|    Sep 26 Wed, 2018 2:26 pm
FLASH NEWS
Home   >  National   >  

പറ്റിപ്പോയ പിഴവല്ല, നോട്ടു നിരോധനം മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതി- രാഹുല്‍

Published : 30th August 2018 | Posted By: G.A.G

ന്യൂഡല്‍ഹി: നോട്ടു നിരോധനം മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതിയായിരുന്നെന്നും ഇത് സര്‍ക്കാരിന് സംഭവിച്ച പിഴവായിരുന്നില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 520 കോടി രൂപ വിലയുള്ള എയര്‍ക്രാഫ്റ്റ് 1600 കോടിക്ക് വാങ്ങിയതെന്തിനാണെന്നും റഫേല്‍ വിമാന ഇടപാടിനെ പരാമര്‍ശിച്ച്് രാഹുല്‍ ചോദിച്ചു. റാഫേല്‍ അഴിമതി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
കള്ളപ്പണവും കള്ളനോട്ടും തീവ്രവാദികള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായവും അവസാനിപ്പിക്കുമെന്നാണ് മോദി രാജ്യത്തിന് വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍ ഈ മൂന്ന് മേഖലകളിലും നോട്ട് അസാധുവാക്കല്‍ നീക്കം പരാജയപ്പെട്ടുവെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നോട്ട് നിരോധനത്തിന്റെ പേരില്‍ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറയേണ്ടതുണ്ടോയെന്ന ചോദ്യത്തിന് തെറ്റ് സംഭവിച്ചാലാണ് മാപ്പ് പറയുകയെന്നും നോട്ടുനിരോധനം മനപ്പൂര്‍വ്വം നടത്തിയ അഴിമതിയായിരുന്നെന്നുമാണ് രാഹുല്‍ മറുപടി പറഞ്ഞത്. മോദിയുടെ അടുപ്പക്കാരായ വ്യവസായികളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ നോട്ട് നിരോധനം കൊണ്ടു കഴിഞ്ഞു. അമിത് ഷാ ഡയറക്ടറായ ഗുജറാത്തിലെ ഒരു സഹകരണ ബാങ്ക് 700 കോടി രൂപയാണ് നോട്ടു നിരോധനത്തിന് ശേഷം വെളുപ്പിച്ചെടുത്തത്. സാധാരണക്കാരന്റെ കയ്യിലുള്ള പണം കവര്‍ന്ന് സുഹൃത്തുക്കളായ വ്യവസായികള്‍ക്ക് നല്‍കുകയാണ് മോദി ചെയ്തതെന്നും രാഹുല്‍ പറഞ്ഞു. അസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്ന ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss