്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്‌ക്കേണ്ടതാണ്.

16. തുറസ്സായ സ്ഥലങ്ങളില്‍ തുപ്പുകയോ മലമൂത്ര വിസര്‍ജ്ജനം നടത്തുകയോ ചെയ്യരുത്.

17. പനിയോ, മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാല്‍ സ്വയം ചികില്‍സിക്കാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്‌

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss