|    Aug 17 Fri, 2018 5:18 pm
FLASH NEWS
Home   >  News now   >  

കലാശക്കളിയില്‍ വീണ്ടും കാലിടറി സിന്ധു

Published : 5th August 2018 | Posted By: mtp rafeek

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ വീണ്ടും ഇന്ത്യക്ക് നിരാശ. പി വി സിന്ധുവിന് ഒരിക്കല്‍ക്കൂടി ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അടിതെറ്റി. വനിതാ സിംഗിള്‍സ് ഫൈനലില്‍ മുന്‍ ചാംപ്യന്‍ സ്‌പെയിനിന്റെ കരോലിന മരിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോറ്റത്. സ്‌കോര്‍: 21-19, 21-10

ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടുന്നത്. കഴിഞ്ഞ തവണ ജപ്പാന്റെ നൊസോമി ഒകുഹരയോടായിരുന്നു സിന്ധുവിന്റെ ഫൈനലിലെ തോല്‍വി.

ഒളിംപിക് ഫൈനലില്‍ സിന്ധുവിനെ മുട്ടുകുത്തിച്ച കരോലിനയോട് മധുരപ്രതികാരം ലക്ഷ്യമിട്ടാണ് സിന്ധു ഇറങ്ങിയതെങ്കിലും നിരാശയായിരുന്നു ഫലം. ആദ്യത്തെ ഗെയിമില്‍ തുടക്കം മുതല്‍ ലീഡ് നേടിയ സിന്ധു അവസാന മിനിറ്റുകളിലാണ് അടിയറവ് പറഞ്ഞത്. എന്നാല്‍, രണ്ടാം ഗെയിമില്‍ മികച്ച പ്രകടനം പുറത്തെടുത്ത കരോലിനയ്ക്ക് മുന്നില്‍ സിന്ധുവിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. സെമിയില്‍ ജപ്പാന്റെ അകാനെ യമഗൂച്ചിയെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം.

ചൈനയുടെ ബിംഗ്ജിയാവോയെ ആണ് കരോലിന സെമിയില്‍ തോല്‍പ്പിച്ചത്. ആദ്യ ഗെയിം നഷ്ടമായ ശേഷം ഉജ്ജ്വല തിരിച്ച് വരവായിരുന്നു കരോലിന്റേത്. സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ തോല്‍പ്പിച്ച ജപ്പാന്റെ നൊസോമി ഒകുഹാരയെ സിന്ധു ക്വാര്‍ട്ടറില്‍ മറി കടന്നിരുന്നു.

കരോലിനയുടെ മൂന്നാമത്തെ ലോക കിരീടമാണിത്. 2014ല്‍ കോപ്പന്‍ഹേഗനിലും 2015ല്‍ ജക്കാര്‍ത്തയിലുമാണ് കരോലിന ഇതിന് മുന്‍പ് ലോക കിരീടം നേടിയത്. 2015ല്‍ ഇന്ത്യയുടെ സൈന നേവാളിനെ മറികടന്നായിരുന്നു കരോലിന സ്വര്‍ണം നേടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss