|    Nov 19 Mon, 2018 2:36 am
FLASH NEWS
Home   >  Kerala   >  

രഹനയുമായി ബന്ധമില്ലെന്ന സുരേന്ദ്രന്റെ വാദം പൊളിയുന്നു; പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Published : 19th October 2018 | Posted By: afsal ph


കോഴിക്കോട്: ശബരിമല ദര്‍ശനത്തിനെത്തി വിവാദം സൃഷ്ടിച്ച യുക്തിവാദി ആക്ടിവിസ്റ്റ് രഹന ഫാത്തിമയുമായി ബന്ധമില്ലെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വാദം പൊളിച്ചടക്കി സോഷ്യല്‍ മീഡിയ. കെ സുരേന്ദ്രന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റും തൃശൂരില്‍ നടന്ന ഒരു പരിപാടിയില്‍ രഹന ഫാത്തിമക്കൊപ്പം പങ്കെടുത്തതും കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. രഹന ഫാത്തിമയെ ടാഗ് ചെയ്തുകൊണ്ട് രണ്ട് വര്‍ഷം മുന്‍പ് സുരേന്ദ്രനിട്ട പോസ്റ്റാണ് ഇപ്പോള്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്. രഹ്‌നക്കൊപ്പം മറ്റ് 30 പേരെ കൂടി ടാഗ് ചെയ്താണ് സുരേന്ദ്രന്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റ് ഇട്ടത്. 2016 സെപ്റ്റംബര്‍ 2 നായിരുന്നു പോസ്റ്റ്. ‘ശബരിമലയില്‍ എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നും എല്ലാ ദിവസവും ദര്‍ശന സൗകര്യം വേണമെന്നും ചിലര്‍ അഭിപ്രായം പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ഭക്തജനങ്ങള്‍ക്കിടയില്‍ ഒരു ചര്‍ച്ച നടക്കുന്നതില്‍ വേവലാതി വേണ്ടെന്നാണ് എനിക്ക് തോന്നുന്നത്’. ശബരിമലയിലെ ദൈനംദിന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അവകാശം ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ ഇല്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ പോസ്റ്റ്. ഈ പോസ്റ്റിലാണ് കെ സുരേന്ദ്രന്‍ രഹന ഫാത്തിമയെ ടാഗ് ചെയ്തിരിക്കുന്നത്.
ആര്‍ത്തവവും ‘ശബരിമല സ്ത്രീ പ്രവേശനവും’ എന്ന വിഷയത്തില്‍ തൃശൂര്‍ ടാഗോര്‍ ഹാളില്‍ നടന്ന സംവാദത്തിലും ഇരുവരും പങ്കെടുത്തതായും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. പരിപാടിയുടെ പോസ്റ്ററും നിരവധി പേര്‍ ഇതോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കെ സുരേന്ദ്രന്‍ ഇതെല്ലാം വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തി. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രഹന ഫാത്തിമക്ക് ശബരിമലയില്‍ എന്താണ് കാര്യമെന്നും ചോദിക്കുകയാണ് സുരേന്ദ്രന്‍. സുരേന്ദ്രന്റെ ഈ നിലപാടിനെയാണ് ഇക്കൂട്ടര്‍ വിമര്‍ശിക്കുന്നത്.
ഇന്ന് രാവിലെയാണ് ഹൈദരാബാദ് സ്വദേശിയായ ടെലിവഷന്‍ റിപ്പോര്‍ട്ടര്‍ കവിതയും എറണാകുളം സ്വദേശിയായ രഹന ഫാത്തിമയും ശബരിമല ദര്‍ശനത്തിനായി പൊലീസിന്റെ സുരക്ഷയോടു കൂടി മല ചവിട്ടിയത്. വാര്‍ത്ത പുറത്തുവന്നതോടെ ഒരു സംഘമാളുകള്‍ രഹനയുടെ വീട് ആക്രമിച്ചു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഇരുവരും മലയിറങ്ങിയത്.
പൊലിസ് നല്‍കിയ ഹെല്‍മറ്റും സുരക്ഷാജാക്കറ്റും ധരിച്ചാണ് രഹന ഫാത്തിമയും കവിതയും രാവിലെ മലചവിട്ടിയത്. പോലിസ് ഒരുക്കിയ കനത്ത സുരക്ഷയില്‍ സന്നിധാനത്തെ നടപ്പന്തല്‍ വരെ ഇരുവരുമെത്തി. നടപ്പന്തലിലേക്ക് കടന്നതോടെ ഭക്തര്‍ പ്രതിഷേധവുമായെത്തി. പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ കുത്തിയിരുന്ന് ശരണംവിളിച്ചു. ഇതോടെ ഐജി ഡിജിപിയുമായും ദേവസ്വംമന്ത്രിയുമായും ഫോണില്‍ ബന്ധപ്പെട്ടു. തൊട്ടുപിന്നാലെ ദേവസ്വമന്ത്രി തിരുവനന്തപുരത്ത് നിലപാട് വ്യക്തമാക്കി. ആക്ടിവിസ്റ്റുകള്‍ക്ക് ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം പൊലീസിന് വീഴ്ചയുണ്ടായെന്നും അദ്ദേഹം സൂചിപ്പിച്ചു. തുടര്‍ന്ന് ഐജിയുടെ നേതൃത്വത്തില്‍ രഹന ഫാത്തിമയേയും കവിതയേയും വനംവകുപ്പ് ഐബിയിലേക്ക് മാറ്റി. സ്‌ഫോടനാത്മകമായ സ്ഥിതിയാണെന്ന് ബോധ്യപ്പെടുത്തിയതോടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയാല്‍ മടങ്ങിപ്പോകാമെന്ന് യുവതികള്‍ അറിയിച്ചു. അഞ്ചുമണിക്കൂര്‍ നീണ്ട സംഘര്‍ഷാന്തരീക്ഷത്തിനൊടുവില്‍ പോലിസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇരുവരും മടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss