|    Dec 14 Fri, 2018 8:19 am
FLASH NEWS
Home   >  National   >  

മോദിക്കെതിരേ കുരുക്ക് മുറുകുന്നു; റഫേലില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്നത് നിര്‍ബന്ധിത വ്യവസ്ഥ

Published : 11th October 2018 | Posted By: mtp rafeek

ന്യൂഡല്‍ഹി/പാരിസ്: റഫേല്‍ യുദ്ധ വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുരുക്കായി പുതിയ വെളിപ്പെടുത്തല്‍. റഫേലില്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയാക്കല്‍ നിര്‍ബന്ധിത വ്യവസ്ഥയായിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ട് വെളിപ്പെടുത്തി. റഫേല്‍ വിമാന നിര്‍മാണക്കമ്പനിയായ ഡാസോ ഏവിയേഷന്റെ ആഭ്യന്തര രേഖകള്‍ ഉദ്ധരിച്ചാണു വെളിപ്പെടുത്തല്‍.

അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ റഫേലില്‍ അഴിമതി നടന്നതിന് പുതിയ സൂചനകള്‍ പുറത്തുവരുന്നത് ബിജെപിക്ക് വലിയ തലവേദനയായി മാറും. പൊതു തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ റഫേല്‍ പ്രചാരണ ആയുധമാക്കി മുന്നേറുന്ന കോണ്‍ഗ്രസിന് വെളിപ്പെടുത്തല്‍ കൂടുതല്‍ കരുത്ത് പകരുകയും ചെയ്യും.

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ത്രിദിന സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്കു പോകുന്നതിനു തൊട്ടുമുമ്പാണു വിവരം പുറത്തായത്. 58,000 കോടി രൂപയ്ക്ക് 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാനാണു ഫ്രാന്‍സുമായി ഇന്ത്യ കരാറൊപ്പിട്ടത്. റഫേല്‍ ഇടപാടു ലഭിക്കണമെങ്കില്‍ റിലയന്‍സ് ഡിഫന്‍സിനെ ഇന്ത്യന്‍ പങ്കാളിയായി പരിഗണിക്കണമെന്നതു ‘നിര്‍ബന്ധിതവും അടിയന്തരവുമായ’ വ്യവസ്ഥയായി ഉള്‍പ്പെടുത്തിയിരുന്നു എന്നാണു മീഡിയപാര്‍ട്ട് പറയുന്നത്. റഫേല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോടു സുപ്രീംകോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

മേക്ക ഇന്‍ ഇന്ത്യ നയത്തിന്റെ ഭാഗമായി ഡാസോ ഏവിയേഷനാണ് ഇന്ത്യയിലെ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ഡാസോ സിഇഒ എറിക് ട്രാപ്പിയര്‍ നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍, റഫേലില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്‍ നിര്‍ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഹൊളാന്‍ദ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. നേരത്തേ ഇത് നിഷേധിച്ച് രംഗത്തെത്തിയ കേന്ദ്രസര്‍ക്കാരിനെ പുതിയ വെളിപ്പെടുത്തല്‍ കൂടുതല്‍ പ്രതിരോധത്തിലാക്കും.

യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനില്‍ നിന്നു വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നിട്ടിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ഉള്‍പ്പെടെ യുദ്ധവിമാന നിര്‍മാണത്തില്‍ പരിചയമുള്ള പൊതുമേഖലാ കമ്പനികളെ തഴഞ്ഞാണ് റിലയന്‍സിന് അവസരം നല്‍കിയത്. റഷ്യയുമായി കഴിഞ്ഞ ദിവസമുണ്ടാക്കിയ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിനുള്ള കരാറിലും റിലയന്‍സിന് പങ്കുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

അതേ സമയം, റഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അസത്യവുമാണെന്നാണ് റിലയന്‍സിന്റെ പ്രതികരണം. ഇന്ത്യന്‍ സര്‍ക്കാരും ഫ്രഞ്ച് സര്‍ക്കാരും തമ്മിലാണു കരാറുണ്ടാക്കിയിട്ടുള്ളത്. 36 റഫേല്‍ വിമാനങ്ങളാണു പൂര്‍ണമായി നിര്‍മിച്ച് ഫ്രഞ്ച് കമ്പനി ഇന്ത്യയ്ക്കു നല്‍കുന്നത് എന്നതിനാല്‍ അത്രയും വിമാനങ്ങളുടെ നിര്‍മാണത്തിന് ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സിനെയോ മറ്റേതെങ്കിലും കമ്പനിയേയോ ചുമതലപ്പെടുത്തേണ്ട കാര്യമില്ലെന്നും റിലയന്‍സ് അവകാശപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss