|    Dec 11 Tue, 2018 12:18 pm
FLASH NEWS
Home   >  News now   >  

ഖത്തര്‍ ഒപെകില്‍ നിന്ന് പിന്മാറുന്നു

Published : 3rd December 2018 | Posted By: G.A.G

ദോഹ : എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍നിന്ന് ഖത്തര്‍ പിന്മാറുന്നു. ഖത്തര്‍ ഊര്‍ജ്ജമന്ത്രി സഅദ് ശെരിദ അല്‍കഅബിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിസംബര്‍ ആറിന് നടക്കുന്ന ഒപെക് രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. എണ്ണ വിതരണ രംഗത്തുള്ള 15 രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്നും ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം പിന്മാറുന്നത്. 1961ലാണ് ഖത്തര്‍ ഒപെകില്‍ ചേര്‍ന്നത്.
രാജ്യത്തിന്റെ പ്രകൃതി വാതക ഉത്പാദനം വികസിപ്പിക്കുന്നതിനു വേണ്ടിയാണ് ഒപെകില്‍ നിന്നും പിന്‍മാറുന്നതെന്ന് സഅദ് ശെരിദ അല്‍കഅബി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിവര്‍ഷം 77 മില്യണ്‍ ടണ്ണ് ഉല്‍പാദനം 110 മില്യണ്‍ ടണ്‍ ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
സൗദിയക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഖത്തറിന്റെ പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ആഗോളതലത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന എണ്ണയുടെ 30 ശതമാനവും ഖത്തറില്‍ നിന്നുള്ളതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ദ്രവ പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന രാജ്യവുമാണ് ഖത്തര്‍. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ഒപെക്കില്‍ നിന്ന് പുറത്തു കടന്ന് സ്വന്തം നയങ്ങള്‍ക്കനുസൃതമായി എണ്ണഉല്‍പാദനം നടത്താനുള്ള ഖത്തറിന്റെ നീക്കം ആശങ്കകളോടെയാണ് പല രാജ്യങ്ങളും കാണുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss